ETV Bharat / international

കേരളത്തിന്‍റെ 'കസവ് നെയ്‌ത്തും' ഡൂഡിലില്‍...; സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

author img

By

Published : Aug 15, 2023, 9:24 AM IST

Updated : Aug 15, 2023, 2:03 PM IST

സ്വാതന്ത്ര്യ ദിനഘോഷ വേളയില്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ പൈതൃകം അവതരിപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

77th independence day  independence day  india independence day  textile heritage of India  google doodle  textile heritage of India in google doodle  ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ പൈതൃകം  ഗൂഗിള്‍ ഡൂഡില്‍  ഗൂഗിള്‍  സ്വാതന്ത്യദിനാഘോഷം  ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം  ഡൂഡില്‍  ഇന്ത്യ
textile heritage of India in google doodle

ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ രാജ്യത്തിനൊപ്പം പങ്കുചേര്‍ന്ന് ഗൂഗിളും (Google). രാജ്യത്തെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ (Doodle) ആണ് ഇപ്രാവശ്യം ഗൂഗിള്‍ ഹോം പേജില്‍ ഇടം പിടിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള 21 ഇടങ്ങളിലെ വ്യത്യസ്‌തങ്ങളായ തുണിത്തരങ്ങളുടെ മാതൃകകളാണ് ഡൂഡിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്‌ടി ആവിഷ്‌കരിച്ചിരിക്കുന്നത്.

കേരളത്തിന് പുറമെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഗോവ, ഒഡിഷ, ജമ്മു കശ്‌മീര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്‌ട്ര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, കര്‍ണാടക, അസം എന്നിവിടങ്ങളിലെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുടെ മാതൃകകളെയാണ് ഡൂഡിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവിലുള്ള ടെക്‌സ്റ്റൈല്‍ ക്രാഫ്‌റ്റ് രൂപങ്ങളെ കുറിച്ച് ഗവേഷണം നടത്തിയാണ് താന്‍ ഇത്തരത്തിലൊരു ഡിസൈന് രൂപം നല്‍കിയതെന്ന് നമ്രത കുമാര്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്‌തങ്ങളായ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരമൊരു ഡിസൈന്‍ രൂപകല്‍പ്പന ചെയ്‌തതെന്നും നമ്രത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ ഹോം പേജില്‍ മലയാളി കലാകാരിയുടെ സൃഷ്‌ടിയായിരുന്നു ഗൂഗിള്‍ ഡൂഡിലില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയുടെ ചരിത്ര ദിനത്തെ പട്ടം പറത്തലുമായി ബന്ധപ്പെടുത്തുന്ന ഡൂഡിലായിരുന്നു കഴിഞ്ഞ പ്രാവശ്യം അവതരിപ്പിക്കപ്പെട്ടത്. മലയാളിയായ നീതി എന്ന കലാകാരിയായിരുന്നു ഇത് രൂപകല്‍പ്പന ചെയ്‌തിരുന്നത്.

Also Read : ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാതെ മല്ലികാർജുൻ ഖാർഗെ; വീഡിയോ സന്ദേശത്തിൽ മുൻ പ്രധാനമന്ത്രിമാർക്ക് പ്രശംസ

ബ്രീട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കിടെ പ്രതിഷേധ സൂചകമായി കൊളോണിയല്‍ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്‌ത പട്ടങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ പറത്തിയിരുന്നു. ഇതുകൊണ്ട് തന്നെ പട്ടം പറത്തല്‍ സ്വാതന്ത്ര്യ ദിനവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് താന്‍ ദേശീയ നിറങ്ങളും സ്നേഹത്തിന്‍റെ സന്ദേശവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തെ സ്‌മരണയും ഉള്‍പ്പെടുത്തി ഡൂഡില്‍ വരച്ചതെന്ന് നീതി അന്ന് വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. രാജ്‌ഘട്ടിലെ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷം ചെങ്കോട്ടയില്‍ എത്തി ദേശീയ പതാക ഉയര്‍ത്തിയാണ് പ്രധാനമന്ത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രാവിലെ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

തുടര്‍ന്ന് വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ്‌ ഓണറും അദ്ദേഹം സ്വീകരിച്ചിരുന്നു. കരസേന, വ്യോമസേന, നാവിക സേന, ഡല്‍ഹി പൊലീസ് സേനകളിലെ 25 ഉദ്യോഗസ്ഥര്‍ വീതമടങ്ങിയ സംഘമാണ് പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളിലും പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു.

Also Read : 'അടുത്ത തവണയും ഞാൻ ചെങ്കോട്ടയിൽ എത്തും, നേട്ടങ്ങൾ വിളിച്ച് പറയാൻ'; വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി

Last Updated : Aug 15, 2023, 2:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.