ETV Bharat / sitara

ജരാനരകള്‍ ബാധിക്കാത്ത അനശ്വരപ്രതിഭാസത്തിന് 81 വയസ്

author img

By

Published : Jul 25, 2020, 9:27 AM IST

1974 മുതൽ 80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് തമിഴ് ചിത്രമുൾപ്പെടെ 116 ഓളം ചിത്രങ്ങളിൽ ജയൻ വേഷമിട്ടു

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
ജരാനരകള്‍ ബാധിക്കാത്ത അനശ്വരപ്രതിഭാസത്തിന് 81 വയസ്

വെറും ആറ് വര്‍ഷത്തെ സിനിമാ ജീവിതം കൊണ്ട് ഇത്രയേറെ ആരാധകരെ നേടിയെടുത്ത ഒരു നടന്‍ വേറെയുണ്ടാവില്ല... മലയാള സിനിമയിലെ നായക സങ്കല്‍പ്പത്തിന് പൗരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന മലയാളത്തിന്‍റെ അജയ്യനായ ജയന് 81 വയസ് തികയുകയാണ്. ജരാനരകള്‍ ബാധിച്ച ഒരു ജയനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല മലയാളിക്ക് എന്നതാണ് സത്യം. എല്ലാ കാലത്തും യുവതലമുറകളുടെ പ്രതിനിധിയായിരുന്നു ജയന്‍. തലമുറകളുടെ താരമായി മരണത്തെ തോല്‍പ്പിച്ച് ജീവിക്കുന്ന ഒരു നടന്‍ മാത്രമെ നമുക്കുണ്ടായിട്ടുള്ളു. അത് ജയനാണ്. എഴുപതുകളിലെ യുവത്വത്തിന്‍റെ സിരകളിൽ പടർന്ന് കയറിയ ജയന്‍റെ തീപ്പൊരി ഡയലോഗുകൾ പിന്നാലെ വന്ന തലമുറകളും ഒട്ടും ആവേശം ചോരാതെ ഏറ്റെടുത്തു. ഇന്ന് ജയനുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഈ സൂപ്പർ സ്‌റ്റാറുകളേക്കാൾ സ്‌റ്റാർ ആയേനെയെന്ന് പലരും തങ്ങളുടെ പിന്മുറക്കാരോട് ഇന്നും പറയുന്നു... മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയിട്ട് 40 വര്‍ഷം പിന്നിട്ടെങ്കിലും ആ നടന്‍റെ ഓര്‍മ്മകള്‍ ആരാധകരുടെ ഉള്ളില്‍ ഇന്നും നിലനില്‍കുന്നു. അപൂര്‍വമായ ചില വ്യക്തിത്വങ്ങളുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണത്.

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
ജയന്‍

മലയാള സിനിമയുടെ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച ജയന്‍റെ പല ചിത്രങ്ങളിലും അഭിനയത്തിന്‍റെ മാറ്റുരക്കുന്ന കഥാപാത്രങ്ങളും കടന്നുവന്നു. വില്ലനില്‍ നിന്നും നായകനിലേക്കും അവിടെ നിന്നും ഒരു മികച്ച സ്വഭാവനടനിലേക്കുമുള്ള സ്വാഭാവിക പരിണാമ ചക്രത്തിലായിരുന്നു ജയന്‍. കളക്ഷന്‍ റെക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍... അവയില്‍ സാഹസികത നിറഞ്ഞ രംഗങ്ങളുള്ള ചിത്രങ്ങളായിരുന്നു ഏറെയും... ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിച്ചിരുന്നതും അത് തന്നെയായിരുന്നു എന്നതാണ് സത്യം. ഒടുവില്‍ ആ സാഹസികത തന്നെ അദ്ദേഹത്തിന്‍റെ ജീവന്‍ തട്ടിയെടുക്കുകയും ചെയ്തു. മരണമില്ലാത്ത ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ജയന്‍ വിടവാങ്ങി. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് കൃഷ്ണന്‍നായര്‍ എന്ന ജയന്‍ ജനിച്ചത്. മാധവവിലാസം വീട്ടിൽ മാധവൻപിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും ഓമന പുത്രന്‍. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. സ്കൂളിലെ എൻസിസിയിൽ മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. 15 വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്‌ഠിച്ചു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 15 വർഷത്തെ നാവികജീവിതം അദ്ദേഹത്തിന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു. നേവിയില്‍ നിന്ന് രാജിവച്ച ശേഷമാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
ആറ് വർഷങ്ങൾകൊണ്ട് പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് ചിത്രമുൾപ്പെടെ 116 ഓളം ചിത്രങ്ങളിൽ വേഷമിട്ടു

നാടകപ്രവര്‍ത്തകനും നാടക സംവിധായകനുമായ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തില്‍ ഒരു പാട്ടുസീനില്‍ അഭിനയിക്കാന്‍ വേഷം ലഭിച്ചതിലൂടെയാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ സിനിമപ്രവേശനം നടത്തുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും കൃഷ്ണന്‍ നായര്‍ ആ സീന്‍ മനോഹരമായി അഭിനയിച്ച് പ്രശംസ നേടി. അത് മലയാള സിനിമയിലെ അന്നുവരെ കാണാത്ത ഒരു താരോദയത്തിന് വഴി തെളിയിച്ചു. ഇതാ ഇവിടെവരെ‚ മദനോത്സവം‚ ഇതാ ഒരു മനുഷ്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ കൃഷ്ണന്‍ നായര്‍ മലയാള സിനിമയില്‍ ചുവടുറപ്പിച്ച് വരുമ്പോള്‍ കൃഷ്ണന്‍ നായര്‍ എന്ന പേര് സിനിമക്ക് ചേരില്ലെന്ന് നടന്‍ ജോസ് പ്രകാശ് പറയുകയും പിന്നീട് ജോസ് പ്രകാശ് തന്നെ കൃഷ്ണന്‍ നായര്‍ക്ക് ജയന്‍ എന്ന പേരിടുകയുമായിരുന്നു. പിന്നീട് ആ പേര് മലയാള സിനിമയുടെ ഗതിമാറ്റിമറിച്ചത് മലയാളികള്‍ കണ്ടു. കൊല്ലംകാരുടെ കൃഷ്ണന്‍ നായര്‍ മലയാള സിനിമയുടെ പുരുഷ സൗന്ദര്യത്തിന്‍റെ... പൗരുഷത്തിന്‍റെ പ്രതീകമായി മാറി... ജയനായി അദ്ദേഹം ആദ്യത്തെ സൂപ്പര്‍ താരമായി മലയാള സിനിമയെ കൈപ്പിടിയിലൊതുക്കി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്‍റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവ് പുലർത്തിയതോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും അഭിനയത്തിൽ ലയിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിങ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്‍റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതിയിരുന്നു. മൃഗങ്ങളോട് ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്ത് മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്ക് ലഭിക്കുന്ന കയ്യടികൾ തന്‍റെ അധ്വാനത്തിന് കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചിരുന്നു. ജയന്‍റെ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പ്പെടുത്തി.

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
ആദ്യ സിനിമ ശാപമോക്ഷം

ചെറിയ വില്ലൻവേഷങ്ങളിൽ നിന്ന് പ്രധാന വില്ലൻ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്‍റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിന് നായകപദവി നൽകിയ ആദ്യസിനിമ. 1974 മുതൽ 80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് ചിത്രമുൾപ്പെടെ 116 ഓളം ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്‍റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടിയെന്ന സിനിമയായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിച്ചപ്പോള്‍ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗലേയ ഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. ജയനെ മലയാളികളുടെ മനസപുത്രനാക്കിയതില്‍ ഐ.വി ശശി എന്ന സംവിധായകന്‍റെ കയ്യൊപ്പ് വലുതാണ്. അങ്ങാടി‚ മീന്‍, കാന്തവലയം തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികത തന്നെയാണ് ഒടുവിൽ ജയന്‍റെ ജീവനെടുത്തത്.

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചു

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16ന് ജയൻ വിടവാങ്ങിയത്. 41 വയസായിരുന്നു മരിക്കുമ്പോള്‍ ജയന്‍റെ പ്രായം. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് കോളിളക്കത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. സംവിധായകൻ ഈ രംഗത്തിന്‍റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്‍റെ മൂന്ന് ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്‍റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചതെന്നാണ് വാര്‍ത്തകള്‍. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് നിലത്തിടിച്ച് തകര്‍ന്നു. ജയന്‍റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ ദീപത്തിൽ അദ്ദേഹത്തിന്‍റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞ് തിയേറ്ററിന് പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. ജയന്‍റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്‍റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്‍റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. മലയാള സിനിമാപ്രേമികള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു ജയന്‍റെ മരണം.... മലയാള സിനിമയ്ക്ക് തീരാനഷ്ടവും.... വര്‍ഷങ്ങള്‍ എത്രയോ കടന്നുപോയി... സിനിമ അടിമുടി മാറിക്കഴിഞ്ഞു. പക്ഷെ, ജയന്‍ എന്ന അതുല്യപ്രതിഭാസത്തിന്‍റെ ഓര്‍മകള്‍ക്കുമാത്രം മരണമില്ല... ജയൻ മലയാളിക്ക് ഇന്നും ആഘോഷമാണ്... ചെറുപ്പത്തിന്‍റെ ഓര്‍മയാണ്. ജയനെ ജയിച്ചെന്ന് കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയന്‍ തോല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു.

malayalam old actor jayan 81 birthday special story  നടന്‍ ജയന്‍  ജയന്‍ പിറന്നാള്‍  ജയന്‍ സിനിമകള്‍  jayan 81 birthday special story  jayan 81 birthday
41 വയസായിരുന്നു മരിക്കുമ്പോള്‍ ജയന്‍റെ പ്രായം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.