ETV Bharat / international

സ്‌ഫോടനത്തിൽ തകർന്ന് ക്രിമിയൻ പാലം; തീപിടിത്തമുണ്ടായത് പുടിന്‍റെ ജന്മദിനത്തിന് പിന്നാലെ, വീഡിയോ

author img

By

Published : Oct 8, 2022, 7:39 PM IST

Updated : Oct 8, 2022, 10:28 PM IST

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് കടൽപ്പാലം ആണ് തകർന്നത്. ക്രിമിയയിലേക്കുള്ള പ്രധാന വിതരണശൃംഖലയാണ് ക്രിമിയൻ പാലം.

russia ukraine war  Crimea bridge blast  FIRE ON BRIDGE LINKING RUSSIA TO CRIMEA  സ്‌ഫോടനത്തിൽ തകർന്ന് ക്രിമിയൻ പാലം  ക്രിമിയൻ പാലത്തിന് തീപിടിച്ചു  ക്രിമിയൻ പാലം  കെർച്ച് കടൽപ്പാലം  റഷ്യൻ പ്രസിഡന്‍റ്  വ്ലാഡിമിർ പുടിൻ  യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി  റഷ്യൻ യുദ്ധം  റഷ്യ യുക്രൈൻ യുദ്ധം  CRIMEA bridge
സ്‌ഫോടനത്തിൽ തകർന്ന് ക്രിമിയൻ പാലം

ഖാർകീവ്: റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് കടൽപ്പാലം സ്‌ഫോടനത്തിൽ തകർന്നു. തെക്കൻ യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധങ്ങൾക്ക് ആയുധങ്ങളും മറ്റും വിതരണം ചെയ്യുന്ന പ്രധാന വിതരണശൃംഖലയാണ് ഇതോടെ തകരാറിലായിരിക്കുന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു.

പാലത്തിന് മുകളിലൂടെ പോയ ഓയിൽ ടാങ്കറിന് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണം. ഇതോടെ ഇന്ധനവുമായി പോവുകയായിരുന്ന ഏഴ് റെയിൽവേ കാറുകൾക്കും തീപിടിച്ചു. തുടർന്ന് പാലത്തിന്‍റെ രണ്ട് വശങ്ങൾ തകരുകയായിരുന്നുവെന്ന് റഷ്യയുടെ തീവ്രവാദ വിരുദ്ധ കമ്മിറ്റി അറിയിച്ചു.

പാലത്തിലൂടെ വാഹനത്തിൽ പോകുകയായിരുന്ന സ്ത്രീയും പുരുഷനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. മൂന്നാമത്തെയാളുടെ വിവരങ്ങൾ ലഭ്യമല്ല.

പാലത്തിൽ സ്‌ഫോടനം പുടിന്‍റെ ജന്മദിനത്തിന് പിന്നാലെ: ക്രെംലിൻ പിന്തുണയുള്ള ക്രിമിയയുടെ പാർലമെന്‍റ് സ്‌പീക്കർ സ്‌ഫോടനത്തിന് പിന്നിൽ യുക്രൈൻ ആണെന്ന് ആരോപിച്ചുവെങ്കിലും റഷ്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് 70 വയസ് തികഞ്ഞതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

തകർന്നത് യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം: കരിങ്കടലിനെയും അസോവ് കടലിനെയും ബന്ധിപ്പിക്കുന്ന കെർച്ച് കടലിടുക്കിന് കുറുകെയുള്ള 19 കിലോമീറ്റർ (12 മൈൽ) നീളമുള്ള പാലം 2018ലാണ് തുറന്നത്. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്. 3.6 ബില്യൺ യുഎസ് ഡോളർ ചെലവിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 2014ൽ യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത ക്രിമിയയ്ക്ക് മേൽ റഷ്യ ഉന്നയിക്കുന്ന അവകാശ വാദങ്ങളുടെ തെളിവായിട്ടാണ് പാലം നിർമിച്ചത്.

യുക്രൈനിന്‍റെ തെക്ക് ഭാഗത്ത് റഷ്യ സൈനിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ക്രിമിയയുടെ പങ്ക് വലുതാണ്. പാലം പ്രവർത്തനരഹിതമായാൽ ക്രിമിയയിലേക്ക് ചരക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടാകും. ആക്രമണ സമയത്ത് ക്രിമിയ പിടിച്ചെടുത്ത റഷ്യ അസോവ് കടലിനോട് ചേർന്ന് കര ഇടനാഴി നിർമിച്ചിരുന്നു. ക്രിമിയ തിരികെ പിടിക്കാൻ യുക്രൈൻ പ്രത്യാക്രമണം നടത്തുന്നുണ്ട്.

പാസഞ്ചർ ട്രെയിനുകൾക്ക് നിരോധനം: ട്രെയിനുകൾക്കും വാഹനങ്ങൾക്കും ഒരുപോലെ കടന്നുപോകാവുന്ന സംവിധാനങ്ങൾ പാലത്തിലുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന രണ്ട് ഭാഗത്തിന്‍റെ ഒരു ഭാഗമാണ് സ്‌ഫോടനം മൂലമുണ്ടായ തീപിടിത്തത്തിൽ തകർന്നത്. മറ്റൊരു ഭാഗം കേടുകൂടാതെയിരിക്കുന്നുവെന്ന് റഷ്യൻ തീവ്രവാദ വിരുദ്ധ കമ്മിറ്റി അറിയിച്ചു.

ക്രിമിയയിൽ 15 ദിവസത്തേക്കുള്ള ഇന്ധനമുണ്ടെന്നും ഇന്ധനത്തിന്‍റെ സ്റ്റോക്ക് നിറയ്ക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്നും റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു. പാസഞ്ചർ ട്രെയിനുകളുടെ ഗതാഗതം അടുത്ത അറിയിപ്പ് വരെ അധികൃതർ തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ പാനൽ രൂപീകരിക്കാൻ പുടിൻ ഉത്തരവിട്ടു.

പരസ്‌പരം പഴിചാരി റഷ്യയും യുക്രൈനും: റഷ്യ ക്രിമിയ പിടിച്ചടക്കിയതിന്‍റെ അനന്തരഫലമാണ് ഇതെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കിയുടെ പാർട്ടിയുടെ പാർലമെന്‍ററി നേതാവ് ആരോപിച്ചു. റഷ്യയുടെ അനധികൃത നിർമാണങ്ങൾ തകർന്ന് തീപിടിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതിന്‍റെ കാരണം ലളിതമാണ്. നിങ്ങൾ സ്ഫോടന സാധ്യതയുള്ള എന്തെങ്കിലും നിർമിച്ചാൽ ഇന്നോ നാളെയോ അത് പൊട്ടിത്തെറിക്കുമെന്ന് സെർവന്‍റ് ഓഫ് പീപ്പിൾ പാർട്ടി നേതാവ് ഡേവിഡ് അരാഖാമിയ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. എല്ലാത്തിലുമുപരി വിശ്വസനീയമായ നിർമാണം റഷ്യയ്ക്ക് പറഞ്ഞിട്ടുള്ളതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ പാലം തകർന്നതിന്‍റെ ആഘോഷ സൂചകമായി സ്‌ഫോടനത്തെ അനുസ്‌മരിച്ച് സ്റ്റാമ്പുകൾ പുറത്തിറക്കുമെന്ന് യുക്രൈൻ തപാൽ വകുപ്പ് അറിയിച്ചു. ഈ വർഷം മെയ് അവസാനം യുക്രൈൻ പ്രതിരോധത്തിൽ റഷ്യൻ ഫ്ലാഗ്ഷിപ്പ് കപ്പലായ മോസ്‌ക്വ മുങ്ങിയതിന്‍റെ സ്‌മരണയ്ക്കായി യുക്രൈൻ തപാൽ വകുപ്പ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.

ഹാപ്പി ബെർത്ത്ഡേ മിസ്റ്റർ പ്രസിഡന്‍റ്: കെർച്ച് പാലത്തിന് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ യുക്രൈൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മെർലിൻ മൺറോയുടെ പ്രശസ്‌തമായ ഹാപ്പി ബെർത്ത്ഡേ മിസ്റ്റർ പ്രസിഡന്‍റ് എന്ന ഗാനത്തിനൊപ്പമാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ശനിയാഴ്‌ച പുലർച്ചെ കിഴക്കൻ യുക്രൈൻ നഗരമായ ഖാർകീവിൽ സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകമാണ് പാലത്തിൽ സ്ഫോടനമുണ്ടായത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഭൂതല-വിമാന മിസൈലുകൾ ഉപയോഗിച്ചുള്ള സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

Last Updated : Oct 8, 2022, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.