ETV Bharat / sitara

ശങ്കരാടി പകരക്കാരനില്ലാത്ത മലയാള സിനിമയുടെ 'കാരണവര്‍'

author img

By

Published : Oct 9, 2020, 1:08 PM IST

മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം 1969 മുതൽ 71 വരെ തുടർച്ചയായി മൂന്ന് വർഷം ശങ്കരാടി സ്വന്തമാക്കി. എഴുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശങ്കരാടി മുന്നൂറിലേറെ ചിത്രങ്ങളിൽ പ്രേം നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ ശങ്കരാടി ഇല്ലാത്ത മലയാള സിനിമ അപൂർവമായിരുന്നു

actor Sankaradi 19th death anniversary  actor Sankaradi  ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'  നടന്‍ ശങ്കരാടി  ശങ്കരാടി സിനിമകള്‍  ശങ്കരാടി ഓര്‍മകള്‍  Sankaradi films
ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'

മലയാള സിനിമയുടെ മുറ്റത്ത് സരസമായി മുറുക്കിത്തുപ്പി ശങ്കരാടി എന്ന ചന്ദ്രശേഖരമേനോന്‍ കടന്നുപോയിട്ട് 19 വര്‍ഷങ്ങള്‍ പിന്നിടുന്നു. ശങ്കരാടി എന്ന പേര് കേൾക്കുമ്പോൾ എല്ലാവര്‍ക്കും ഓർമ വരിക സത്യന്‍ അന്തിക്കാട് ചിത്രം സന്ദേശത്തിലെ രാഷ്ട്രീയപാർട്ടിയുടെ താത്വികാചാര്യനായ കുമാരപിള്ള സാറിനെയാണ്. താത്വതികമായ അദ്ദേഹത്തിന്‍റെ അവലോകനം കാലങ്ങൾക്കിപ്പുറവും പുതുതലമുറക്ക് പോലും മനപാഠം. കുടുംബത്തിന്‍റെ കാരണവ സ്ഥാനം അലങ്കരിക്കുന്ന ഒരു അമ്മാവനെ പോലെ ഇന്നും മലയാള സിനിമയുടെ പൂമുഖത്തെ ചാരുകസേരയിൽ ശങ്കരാടി എന്ന മഹാ പ്രതിഭ അങ്ങനെ നീണ്ടുനിവർന്ന് കിടപ്പുണ്ട്. വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924ൽ ജനനം. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എഞ്ചിനീയറിങ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അഭിനയം ആരംഭിക്കുന്നതിന് മുമ്പ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും സജീവമായിരുന്നു. കോൺഗ്രസ് അനുയായിയായിരുന്നു അദ്ദേഹം ആദ്യകാലത്ത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ.പി.എ.സി നാടകസംഘത്തിൽ‍ എത്തുന്നത്. സാംസ്‌കാരിക പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകാരവും പ്രോത്സാഹനവും നൽകിയിരുന്ന കാലമായിരുന്നു അത്. സിനിമയ്ക്ക് പുറമെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തികൂടിയായിരുന്നു ശങ്കരാടി. ഇടതുപക്ഷ ചിന്താഗതികൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. ശങ്കരാടിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സന്ദേശത്തിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സന്ദേശത്തിന്‍റെ സംവിധായകന്‍ ത്യൻ അന്തിക്കാട് ഓർമക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിച്ചത് നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കുഞ്ചാക്കോയുടെ സംവിധാന സംരംഭമായിരുന്ന കടലമ്മയായിരുന്നു ആദ്യ ചിത്രം. സത്യന്‍റെ അച്ഛന്‍റെ കഥാപാത്രത്തെയാണ് ശങ്കരാടി അവതരിപ്പിച്ചത്. ഇരുട്ടിന്‍റെ ആത്മാവിലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് മുന്‍നിര നടനെന്ന ഖ്യാതി നേടിക്കൊടുത്തു.

actor Sankaradi 19th death anniversary  actor Sankaradi  ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'  നടന്‍ ശങ്കരാടി  ശങ്കരാടി സിനിമകള്‍  ശങ്കരാടി ഓര്‍മകള്‍  Sankaradi films
വിവാഹവേളയില്‍
actor Sankaradi 19th death anniversary  actor Sankaradi  ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'  നടന്‍ ശങ്കരാടി  ശങ്കരാടി സിനിമകള്‍  ശങ്കരാടി ഓര്‍മകള്‍  Sankaradi films
മാള അരവിന്ദനൊപ്പം
actor Sankaradi 19th death anniversary  actor Sankaradi  ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'  നടന്‍ ശങ്കരാടി  ശങ്കരാടി സിനിമകള്‍  ശങ്കരാടി ഓര്‍മകള്‍  Sankaradi films
സന്ദേശം സിനിമയില്‍ ശങ്കരാടി
actor Sankaradi 19th death anniversary  actor Sankaradi  ശങ്കരാടി പകരക്കാരനില്ലാത്ത 'കാരണവര്‍'  നടന്‍ ശങ്കരാടി  ശങ്കരാടി സിനിമകള്‍  ശങ്കരാടി ഓര്‍മകള്‍  Sankaradi films
ശങ്കരാടി ജയനും സോമനുമൊപ്പം

മലയാളത്തിൽ സ്വാഭാവിക അഭിനയത്തിന് തുടക്കം കുറിച്ചത് ഒരുപക്ഷെ ശങ്കരാടിയായിരിക്കും. അത്രയും തന്മയത്വത്തോടെയായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ അവതരണങ്ങളും. നടന വിസ്മയം തീർക്കുന്ന അനേകം കലാകാരന്മാരുള്ള മലയാളത്തിൽ ശങ്കരാടിക്ക് പകരം വെക്കാൻ മറ്റൊരു നടൻ ഇല്ലായെന്നത് അദ്ദേഹത്തിന്‍റെ അനിവാര്യത തെളിയിക്കുന്നു. നാടകങ്ങളിലും സിനിമകളിലും കൂടുതലായും ഒരു കാര്യസ്ഥന്‍റെയോ ഗൗരവം സ്ഫുരിക്കുന്ന അമ്മാവന്‍റെയോ വേഷങ്ങളായിരുന്നു ശങ്കരാടി കൈകാര്യം ചെയ്തിരുന്നത്. എന്നിരുന്നാലും ഒട്ടേറെ ഹാസ്യകഥാപാത്രങ്ങളെയും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ഹാസ്യാവതരണത്തിൽ സംഭാഷണങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും ഒരുപോലെ ചിരി പടർത്തിയിരുന്ന ശങ്കരാടി സ്വാഭാവിക ഹാസ്യത്തിന്‍റെ വക്താക്കളിൽ ഒരാള്‍ കൂടിയായിരുന്നു. ഹാസ്യത്തിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ വ്യക്തമായ വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളും ശങ്കരാടിയിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിച്ചു. നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്‌ദുള്ള, അടിയൊഴുക്കുകൾ, കിരീടം, ചെങ്കോൽ, മിഥുനം, ഗോഡ്‌ഫാദർ എന്നിവ ശങ്കരാടി എന്ന നടന്‍റെ മികവ് എടുത്ത് കാട്ടിയ ചിത്രങ്ങളില്‍ ചിലത് മാത്രം. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം 1969 മുതൽ 71 വരെ തുടർച്ചയായി മൂന്ന് വർഷം ശങ്കരാടി സ്വന്തമാക്കി. എഴുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ശങ്കരാടി മുന്നൂറിലേറെ ചിത്രങ്ങളിൽ പ്രേം നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ ശങ്കരാടി ഇല്ലാത്ത മലയാള സിനിമ അപൂർവമായിരുന്നു. 1998ൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ട് എന്ന ചിത്രമായിരുന്നു അവസാനമായി അദ്ദേഹത്തിനെ വെള്ളിത്തിരയിൽ എത്തിച്ചത്. പിന്നീട് 2001ൽ മരണം സംഭവിക്കുന്നത് വരെ രോഗങ്ങളുടെ ആക്രമണത്തിൽ ഓർമ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനാൽ അദ്ദേഹം സിനിമയില്‍ നിന്നും വിട്ടുനിന്നു. സ്വാഭാവിക അഭിനയത്തിന്‍റെ നന്മകൾ അവശേഷിപ്പിച്ച് ശങ്കരാടി മണ്മറഞ്ഞെങ്കിലും മരണം എന്നത് വെറും വാക്ക് മാത്രമാക്കി ഒട്ടനേകം കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലും വെള്ളിത്തിരയിലും അദ്ദേഹം ഇന്നും ജീവിക്കുന്നു. മണ്ണില്‍ കാലുറപ്പിച്ച് നടന്ന ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.