ETV Bharat / sports

'ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍'; പ്രഥമ ടി20 ലോകകപ്പ് മധുരത്തിന് 15 വയസ്

author img

By

Published : Sep 24, 2022, 4:27 PM IST

ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയായിരുന്നു പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കലാശപ്പോരിന് ഇറങ്ങിയത്. പാക് ഇന്നിങ്‌സിലെ അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച മിസ്‌ബ ഉള്‍ ഹഖ്‌ മലയാളി താരം എസ് ശ്രീശാന്തിന്‍റെ കൈകളിലൊതുങ്ങി. ഇതോടെ പ്രഥമ ടി20 ലോകകപ്പ് കിരീടം എംഎസ്‌ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ നിര ദക്ഷിണാഫ്രിക്കയില്‍ നിന്നും കടല്‍ കടത്തി.

robin uthappa  15 years of India s T20 World Cup win  T20 World Cup  ms dhoni  yuvraj singh  s sreesanth  ടി20 ലോകകപ്പ്  ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് 15 വയസ്  എംഎസ്‌ ധോണി  എസ്‌ ശ്രീശാന്ത്  യുവ്‌രാജ് സിങ്  മിസ്‌ബ ഉള്‍ ഹഖ്‌  Misbah ul Haq
'ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍'; പ്രഥമ ടി20 ലോകകപ്പ് മധുരത്തിന് 15 വയസ്

ഹൈദരാബാദ് : വീണ്ടുമൊരു ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഉണരുകയാണ് ക്രിക്കറ്റ് ലോകം. 2007ല്‍ അരങ്ങേറിയ പ്രഥമ പതിപ്പില്‍ തന്നെ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരാവാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സെപ്‌റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ അന്ന് കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ ഈ നേട്ടത്തിന് ഇന്ന് 15 വയസ് പൂര്‍ത്തിയാവുകയാണ്.

എംഎസ്‌ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ സംഘത്തിന് അന്ന് കാര്യമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നതാണ് വാസ്‌തവം. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങി നിരവധി പ്രമുഖരില്ലാതെയാണ് ഇന്ത്യ അന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. എന്നാല്‍ വമ്പന്‍ എതിരാളികളെയെല്ലാം കടപുഴക്കിയുള്ള സംഘത്തിന്‍റെ വിജയം ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഗതി മാറ്റിയ പ്രധാന നേട്ടങ്ങളില്‍ ഒന്നായി മാറുകയും ചെയ്‌തു.

robin uthappa  15 years of India s T20 World Cup win  T20 World Cup  ms dhoni  yuvraj singh  s sreesanth  ടി20 ലോകകപ്പ്  ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് 15 വയസ്  എംഎസ്‌ ധോണി  എസ്‌ ശ്രീശാന്ത്  യുവ്‌രാജ് സിങ്  മിസ്‌ബ ഉള്‍ ഹഖ്‌  Misbah ul Haq
ടി20 ലോകകപ്പ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍

ചരിത്രം മറക്കാത്ത ബോള്‍ഔട്ട് വിജയം : ചിരവൈരികളായ പാകിസ്ഥാനെതിരായ വിജയത്തിലൂടെയാണ് ഇന്ത്യ ടൂര്‍ണമെന്‍റ് ആരംഭിച്ചത്. സമനിലയിലായ മത്സരത്തില്‍ ബോൾഔട്ടിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 141 റണ്‍സാണ് നേടിയത്.

ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ്, യുവരാജ് സിങ്‌ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌ത്തി മുഹമ്മദ് ആസിഫാണ് ഇന്ത്യയ്‌ക്ക് നാശം വിതച്ചത്. തുടര്‍ന്നെത്തിയ റോബിൻ ഉത്തപ്പയുടെ നിശ്ചയദാർഢ്യത്തോടെയുള്ള അർധസെഞ്ച്വറിയും ധോണിയുടെയും ഇർഫാൻ പഠാന്‍റെയും മികച്ച പ്രകടനവുമാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.

മറുപടിക്കിറങ്ങിയ പാകിസ്ഥാനും നിശ്ചിത ഓവറില്‍ എത്തിപ്പിടിക്കാനായത് 141 റണ്‍സ്. ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ മിസ്‌ബാ ഉള്‍ ഹഖ് റണ്‍ ഔട്ട് ആയതാണ് പാക് വിജയത്തിന് തിരിച്ചടിയായത്. തുടര്‍ന്ന് ബോള്‍ ഔട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യയ്‌ക്കായി പന്തെടുത്ത സെവാഗ്, ഹര്‍ഭജന്‍, ഉത്തപ്പ എന്നിവര്‍ ബെയ്‌ല്‍സ് ഇളക്കി. പാക് താരങ്ങള്‍ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏക ബോള്‍ ഓട്ട് ആണിത്.

ബ്രോഡിനെ നാണം കെടുത്തി യുവിയുടെ ആറാട്ട്: ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ യുവരാജ് സിങ് ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയത് ക്രിക്കറ്റ് ലോകത്തിന് മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഇംഗ്ലീഷ്‌ പേസര്‍ സ്റ്റുവർട്ട് ബ്രോഡിനെയാണ് അന്ന് യുവി തല്ലിച്ചതച്ചത്. ഡര്‍ബനിലെ കിങ്സ്മെഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നടന്നത്.

കളത്തില്‍ വച്ച് യുവിയുമായി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്‍റോഫ് കൊമ്പുകോര്‍ത്തു. ഇതിന്‍റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നത് ബ്രോഡിനായിരുന്നുവെന്ന് മാത്രം. ഇന്നിങ്‌സിലെ 19ാം ഓവര്‍ എറിയാനെത്തിയ ബ്രോഡിനെ യുവി നിലം തൊടീച്ചില്ല.

ഇതോടെ ടി20 ക്രിക്കറ്റിലെ ഒരോവറിലെ ആറ് പന്തിലും സിക്‌സ് നേടുന്ന ആദ്യ താരമായും യുവരാജ് മാറി. ഈ പ്രകടനത്തോടെ 15 പന്തുകളില്‍ അര്‍ധ സെഞ്ച്വറി തികയ്‌ക്കാനും യുവിയ്‌ക്ക് കഴിഞ്ഞു. ടി20 ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണിത്.

മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന്‍റെ വിജയം നേടുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് അടിച്ച് കൂട്ടിയത്. യുവരാജ് 16 പന്തില്‍ 58 റണ്‍സ് നേടി. വിരേന്ദര്‍ സെവാഗ് (52 പന്തില്‍ 68), ഗൗതം ഗംഭീര്‍ (41 പന്തില്‍ 58) എന്നിവരും തിളങ്ങി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യയ്‌ക്കായി ഇര്‍ഫാന്‍ പഠാന്‍ മൂന്നും ആര്‍ പി സിങ്‌ രണ്ടും വിക്കറ്റ് വീഴ്ത്തി.

'ശ്രീശാന്ത് ടേക്‌സ് ഇറ്റ്, ഇന്ത്യ വിന്‍': ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയായിരുന്നു ഷൊയ്‌ബ് മാലിക്ക് നയിച്ചിരുന്ന പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കലാശപ്പോരിന് ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ സെവാഗിന്‍റെ അഭാവം ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. ആദ്യം ബാറ്റ് ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സാണ് നേടിയത്.

54 പന്തില്‍ 75 റണ്‍സെടുത്ത ഗൗതം ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 16 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രോഹിത് ശര്‍മയും തിളങ്ങി. മറുപടിക്കിറങ്ങിയ പാകിസ്ഥാനായി മിസ്‌ബാ ഉള്‍ ഹഖ് നിലയുറപ്പിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വി മണത്തിരുന്നു. എന്നാല്‍ പത്താമനായി താരം മടങ്ങിയതോടെ ഇന്ത്യ കുട്ടിക്ക്രിക്കറ്റിലെ പ്രഥമ കിരീടവും ഉയര്‍ത്തി.

ജൊഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച താരം മലയാളി താരം എസ് ശ്രീശാന്തിന്‍റെ കൈകളിലൊതുങ്ങി. ഈ സമയം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിന് വെറും അഞ്ച് റണ്‍സ്‌ മാത്രമാണ് പാകിസ്ഥാനുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.