ETV Bharat / international

അനസ്‌തേഷ്യ മുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ വരെ, ലോകത്തെ മാറ്റിയ 5 നിര്‍ണായക കണ്ടുപിടുത്തങ്ങള്‍

author img

By

Published : Aug 18, 2022, 10:48 PM IST

ലോക ചരിത്രത്തിൽ തന്നെ വലിയ മാറ്റമുണ്ടാക്കിയ മരുന്നുകളാണ് അനസ്‌തേഷ്യ, പെനിസിലിൻ, നൈട്രോഗ്ലിസറിൻ, ഗർഭ നിരോധന ഗുളികകൾ, ഡയാസെപാം എന്നിവ

5 drugs that changed the world  Anaesthesia  Penicillin  Nitroglycerin  The pill  Diazepam  അനസ്‌തേഷ്യ  പെനിസിലിൻ  നൈട്രോഗ്ലിസറിൻ  ഗർഭ നിരോധന ഗുളിക  ഡയാസെപാം  ലോകത്തെ മാറ്റിമറിച്ച 5 മരുന്നുകൾ  drugs  മരുന്നിന്‍റെ കണ്ടെത്തൽ  മരുന്നിന്‍റെ കണ്ടെത്തലുകൾ  ശസ്‌ത്രക്രിയ  നൈട്രസ് ഓക്‌സൈഡ്  ഫ്ലോജിസ്റ്റിക്കേറ്റഡ് നൈട്രസ് ഓക്‌സൈഡ്
ലോകത്തെ മാറ്റിമറിച്ച 5 മരുന്നുകൾ

ചരിത്രത്തിൽ മരുന്നിന്‍റെ സ്വാധീനം എത്രത്തോളമാണെന്ന് അളക്കാൻ പ്രയാസമാണ്. മരുന്നിന്‍റെ കണ്ടെത്തലുകൾ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്ത് ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. പലതും അവിശ്വസനീയമായ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇന്ന് അത്ഭുതപ്പെടുത്തുന്ന മരുന്നുകൾ നാളെ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം എന്നുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നൂറ്റാണ്ടുകളുടെ കണ്ടെത്തലിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ട ചില മരുന്നുകളാണ് അനസ്‌തേഷ്യ, പെനിസിലിന്‍, നൈട്രോഗ്ലിസറിൻ, ഗർഭ നിരോധന ഗുളികകൾ, ഡയാസെപാം എന്നിവ.

അനസ്‌തേഷ്യ(Anaesthesia) : ശസ്‌ത്രക്രിയ ഉണ്ടാക്കുന്ന വേദന മനുഷ്യ ശരീരത്തിൽ വലിയ ആഘാതം സൃഷ്‌ടിച്ചിരുന്നു. അനസ്‌തേഷ്യയുടെ കണ്ടുപിടിത്തം വൈദ്യശാസ്‌ത്ര ലോകത്ത് വലിയ കുതിച്ചുചാട്ടം സൃഷ്‌ടിച്ചു. ശസ്‌ത്രക്രിയ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാനാണ് അനസ്‌തേഷ്യ നൽകുന്നത്. ശരീരത്തിന്‍റെ പ്രത്യേക ഭാഗത്ത് സംവേദനശക്തി നഷ്‌ടപ്പെടുന്ന അവസ്ഥയാണ് അനസ്‌തേഷ്യ.

  • അനസ്‌തേഷ്യയുടെ കണ്ടുപിടിത്തം : 1700കളുടെ അവസാനം ജോസഫ് പ്രീസ്റ്റ്ലി ഫ്ലോജിസ്റ്റിക്കേറ്റഡ് നൈട്രസ് ഓക്‌സൈഡ് (നൈട്രസ് ഓക്‌സൈഡ്) എന്ന വാതകം കണ്ടെത്തി. ഇംഗ്ലീഷ് ശാസ്‌ത്രജ്ഞനായ ഹംഫ്രി ഡേവി ഇതിനെ ശസ്‌ത്രക്രിയ ചെയ്യുമ്പോഴുള്ള വേദന സംഹാരിയായി ഉപയോഗിക്കാം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഇത് മയക്കുമരുന്നായി ദുരുപയോഗം ചെയ്യപ്പെട്ടു. 1834 വരെ ഇതുമായി ബന്ധപ്പെട്ട യാതൊരു കണ്ടുപിടിത്തങ്ങളും ഉണ്ടായില്ല. പിന്നീട് ഫ്രഞ്ച് ശാസ്‌ത്രജ്ഞനായ ജീൻ ബാപ്‌റ്റിസ് ഡുമാസ് ഒരു പുതിയ വാതകം കണ്ടെത്തുകയും ഇതിന് ക്ലോറോഫോം എന്ന് പേരിടുകയും ചെയ്‌തു. തുടർന്ന് 1847ൽ സ്കോട്ടിഷ് ഡോക്‌ടറായ ജെയിംസ് യംഗ് സിംപ്‌സൺ ക്ലോറോഫോം ഉപയോഗിച്ച് പ്രസവ ശസ്‌ത്രക്രിയ നടത്തി.

വില്ല്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ദന്തവൈദ്യൻ 1846 ഒക്ടോബർ 16ന് രക്തധമനിയിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയക്ക് ഈതർ ഉപയോഗിച്ചു. 1846ൽ അനസ്‌തേഷ്യ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ഒക്‌ടോബർ 16 ലോക അനസ്‌തേഷ്യ ദിനമായി ആചരിക്കുന്നു.

എന്നാൽ, ആളുകളെ അബോധാവസ്ഥയിലാക്കുന്ന ഏതൊരു മരുന്നും ദോഷം ചെയ്യും. നാഡീവ്യവസ്ഥയില്‍ അപകടസാധ്യതകൾ തള്ളിക്കളയാനാവില്ല.

പെനിസിലിൻ(Penicillin): വളരെ ആകസ്‌മികമായാണ് പെനിസിലിന്‍റെ കണ്ടുപിടിത്തം. 1928ൽ അവധിക്കാലം ആഘോഷിച്ച് തന്‍റെ പരീക്ഷണശാലയിൽ തിരിച്ചെത്തിയ സ്‌കോട്ടിഷ് ഫിസിഷ്യൻ അലക്‌സാണ്ടർ ഫ്ലെമിങ് അലങ്കോലമായി കിടക്കുന്ന തന്‍റെ പരീക്ഷണ വസ്‌തുക്കൾ കണ്ടു. അതിനിടിയിലാണ് താൻ സൂക്ഷിച്ചിരുന്ന സ്ര്‌ട്രെപ്‌റ്റോകോക്കസ് ബാക്‌ടീരിയകളുടെ വളർച്ച തടഞ്ഞ ഫംഗസുകൾ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ഫംഗസുകളാണ് പെനിസിലിയം. ഇതാണ് പെനിസിലിൻ എന്ന ആന്‍റിബയോട്ടിക്കിന്‍റെ കണ്ടുപിടിത്തത്തിലേക്ക് ഫ്ലെമിങ്ങിനെ നയിച്ചത്. തുടർന്ന് ഓസ്‌ട്രേലിയൻ പാത്തോളജിസ്റ്റ് ഹോവാർഡ് ഫ്ലോറിയും സംഘവും പെനിസിലിന്‍ മനുഷ്യനിൽ പരീക്ഷിക്കുകയും അത് വിജയം കാണുകയും ചെയ്തു. പിന്നീട് അമേരിക്കയുടെ ധനസഹായത്തോടെ പെനിസിലിൻ വൻതോതിൽ ഉത്പാദിപ്പിക്കുകയും ഇത് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഗതി മാറ്റുകയും ചെയ്‌തു.

  • രണ്ടാം ലോക മഹായുദ്ധവും പെനിസിലിനും: രണ്ടാം ലോക മഹായുദ്ധത്തിൽ കൂടുതൽ ആളുകളുടെ മരണകാരണം മുറിവിലുണ്ടാകുന്ന അണുബാധകളായിരുന്നു. മനുഷ്യശരീരത്തിൽ പെരുകുന്ന ഇത്തരം ബാക്‌ടീരിയകളെ നിയന്ത്രിക്കാൻ പെനിസിലിൻ എന്ന ആന്‍റിബയോട്ടിക്ക് കൊണ്ട് കഴിഞ്ഞു. തന്‍റെ കണ്ടുപിടിത്തത്തിന് ഫ്ലെമിങിന് 1945ൽ നൊബേൽ സമ്മാനം ലഭിച്ചു. എന്നാൽ, പെനിസിലിന്‍റെ അമിതമായ ഉപയോഗം ബാക്‌ടീരിയകളുടെ വകഭേദത്തിന്‍റെ ഉത്പാദനത്തിന് കാരണമാകുകയും അവയ്ക്ക് പെനിസിലിനെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാവുകയും ചെയ്‌തു.

നൈട്രോഗ്ലിസറിൻ(Nitroglycerin): ഹൃദ്രോഗ ചികിത്സയ്ക്കായി 1847ൽ കണ്ടുപിടിച്ച ആധുനിക മരുന്നാണ് നൈട്രോഗ്ലിസറിൻ. പ്രധാനമായും ആൻജീനയെ ചികിത്സിക്കുന്നതിനുള്ള മരുന്നാണ് ഇത്.

  • ആൻജീന : കഠിനമായ നെഞ്ചുവേദനയുടെ സ്വഭാവമുള്ള അവസ്ഥയാണ് ആൻജീന. പലപ്പോഴും ഹൃദയത്തിലേക്കുള്ള രക്തവിതരണം അപര്യാപ്‌തമായതിനാൽ തോളിലേക്കും കൈകളിലേക്കും കഴുത്തിലേക്കും ഇത് വ്യാപിക്കുന്നു.

ലണ്ടൻ ഫിസിഷ്യൻ വില്യം മുറെൽ ആൻജീന രോഗികളിൽ നൈട്രോഗ്ലിസറിൻ പരീക്ഷിക്കുകയും അദ്ദേഹം അതിന്‍റെ ക്ലിനിക്കൽ ഗുണങ്ങൾ തിരിച്ചറിയുകയും ചെയ്‌തു. നൈട്രോഗ്ലിസറിന്‍റെ പരീക്ഷണത്തിലൂടെ ആൻജീന ബാധിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് താരതമ്യേന സാധാരണ ജീവിതം സാധ്യമായി. രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ബീറ്റാ-ബ്ലോക്കറുകൾ, സ്റ്റാറ്റിൻസ് തുടങ്ങിയ മരുന്നുകളുടെ കണ്ടുപിടിത്തത്തിനും ഇത് വഴിയൊരുക്കി.

ഗർഭ നിരോധന ഗുളിക(The pill) : 1951ൽ യുഎസ് ബെർത്ത് കൺട്രോൾ അഭിഭാഷകനായ മാർഗ്രറ്റ് സാംഗർ ഗവേഷകനായ ഗ്രിഗറി പിൻകസിനോട് ഫലപ്രദമായ ഹോർമോൺ ഗർഭനിരോധന മാർഗം വികസിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അണ്ഡോത്‌പാദനം തടയാൻ പ്രൊജസ്റ്ററോൺ സഹായിക്കുമെന്ന് പിൻകസ് കണ്ടെത്തി. ഇതിലൂടെ ഒരു ട്രയൽ ഗുളിക വികസിപ്പിക്കുകയും അത് സ്‌ത്രീകളിൽ പരീക്ഷിക്കുകയും ചെയ്‌തു. ഇത് ഫലം കണ്ടെങ്കിലും ഇതിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു.

എന്നാൽ, അപകടസാധ്യതകളേക്കാൾ ഗർഭ നിരോധന സാധ്യത കൂടുതലായതിനാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍റെ അംഗീകാരത്തോടെ 1960-ൽ ഇനോവിഡ് എന്ന പേരിൽ GD Searle & Co പുതിയ മരുന്ന് പുറത്തിറക്കി.

  • ഗർഭ നിരോധന ഗുളികകളുടെ പാർശ്വഫലങ്ങൾ : രക്തം കട്ടപിടിക്കൽ, പക്ഷാഘാതം തുടങ്ങിയവയായിരുന്നു ഇതിന്‍റെ പാർശ്വഫലങ്ങളെന്ന് കണ്ടെത്താൻ ഏകദേശം 10 വർഷമെടുത്തു. പിന്നീട് 1970ൽ യുഎസ് ഗവൺമെന്‍റ് ഗുളികയിലെ ഹോർമോണിന്‍റെ അളവ് കുറയ്ക്കാൻ ഉത്തരവിട്ടു.

ഇത്തരം ഗുളികകൾ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമായി എന്നത് മാത്രമല്ല സ്‌ത്രീകൾ തൊഴിലിടങ്ങളിൽ സജീവമാകാനും കുടുംബങ്ങളിലെ വരുമാന വര്‍ധനവിനും ആരോഗ്യപരമായ അണുകുടുംബങ്ങളുടെ സൃഷ്ടിക്കും കാരണമായി.

ഡയാസെപാം(Diazepam) : ഉത്കണ്‌ഠ, അപസ്‌മാരം, പേശിവലിവ്, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകൾ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നാണ് ഡയാസെപാം. 1955ൽ സൃഷ്‌ടിക്കപ്പെട്ട ബെൻസോഡിയാസെപൈൻ ഹോഫ്‌മാൻ-ലാ റോച്ചെ എന്ന മരുന്ന് കമ്പനി ലിബ്രിയം എന്ന പേരിൽ വിപണനം ചെയ്‌തു. 1959ൽ പോളിഷ്-അമേരിക്കൻ രസതന്ത്രജ്ഞനായ ലിയോ സ്റ്റെർൻബാക്കും സംഘവും ലിബ്രിയത്തിൽ രാസമാറ്റം വരുത്തി കൂടുതൽ ശക്തമായ മരുന്നായ ഡയാസെപാം ഉത്പാദിപ്പിച്ചു. ഇത് 1963 മുതൽ വാലിയം എന്ന പേരിൽ വിപണനം ചെയ്‌തു. വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഇത്തരം മരുന്നുകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. 1969 മുതൽ 1982 വരെ അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ ആയിരുന്നു വാലിയം. ഈ മരുന്നുകൾ ഉപയോഗിച്ച് സമ്മർദ്ദവും ഉത്കണ്‌ഠയും നിയന്ത്രിച്ചു. ഇവയ്‌ക്ക് പാർശ്വഫലങ്ങൾ കുറവായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.