ETV Bharat / international

വടക്കൻ മെക്‌സിക്കോയിൽ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ; ഒരു വർഷത്തിനിടെ ഒമ്പത് മരണം

author img

By

Published : May 6, 2022, 9:43 AM IST

വാർത്ത വെബ്‌സൈറ്റായ 'ഫ്യൂന്‍റസ് ഫിഡെഡിഗ്നാസി'ന്‍റെ സ്ഥാപക ഡയറക്‌ടറായ ലൂയിസ് എൻറിക് റാമിറസ് റാമോസാണ് (59) കൊല്ലപ്പെട്ടത്.

വടക്കൻ മെക്‌സിക്കോയിൽ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ; ഒരു വർഷത്തിനിടെ ഒമ്പതാമത് മരണം
വടക്കൻ മെക്‌സിക്കോയിൽ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ; ഒരു വർഷത്തിനിടെ ഒമ്പതാമത് മരണം

മെക്‌സിക്കോ സിറ്റി: വടക്കൻ മെക്‌സിക്കോയിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. വാർത്ത വെബ്‌സൈറ്റായ 'ഫ്യൂന്‍റസ് ഫിഡെഡിഗ്നാസി'ന്‍റെ സ്ഥാപക ഡയറക്‌ടറായ ലൂയിസ് എൻറിക് റാമിറസ് റാമോസാണ് (59) കൊല്ലപ്പെട്ടത്. ഇതോടെ ഒരു വർഷത്തിനിടെ മരണപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം ഒമ്പതായി.

വ്യാഴാഴ്‌ച (മെയ് 5) സിനലോവ തലസ്ഥാനമായ കുലിയാക്കന് സമീപമുള്ള അഴുക്കുചാലിലാണ് റാമോസിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ വീടിന് സമീപത്തുനിന്ന് ചിലർ തട്ടിക്കൊണ്ടുപോയതായും ഫ്യൂന്‍റസ് ഫിഡെഡിഗ്നാസ് ഉൾപ്പെടെയുള്ള വിശ്വസനീയമായ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു.

ഒരു വർഷത്തിനിടെ 9 മരണം: തീർച്ചയായും അദ്ദേഹത്തിന്‍റെ മരണം ഒരു കൊലപാതകമാണെന്നും മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നും മീഡിയ റൈറ്റ്സ് ഗ്രൂപ്പായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ (ആർഎസ്‌എഫ്) പ്രതിനിധി ബാൽബിന ഫ്ലോറസ് പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നതായും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഈ പ്രവണത അടിയന്തരമായി അന്വേഷിക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതായും മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി അറിയിച്ചു.

സിനലോവ കാർട്ടൽ: ലോകത്തിലെ തന്നെ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് സംഘടനയായ മെക്‌സിക്കോയിലെ സിനലോവയിലെ മയക്കുമരുന്ന് സംഘങ്ങൾ (സിനലോവ കാർട്ടൽ) മൂലം രാജ്യത്തുണ്ടാകുന്ന അക്രമങ്ങളെ കുറിച്ച് റാമോസ് റിപ്പോർട്ട് ചെയ്‌തിരുന്നു. കൂടാതെ പ്രാദേശിക രാഷ്‌ട്രീയ തർക്കങ്ങളെക്കുറിച്ചും ഫ്യൂന്‍റസ് ഫിഡെഡിഗ്നാസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നത് മെക്‌സിക്കോയിലെ റിപ്പോർട്ടർമാരുടെ ജീവനുതന്നെ ഭീഷണിയാണ്.

സമീപ വർഷങ്ങളിലായി മെക്‌സിക്കോയിൽ നടന്ന മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ മയക്കുമരുന്ന് സംഘങ്ങളാണെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ കുലിയാക്കൻ പോലുള്ള ഏറ്റവും അക്രമാസക്തമായ നഗരങ്ങളിലെ മാധ്യമപ്രവർത്തകർ പലപ്പോഴും സ്വന്തം സുരക്ഷയ്ക്കായി കാർട്ടൽ വിഷയങ്ങൾ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ റിപ്പോർട്ടറും തന്‍റെ സഹപ്രവർത്തകനുമായ ഹംബർട്ടോ മില്ലൻ കൊല്ലപ്പെട്ടതിനു ശേഷം 2015ൽ റാമോസ് എംവിഎസ് റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.

താൻ മയക്കുമരുന്നിനെ കുറിച്ച് സംസാരിക്കുന്നില്ല. മയക്കുമരുന്നിനെ കുറിച്ച് നല്ലതോ ചീത്തയോ സംസാരിക്കുന്നില്ല. ഹംബർട്ടോ മില്ലനും അങ്ങനെ ചെയ്‌തില്ല. എന്നിട്ടും അദ്ദേഹത്തെ ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിച്ചില്ല.

എന്താണ് സംഭവിക്കുന്നത്? താനും ഹംബർട്ടും രാഷ്‌ട്രീയപ്രവർത്തകരെ കുറിച്ച് മാത്രമാണ് എഴുതാറുള്ളത്. എന്നാലിപ്പോൾ രാഷ്‌ട്രീയപ്രവർത്തകരെ കുറിച്ചും എഴുതാൻ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥയിൽ സിനലോവയിലെ മാധ്യമപ്രവകത്തകർ എന്തിനെക്കുറിച്ചാണ് എഴുതാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

ഗവൺമെന്‍റുകൾക്കെതിരെ പ്രതിഷേധം: കൊലപാതകങ്ങൾ തടയുകയോ വേണ്ടത്ര അന്വേഷണം നടത്തുകയോ ചെയ്യാത്തതിന് മെക്‌സിക്കോയുടെ സംസ്ഥാന, ഫെഡറൽ ഗവൺമെന്‍റുകൾ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ 'സീറോ ഇംപ്യൂണിറ്റി' പ്രോഗ്രാം വാഗ്‌ദാനം ചെയ്‌തിരിക്കെ, ഈ വർഷം നടന്ന ഒമ്പത് മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളിൽ വ്യാഴാഴ്‌ച വെറും ആറ് കൊലപാതകങ്ങൾ മാത്രമാണ് പട്ടികപ്പെടുത്തിയതെന്ന് ഒദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ തന്നെ വിമർശിച്ച മാധ്യമപ്രവകത്തകരെ 'കൂലിപ്പടയാളികൾ' എന്ന് വിശേഷിപ്പിക്കുകയും, പിന്തുണയ്ക്കുന്നവരിൽ നിന്നും, പ്രത്യേകിച്ച് ടാക്‌സ് ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് തനിക്ക് അസ്വാരസ്യമുള്ള മാധ്യമപ്രവർത്തകരുടെ വരുമാനം പരസ്യപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് പ്രസ് ഗ്രൂപ്പുകൾ പറയുന്നു. ഇത്തരത്തിൽ ഒബ്രഡോറിന്‍റെ തുടരെയുള്ള വിമർശനങ്ങൾ മാധ്യമപ്രവർത്തകരെ ആക്രമണത്തിന് കൂടുതൽ ഇരയാക്കുന്നുവെന്നാണ് പ്രസ് ഗ്രൂപ്പുകളുടെ നിലപാട്.

ഫെബ്രുവരിയിൽ, ഇന്‍റർ അമേരിക്കൻ പ്രസ് അസോസിയേഷൻ പ്രസിഡന്‍റിനോട് മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിനുമേൽ നിന്നുള്ള അത്തരം ആക്രമണങ്ങൾ മാധ്യമങ്ങൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

തുടർന്ന് മാർച്ചിൽ ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ഒരു പ്രമേയം പാസാക്കി. മനുഷ്യാവകാശ സംരക്ഷകരെയും പത്ര-മാധ്യമ പ്രവകത്തകരെയും അപമാനിക്കുന്നതും, അവർക്ക് പ്രതികൂലമായി സ്ഥിതിഗതികൾ വഷളാക്കുന്നതും, അവരുടെ അന്വേഷണ രീതികളെ വളച്ചൊടിക്കുന്ന തരത്തിലുമുള്ള സന്ദേശങ്ങൾ സമൂഹത്തിന് നൽകാതിരിക്കാൻ എല്ലാ ഉന്നത അധികാരികളോടും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.