ETV Bharat / opinion

റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില പരിധി നിശ്ചയിച്ച് പാശ്ചാത്യ രാജ്യങ്ങള്‍

author img

By

Published : Dec 3, 2022, 2:17 PM IST

ബാരലിന് 60 ഡോളര്‍ എന്ന പരിധിയാണ് നിശ്ചയിച്ചത്

price cap on Russian oil  റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില പരിധി  ബാരലിന് 60 ഡോളര്‍ എന്ന പരിധി  price cap  റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം  sanctions against Russia  Russian oil export  റഷ്യന്‍ എണ്ണ കയറ്റുമതി
റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില പരിധി നിശ്ചയിച്ച് പാശ്ചാത്യ രാജ്യങ്ങള്‍

ബ്രസല്‍സ്: കയറ്റുമതി ചെയ്യുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില പരിധി നിശ്ചയിച്ച്(price cap) യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും ഓസ്‌ട്രേലിയയും. റഷ്യയുടെ വരുമാനം കുറയ്‌ക്കുകയും അതേസമയം തന്നെ ലോക വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വലിയ രീതിയില്‍ വില വര്‍ധന ഉണ്ടാവുന്നത് തടയുകയുമാണ് ലക്ഷ്യം. ഒരു ബാരലിന് 60 യുഎസ് ഡോളര്‍ എന്ന വില പരിധിയാണ് നിശ്ചയിച്ചത്.

ഡിസംബര്‍ അഞ്ച് മുതല്‍ ഈ വില നിയന്ത്രണം നിലവില്‍ വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നുള്ള കപ്പല്‍ വഴിയുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിരോധിക്കുകയാണ്. ഈ നിരോധനത്തിന്‍റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായുള്ള സേവനങ്ങള്‍ നല്‍കാന്‍ യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പല്‍, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് കമ്പനികള്‍ ഉണ്ടാവില്ല.

എന്നാല്‍ വില പരിധി നയം സ്വീകരിച്ചതോടെ നിശ്ചയിക്കപ്പെട്ട വിലയില്‍ റഷ്യ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ തയ്യാറായാല്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കാം. അന്താരാഷ്‌ട്ര തലത്തില്‍ ഷിപ്പിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗങ്ങളിലെ മേധാവിത്വമാണ് വിലപരിധി ചുമത്തുന്നതിനുള്ള കെല്‍പ്പ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് റഷ്യ നിലവില്‍ അസംസ്‌കൃത എണ്ണ കയറ്റുമതിക്കായി ഉപയോഗിക്കുന്ന 55ശതമാനം കപ്പലുകളും ഗ്രീക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടേതാണ്.

ഇപ്പോള്‍ നിശ്ചയിച്ച 60 ഡോളര്‍ എന്നത് റഷ്യ നിലവില്‍ ഇന്ത്യക്കും ചൈനയ്‌ക്കും വില്‍ക്കുന്ന അസംസ്‌കൃത എണ്ണയുടെ വിലയോട് അടുത്തുള്ളതാണ്. 60 മുതല്‍ 65 ഡോളര്‍ വരെയുള്ള വിലയ്‌ക്കാണ് ഇരു രാജ്യങ്ങള്‍ക്കും റഷ്യ അസംസ്‌കൃത എണ്ണ വില്‍ക്കുന്നത്. വില പരിധി നിശ്ചയിച്ചതിന് ശേഷം അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞു. കഴിഞ്ഞ മാസത്തിനേക്കാള്‍ 10 ശതമാനം കുറവാണ് ഇപ്പോഴത്തെ അന്താരാഷ്‌ട്ര വില.

വില പരിധി ഒരോ രണ്ട് മാസം കൂടുമ്പോഴും പുനഃപരിശോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വിപണി വിലയേക്കാള്‍ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും കുറവ് വരുത്തിയാണ് വിലപരിധി നിശ്ചയിക്കുക. അന്താരാഷ്‌ട്ര എണ്ണ വിപണിയില്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

എന്നാല്‍ പാശ്ചത്യ രാജ്യങ്ങള്‍ നിശ്ചയിക്കുന്ന വിലപരിധിക്ക് അനുസരിച്ച് അസംസ്‌കൃത എണ്ണ ഒരു രാജ്യത്തിനും വില്‍ക്കില്ല എന്നാണ് റഷ്യ നിരന്തരം വ്യക്തമാക്കിയത്. എന്നാല്‍ വില പരിധി റഷ്യ ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്ന വിലയ്‌ക്ക് അടുത്തായതിനാല്‍ വില പരിധി അംഗീകരിച്ചാലും പാശ്ചാത്യ രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് റഷ്യ വഴങ്ങി എന്ന പ്രതീതി സൃഷ്‌ടിക്കില്ല.

റഷ്യയുടെ അസംസ്‌കൃത എണ്ണ അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യമാക്കാത്ത സാഹചര്യം ഉണ്ടായാല്‍ വലിയ വില വര്‍ധനവിനാണ് അത് കാരണമാകുക. അത് പാശ്ചാത്യ രാജ്യങ്ങളിലടക്കം വലിയ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമാണ് വഴിവയ്‌ക്കുക.

ആദ്യ തന്ത്രം തിരിച്ചടിച്ചു: യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് വലിയ രീതിയില്‍ കുറച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് റഷ്യന്‍ അസംസ്‌കൃത എണ്ണ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ധന കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറയ്‌ക്കുകയും അത് വഴി യുക്രൈന്‍ യുദ്ധത്തിനുള്ള ചെലവ് വഹിക്കാന്‍ റഷ്യയ്‌ക്ക് സാധിക്കാത്ത സാഹചര്യം സൃഷ്‌ടിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ തന്ത്രം പാളി എന്ന് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തന്നെ അത് തിരിച്ചടിയാവുകയായിരുന്നു.

റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്കുള്ള നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്ന സാഹചര്യം സൃഷ്‌ടിച്ചു. ഇത് റഷ്യയ്‌ക്ക് സഹായകമായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി കുറഞ്ഞത് ഏതാണ്ട് പരിഹരിക്കാന്‍ ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള കയറ്റുമതിയിലൂടെ റഷ്യയ്‌ക്ക് സാധിച്ചു.

യുക്രൈന്‍ യുദ്ധത്തിന് മുമ്പ് വെറു നാമമാത്രമായ അളവില്‍ മാത്രം റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തിരുന്ന ഇന്ത്യ യുദ്ധത്തിന് ശേഷം ഡിസ്‌കൗണ്ട് ലഭിച്ചതോടെ വലിയ രീതിയില്‍ റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തു. ഇറാഖിനെയും സൗദി അറേബ്യയേയും മറികടന്ന് ഏറ്റവും കൂടുതല്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറുന്നതിലേക്കാണ് അത് നയിച്ചത്.

റഷ്യന്‍ അസംസ്‌കൃത എണ്ണ 60 മുതല്‍ 70 ഡോളറിനായിരുന്നു കൊവിഡ് മഹാമാരിക്ക് മുമ്പ് അന്താരാഷ്‌ട്ര വിപണിയില്‍ വിറ്റ് കൊണ്ടിരുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധത്തിന് ശേഷം ബാരലിന് 100 ഡോളര്‍ വരെ വില്‍ക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. അത്‌കൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ റഷ്യയുടെ എണ്ണകയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറച്ചില്ല. എന്നാല്‍ ഉയര്‍ന്ന എണ്ണ വില ജീവിതച്ചെലവ് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുന്നതിലേക്കാണ് നയിച്ചത്.

ഇയുവിലെ ഭിന്നത: വില പരിധി നിശ്ചയിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നതയും ദൃശ്യമായി. ഗ്രീസ്, സൈപ്രസ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ അവരുടെ വ്യാപാര താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി റഷ്യന്‍ എണ്ണയുടെ വില 70 ഡോളറോ അതിന് മേലയോ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കടുത്ത യുക്രൈന്‍ പക്ഷക്കാരായ ഇസ്‌റ്റോണിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ ബാരലിന് 30 ഡോളര്‍ എന്ന പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.