ETV Bharat / sitara

ഹൃദയത്തില്‍ നിന്നൊഴുകി വന്ന സംഗീതം... ബാബുക്ക ഇല്ലാതെ 42 വർഷങ്ങൾ

author img

By

Published : Oct 7, 2020, 1:18 PM IST

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ബാബൂക്ക മാറി. 96 സിനിമകളിലായി അറുന്നൂറിലധികം ഗാനങ്ങള്‍ ബാബുക്കയുടെ ഹാർമോണിയത്തില്‍ പിറന്നു. രണ്ട് പതിറ്റാണ്ടിനുള്ളില്‍ മലയാള സിനിമാ സംഗീതത്തില്‍ മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്.

music director singer m s baburaj 42 death anniversary  പ്രിയ ബാബൂക്കയുടെ ഓര്‍മകള്‍ക്ക് 42 വയസ്  എം.എസ് ബാബുരാജ്  എം.എസ് ബാബുരാജ് വാര്‍ത്തകള്‍  എം.എസ് ബാബുരാജ് ഗാനങ്ങള്‍  music director singer m s baburaj  m s baburaj 42 death anniversary
പ്രിയ ബാബൂക്കയുടെ ഓര്‍മകള്‍ക്ക് 42 വയസ്

'പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍... ഗാനലോക വീചികളില്‍ വേണുവൂതുമാട്ടിടയന്‍...'

എം.എസ് ബാബുരാജ്... മലയാളികളുടെ പ്രിയപ്പെട്ട ബാബുക്ക... കോഴിക്കോടിന്‍റെ സായഹ്നങ്ങളിൽ ഇന്നും സംഗീതം ഒഴുകുന്നത് ബാബുക്ക തന്‍റെ ഹാർമോണിയത്തിൽ ചാലിച്ചെഴുതിയ ഈണങ്ങളിലൂടെയാണ്. മലയാളികളുടെ അഹങ്കാരമെന്ന് കരുതപ്പെടുന്ന പ്രിയ ബാബുക്ക ഓര്‍മയായിട്ട് ഇന്ന് നാല്‍പത്തിരണ്ട് വര്‍ഷം പിന്നിടുന്നു. ഒരു കാലത്ത് മലയാളിയെ സംഗീതത്തെ പ്രണയിക്കാൻ പ്രേരിപ്പിച്ചിരുന്ന ഈണങ്ങൾ സൃഷ്ടിച്ചെടുത്ത സംഗീതത്തിന്‍റെ രാജകുമാരനായിരുന്നു അദ്ദേഹം. ഇന്നും ആ ഈണങ്ങർ കാലത്തിനൊപ്പം മധുരം നൽകുന്നൊരു ഘടകമായി മാറിയിരിക്കുന്നു. ഗസലുകളുടെ മാധുര്യം മലയാളത്തിലേക്ക് എത്തിച്ചതും ഹിന്ദുസ്ഥാനി സംഗീതത്തെ മലയാള ഗാനശാഖയുടെ കൂടെ ചേർത്തതും മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന ബാബുക്കയാണ്.

നൂറ്റാണ്ടുകളോളം ഓര്‍മിക്കാനുള്ള പാട്ടുകാലം സമ്മാനിച്ച ബാബുക്കയ്ക്ക് സംഗീതാസ്വാദകരുടെ മനസില്‍ മരണമില്ല. ഓരോ തലമുറയിലെയും ആസ്വാദകരെ വല്ലാതെ സ്പര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഈണങ്ങള്‍. ബാബുക്കയുടെ പിതാവ് ബംഗാളിയും സംഗീത പണ്ഡിതനുമായിരുന്ന ജാൻ മുഹമ്മദ് സാബിർ ബാബുവാണ്. ഏറെ കഷ്ടതകള്‍ നിറഞ്ഞ ബാല്യമായിരുന്നു ബാബുക്കയുടേത്. അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തില്‍ ചേര്‍ന്ന് നിന്ന പ്രിയ സുഹൃത്തുക്കളായിരുന്നു പി.ഭാസ്‌കരനും ഗാനഗന്ധര്‍വന്‍ യേശുദാസും. നിരവധി നാടകങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച അദ്ദേഹം പി.ഭാസ്‌കരന്‍റെ തിരമാല എന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍റെ സഹായിയായിട്ടാണ് സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് രാമു കാര്യാട്ട് സംവിധാനം ചെയ്‌ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ബാബുക്ക മാറി. 96 സിനിമകളിലായി അറുന്നൂറിലധികം ഗാനങ്ങള്‍ ബാബുക്കയുടെ ഹാർമോണിയത്തില്‍ പിറവിയെടുത്തു.

രണ്ട് പതിറ്റാണ്ടിനുള്ളില്‍ മലയാള സിനിമാ സംഗീതത്തില്‍ മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ, സൂര്യകാന്തീ, ഒരു കൊച്ചു സ്വപനത്തിൻ, മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ, ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ, കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന്, സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും, ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു, അകലെ അകലെ നീലാകാശം, പ്രാണസഖി ഞാൻ വെറുമൊരു, അവിടുന്നിൻ ഗാനം കേൾക്കാൻ, ഒരു പുഷ്പം മാത്രമെൻ, അകലെ അകലെ നീലാകാശം... അങ്ങനെ നീളുന്നു ബാബുക്കയുടെ ഗാനങ്ങള്‍.

പി.ഭാസ്‌കരൻ മാസ്റ്റർ, വയലാർ എന്നിവരുടെ വരികൾക്കാണ് കൂടുതലായും ഈണമിട്ടത്. ഭാസ്‌കരൻ മാസ്റ്ററും ബാബൂക്കായുമായുള്ള കെമിസ്ട്രി മലയാളികൾക്ക് ഇന്നും അത്ഭുതമാണ്. അത്രയ്ക്കും മനോഹരമാണ് അവരുടെ ഗാനങ്ങൾ. ഓരോ ഗാനത്തിലും ദൈവത്തിന്‍റെ കയ്യൊപ്പ് പതിപ്പിച്ച സംഗീത സംവിധായകൻ 1978 ഒക്ടോബര്‍ ഏഴിനാണ് വിടപറഞ്ഞത്... കോഴിക്കോടിന്‍റെ തെരുവുകളിൽ ഇന്നും ബാബുക്കയുടെ വിശപ്പിന്‍റെ ഹിന്ദുസ്ഥാനി രാഗങ്ങൾ ആരുമറിയാതെ മുഴങ്ങുന്നുണ്ടാകണം... കേൾക്കേണ്ടവർ മാത്രം അത് കേൾക്കും... പാമരനാം പാട്ടുകാരന് പ്രണാമം....

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.