ETV Bharat / international

ക്രിമിയയുടെ പ്രധാന പാലം തകര്‍ത്ത നടപടിയില്‍ യുക്രൈനില്‍ പ്രത്യാക്രമണവുമായി റഷ്യന്‍ സേന; നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

author img

By

Published : Oct 10, 2022, 4:47 PM IST

റഷ്യയുടെ അനുബന്ധ പ്രദേശമായ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ബോംബെറിഞ്ഞ് തകര്‍ത്ത യുക്രൈന്‍ നടപടിക്കെതിരെ പ്രത്യാക്രമണവുമായി റഷ്യന്‍ സേന

Russian Attack  Russian Attack on Ukrainian cities  evenge over collapsed main bridge  main bridge connecting Russia and Crimea  Russia  Crimea  ക്രിമിയയുടെ പ്രധാന പാലം തകര്‍ത്ത നടപടി  ക്രിമിയ  യുക്രൈനില്‍ പ്രത്യാക്രമണവുമായി റഷ്യന്‍ സേന  റഷ്യ  നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്  യുക്രൈന്‍  കീവ്  സ്‌ഫോടനം
ക്രിമിയയുടെ പ്രധാന പാലം തകര്‍ത്ത നടപടിയില്‍ യുക്രൈനില്‍ പ്രത്യാക്രമണവുമായി റഷ്യന്‍ സേന; നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

കീവ്: റഷ്യയെ അനുബന്ധ പ്രദേശമായ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം യുക്രൈന്‍ ബോംബെറിഞ്ഞ് തകര്‍ത്തതിന് പിന്നാലെ തിരിച്ചടിച്ച് റഷ്യന്‍ സേന. യുക്രൈനിന്‍റെ തലസ്ഥാനമായ കീവ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിലുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ന്(ഒക്‌ടോബര്‍ 10) പുലര്‍ച്ചെയാണ് റഷ്യന്‍ സേന ആക്രമണം നടത്തിയത്. അതേസമയം കീവ് ലക്ഷ്യം വച്ച് റഷ്യന്‍ സേന നാല് മാസത്തിന് ശേഷം നടത്തിയ ഈ ആക്രമണത്തില്‍ നിരവധിപേര്‍ മരിച്ചതായും ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി ഒരു എമർജൻസി സർവിസ് വക്താവിനെ ഉദ്ദരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.

ഇതെത്തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ പട്ടണവും നിരവധി സർക്കാർ ഓഫിസുകളും ഉൾപ്പെടുന്ന കീവിന്‍റെ മധ്യഭാഗത്തുള്ള വലിയ പ്രദേശമായ ഷെവ്‌ചെങ്കോ ജില്ലയിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ അറിയിച്ചു. മാത്രമല്ല സെൻട്രൽ കീവിലെ കീവ് നാഷണൽ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കെട്ടിടത്തിന് സമീപത്തായി സ്‌ഫോടനം നടന്നതായി യുക്രൈന്‍ പാര്‍ലമെന്‍റ് അംഗം ലെസിയ വാസിലെങ്കോയും ട്വിറ്ററിൽ കുറിച്ചു.

കീവില്‍ അതിരാവിലെയുണ്ടായ ആക്രമണത്തിന് പിന്നോടിയായി തീവ്രത കൂടിയ തുടര്‍ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഇപ്പോഴുണ്ടായ ആക്രമണം യുദ്ധത്തിലും പ്രതിഫലിച്ചേക്കും. അതിനിടെ ഡിനിപ്രോ നഗരത്തിന്‍റെ മധ്യഭാഗത്തുള്ള അസോസിയേറ്റഡ് പ്രസ് ജേണലിസ്‌റ്റുകൾ പ്രദേശത്തെ ഒരു വ്യാവസായിക മേഖലയില്‍ ഒന്നിലധികം ആളുകളുടെ മൃതദേഹങ്ങൾ കണ്ടതായും അറിയിച്ചു. അതേസമയം യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പലായനം ചെയ്‌ത നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ലിവ്, ഖാര്‍കീവ്, ടെർനോപിൽ, ഖ്മെൽനിറ്റ്സ്‌കി, സൈറ്റോമിർ, ക്രോപ്പിവ്നിറ്റ്സ്‌കി എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ നടന്നതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ തന്നെ ലിവിവില്‍ ഇലക്‌ട്രിസിറ്റി പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്‌ടം സംഭവിച്ചതായി റീജിയണല്‍ ഗവർണർ മാക്‌സിം കോസിറ്റ്സ്‌കിയും പ്രതികരിച്ചു.

യുക്രൈനിയന്‍ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യൻ പ്രസിഡന്‍റ്‌ വ്‌ളാഡിമിർ പുടിൻ സുരക്ഷാ കൗൺസിലംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ അനുബന്ധ പ്രദേശമായ ക്രിമിയയിലെ പാലം തകര്‍ത്ത യുക്രൈന്‍ നടപടിയെ പുടിന്‍ അപലപിച്ചിരുന്നു. യുക്രൈനിന്‍റെ പ്രത്യേക സംഘം നടത്തിയ തീവ്രവാദ പ്രവര്‍ത്തനമാണ് ഇതെന്നായിരുന്നു പുടിന്‍റെ പ്രതികരണം. എന്നാല്‍ പ്രതികരണം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ പ്രത്യാക്രമണം. അതേസമയം യുദ്ധം എട്ട് മാസം പിന്നിടുന്ന വേളയില്‍ യുക്രൈന്‍ പ്രദേശങ്ങളെ റഷ്യക്കൊപ്പം ചേര്‍ക്കാനുള്ള ഹിതപരിശോധനയും അടുത്തിടെ നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.