ചൈന ഇനി ശത്രു രാജ്യം: ചരിത്ര പ്രഖ്യാപനവുമായി നാറ്റോ

author img

By

Published : Jun 30, 2022, 3:12 PM IST

nato new mission statement  nato declares china threat  nato summit in Madrid  china reaction to nato new mission statement  nato Russia rivalry  നാറ്റോയുടെ ന്യൂ മിഷന്‍ സ്റ്റേയിറ്റ്മെന്‍റ്  നാറ്റോ ചൈന  നാറ്റോ റഷ്യ  നാറ്റയുടെ സൈനിക വിന്യാസം  നാറ്റോ ചരിത്രം  history of nato

നാറ്റോയുടെ പുതിയ ദൗത്യ പ്രഖ്യാപനത്തിലാണ് (new mission statement) ചൈനയെ ശത്രുപക്ഷത്ത് നിര്‍ത്തിയത്.

മാഡ്രിഡ്: ചൈനയെ ശത്രുപക്ഷത്ത് പ്രഖ്യാപിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ. സ്‌പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പുറത്തുവിട്ട സഖ്യത്തിന്‍റെ പുതിയ ദൗത്യ പ്രഖ്യാപനത്തിലാണ് (new mission statement) റഷ്യയോടൊപ്പം ചൈനയേയും ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നത്. നാറ്റോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചൈനയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്.

റഷ്യയും ചൈനയും തമ്മില്‍ വര്‍ധിച്ചികൊണ്ടിരിക്കുന്ന തന്ത്രപരമായ സഹകരണം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് 30 രാജ്യങ്ങള്‍ അടങ്ങിയ നാറ്റോയുടെ ദൗത്യപ്രഖ്യാപനത്തില്‍ പറയുന്നു. പത്ത് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് നാറ്റോ ദൗത്യപ്രഖ്യാപനം പരിഷ്‌കരിക്കുന്നത്. റഷ്യയും ചൈനയും ഒരുമിച്ച് നിന്നുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ ലോകക്രമം തകിടം മറിക്കാന്‍ ശ്രമിക്കുകയാണെന്നും അത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വെല്ലുവിളിയാണെന്നും നാറ്റോയുടെ ദൗത്യപ്രഖ്യാപനത്തില്‍ പറയുന്നു.

ശീതകാലത്തെ യൂറോപ്പിലെ സാഹചര്യം ഏഷ്യ-പെസഫിക്കിലേക്ക് പറിച്ചുനടരുതെന്ന് ചൈന പ്രതികരിച്ചു. യൂറോപ്പിലെ നിലവിലെ അസ്ഥിരത ഏഷ്യയിലും സൃഷ്‌ടിക്കരുത്. ഏഷ്യ-പെസഫിക്കിലേക്കുള്ള നാറ്റോയുടെ വ്യാപനത്തേയും അല്ലെങ്കില്‍ നാറ്റോയ്‌ക്ക് സമാനമായി ഏഷ്യയില്‍ സൈനിക സഖ്യം രൂപീകരിക്കുന്നതിനേയും തങ്ങള്‍ ശക്‌തമായി എതിര്‍ക്കുന്നുവെന്ന് ചൈനയുടെ യുഎന്‍ അംബാസിഡര്‍ പറഞ്ഞു.

പ്രത്യക്ഷ ഭീഷണി റഷ്യ, ചൈന ദീര്‍ഘകാല ഭീഷണി: യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെ നിലവിലെ പ്രത്യക്ഷ ഭീഷണിയായാണ് റഷ്യയെ നാറ്റോ കാണുന്നത്. എന്നാല്‍ സാമ്പത്തികമായും സൈനികമായും വലിയ രീതിയില്‍ ശക്‌തി പ്രാപിച്ച ചൈനയാണ് തങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഭീഷണി സൃഷ്‌ടിക്കുക എന്നാണ് യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ വിലയിരുത്തുന്നത്. നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ അംഗരാജ്യങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബെര്‍ഗ് പറഞ്ഞു. പോളണ്ടില്‍ യുഎസ് സൈന്യത്തിന്‍റെ സ്ഥിരം താവളം ഒരുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പറഞ്ഞു.

ജി7നും ചൈനയ്‌ക്കെതിരെ: ജപ്പാനും പാശ്ചാത്യ സമ്പന്ന രാജ്യങ്ങളും ചേര്‍ന്ന കൂട്ടായ്‌മയായ ജി7നും ചൈനയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. 48ാമത് ജി7 ഉച്ചകോടിക്ക് ശേഷം ഇറക്കിയ പ്രസ്‌താവനയിലാണ് ചൈനയ്‌ക്ക് വിമര്‍ശനം. ചൈനയുടെ സാമ്പത്തിക നയങ്ങള്‍ സുതാര്യമല്ലെന്നും വിദേശകമ്പനികള്‍ക്ക് പല കടമ്പകളും സൃഷ്‌ടിക്കുന്നുവെന്നും പ്രസ്‌താവനയില്‍ ആരോപിക്കുന്നു. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു. നാറ്റോയിലൂടെ സൈനികമായും ജി7നിലൂടെ സാമ്പത്തികമായും ചൈനയ്‌ക്കെതിരെ തിരിയാനാണ് യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പദ്ധതിയിടുന്നത്.

ആഫ്രിക്കയിലെ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് വായ്‌പ നല്‍കി ആ രാജ്യങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ബദല്‍ സൃഷ്‌ടിക്കാനും ജി7 തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വികസ്വര രാജ്യങ്ങള്‍ക്ക് 600 ബില്യണ്‍ ഡോളര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഉറപ്പുവരുത്താനാണ് ജി7 തീരുമാനം.

ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പല ദരിദ്ര രാജ്യങ്ങളെയും വായ്‌പ കുരിക്കില്‍പ്പെടുത്തുകയാണെന്നും ഈ സാഹചര്യം ലോകത്ത് പുതിയൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്ന സൂചനയും ജി7 രാജ്യങ്ങള്‍ നല്‍കി. വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കുമെന്ന് ജി7 ഇറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. ലോക വ്യാപാരത്തില്‍ ചൈനയുടെ ആധിപത്യം കുറയ്‌ക്കുകയാണ് ജി7 ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

നാറ്റോയുടെ ചരിത്രം: യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉടലെടുത്ത ശീത യുദ്ധത്തിന്‍റെ ഉല്‍പ്പന്നമാണ് നാറ്റോ. യുഎസും കാനഡയും യൂറോപ്പിലെ അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് 1949 ഏപ്രില്‍ നാലിനാണ് നാറ്റോ ഉടമ്പടിയില്‍ ഒപ്പു വയ്ക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ സഹായത്തോടെ കമ്യൂണിസം യൂറോപ്പില്‍ വ്യാപിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം.

പശ്ചിമ ജര്‍മ്മനി നാറ്റോയില്‍ ചേര്‍ന്നതോടുകൂടി സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ചേര്‍ന്ന് 1955 മെയില്‍ വാര്‍സോ സൈനിക ഉടമ്പടി ഉണ്ടാക്കി. എന്നാല്‍ 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലിമാകുകയും വാര്‍സോ ഉടമ്പടി റദ്ദാക്കുകയും ചെയ്‌തു.

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തോടെ നാറ്റോ സഖ്യ രാജ്യങ്ങള്‍ തമ്മില്‍ വര്‍ധിച്ച ഐക്യമാണ് രൂപപ്പെട്ടത്. നാറ്റോ അതിന്‍റെ സൈനിക സന്നാഹങ്ങള്‍ വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സോവിയറ്റ് യൂണിയനെ പൂട്ടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നാറ്റോ ഇപ്പോള്‍ ചൈന-റഷ്യ അച്ചുതണ്ടിനെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.