ETV Bharat / international

'മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്നു'; ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ യുഎസ്

author img

By

Published : Jan 26, 2023, 11:46 AM IST

ബിബിസി  ബിബിസി ഡോക്യുമെന്‍ററി  ഡോക്യുമെന്‍ററി വിവാദത്തിൽ പ്രതികരിച്ച് യുഎസ്  മോദി  US on India banning BBC documentary on PM Modi  BBC documentary on PM Modi  BBC documentary  നെഡ് പ്രൈസ്  Ned Price  US State Department on BBC documentary  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്
ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ പ്രതികരിച്ച് യുഎസ്

മാധ്യമ സ്വതന്ത്ര്യത്തെ വാഷിങ്ടൺ പിന്തുണയ്‌ക്കുന്നുണ്ടെന്നും ഇന്ത്യയിൽ നടക്കുന്ന നടപടികളിൽ ആശങ്ക ഉണ്ടാകുമ്പോഴെല്ലാം പ്രതികരിക്കാറുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വ്യക്‌തമാക്കി.

വാഷിങ്ടണ്‍: ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്ന് യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ്‌ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ സ്വതന്ത്ര്യത്തെ വാഷിങ്ടൺ പിന്തുണയ്ക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്‌തമാക്കി.

ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം അല്ലെങ്കിൽ വിശ്വാസം തുടങ്ങിയ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരുന്നു. നമ്മുടെ ജനാധിപത്യത്തിന്‍റെ ദൃഢത ലോകമെമ്പാടുമുള്ള ബന്ധങ്ങളിൽ ഞങ്ങൾ ഉന്നയിക്കുന്ന ഒരു പോയിന്‍റാണ്. തീർച്ചയായും ഇത് ഇന്ത്യയിലും ഞങ്ങൾ ഉറപ്പുവരുത്തുന്നു. നെഡ് പ്രൈസ് പറഞ്ഞു.

'നിങ്ങൾ പരാമർശിക്കുന്ന ഡോക്യുമെന്‍ററി എനിക്ക് പരിചിതമല്ല. എന്നാൽ രണ്ട് ജനാധിപത്യ രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങൾ എനിക്ക് വളരെ പരിചിതമാണ്. ഇന്ത്യയിൽ നടക്കുന്ന പ്രവർത്തനങ്ങളിലും നടപടികളിലും ആശങ്ക ഉണ്ടാകുമ്പോഴെല്ലാം ഞങ്ങൾ അതിൽ പ്രതികരിക്കാറുണ്ട്. നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.

അനുകൂലിച്ച് ഋഷി സുനകും: കഴിഞ്ഞയാഴ്‌ച യുകെ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിക്കുകയും ഡോക്യുമെന്‍ററി വിവാദത്തിൽ നിന്ന് അകലംപാലിക്കുകയും ചെയ്‌തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും ഇത് ബ്രിട്ടീഷ് സര്‍ക്കാറിന് അറിയാമായിരുന്നു എന്നും ഡോക്യുമെന്‍ററിയില്‍ അവകാശവാദം ഉണ്ടായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പ്രത്യക്ഷമായ ഉത്തരവാദിത്വമുണ്ട് എന്ന് ഈ ഡോക്യുമെന്‍ററിയില്‍ ചില ബ്രിട്ടീഷ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത് ഋഷി സുനക് അംഗീകരിക്കുന്നുണ്ടോ എന്ന് പാകിസ്ഥാന്‍ വംശജനും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി എംപിയുമായ ഇമ്രാന്‍ ഹുസൈന്‍ പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിയെ പിന്തുണയ്‌ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക് യുകെ പാര്‍ലമെന്‍റില്‍ സ്വീകരിച്ചത്. യുകെ സര്‍ക്കാറിന്‍റെ ഇക്കാര്യത്തിലുള്ള ദീര്‍ഘകാലമായുള്ള നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഇമ്രാന്‍ ഹുസൈന്‍ മോദിയെ ചിത്രീകരിച്ച രീതിയോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഋഷി സുനക് പറഞ്ഞത്.

2002ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയാണ് ബിബിസി പുറത്തുവിട്ടത്. ജനുവരി 17 നായിരുന്നു ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം പ്രദർശിപ്പിച്ചത്.

പിന്നാലെ ഡോക്യുമെന്‍ററി പൂർണമായും പക്ഷപാതകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഇതിനിടെ ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം നിര്‍ദേശം നൽകി. ഇതോടെ രാജ്യവ്യാപകമായി വലിയ വിവാദങ്ങളും ഉയർന്നു.

ഇതോടെ വിവാദമായ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ഇടതുപക്ഷ, കോൺഗ്രസ് സംഘടനകൾ മുന്നിട്ടിറങ്ങി. പല കാമ്പസുകളിലും ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‍റെ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.