ETV Bharat / international

'പതിച്ചത് 150 കി.മീ വ്യാസത്തില്‍ ഗര്‍ത്തമുണ്ടാക്കിയ ഉല്‍ക്ക' ; ദിനോസറുകളുടെ അന്തകനായ ഛിന്നഗ്രഹം

author img

By

Published : Jun 30, 2021, 6:24 PM IST

World Asteroid day  dinosaur extinction  dinosaur extinction and asteroids  ലോക ഛിന്നഗ്രഹ ദിനം  ജൂൺ 30 ഛിന്നഗ്രഹദിനം  ദിനോസറുകളുടെ വംശനാശം  ഛിന്നഗ്രഹങ്ങളും ദിനോസർ വംശനാശവും
ലോക ഛിന്നഗ്രഹ ദിനം

ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ടെന്ന് ശാസ്‌ത്രജ്ഞര്‍.

ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ലോകത്ത് ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ഇന്നും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും മറ്റും ഏറ്റവും കൂടുതൽ പേരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ദിനോസറുകളുടെ ഫോസിലുകൾ.

സിനിമകളിലൂടെയും പുസ്‌തകങ്ങളിലൂടെയും ശാസ്‌ത്ര പഠനങ്ങളിലൂടെയും നമ്മുടെയൊക്കെ മനസിൽ ഇടം പിടിച്ച പ്രത്യേക രൂപവുമുണ്ട് ഈ ഭീകര ജീവികൾക്ക്. 243 മുതൽ 233 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ദിനോസറുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് ശാസ്‌ത്രലോകം നൽകുന്ന വിവരം.

ട്രയാസിക്ക് എന്നാണ് ഈ കാലഘട്ടത്തെ വിളിച്ചിരുന്നത്. തുടർന്ന് ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിലും ദിനോസറുകളുടെ ആധിപത്യം ബലപ്പെട്ടു. ജുറാസിക് കാലഘട്ടത്തിന്‍റെ അവസാനത്തോടെയുണ്ടായിരുന്ന പക്ഷികൾ ആധുനിക തൂവലുകളുള്ള ദിനോസറുകളാണെന്നും ഫോസിൽ രേഖകളിൽ നിന്നും വ്യക്തമാണ്.

മാത്രമല്ല, ഏതാണ്ട് 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായി എന്ന് കരുതപ്പെടുന്ന ദിനോസറുകളുടെ നാശത്തെ അതിജീവിച്ച ഒരേയൊരു വംശമാണ് പക്ഷികളെന്നും ശാസ്‌ത്രജ്ഞർ അവകാശപ്പെടുന്നുണ്ട്. ദിനോസറുകളെന്ന ഈ ഭീകരന്മാർക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചത്?

അത് ഇന്ന് പറയാവുന്ന കഥയുമാണ്. ഇന്ന് ഛിന്നഗ്രഹദിനമാണ്. 1908 ജൂൺ 30ന് റഷ്യയിലെ ടംഗുസ്ക്ക നദിയിൽ വിനാശകരമായ ഒരു ഉൽക്ക പതിച്ചതിന് പിന്നാലെയാണ് എല്ലാ വർഷവും ഈ ദിനം ലോക ഛിന്നഗ്രഹദിനമായി ആചരിച്ച് വരുന്നത്. ദിനോസറുകളും ഛിന്നഗ്രഹവും തമ്മിൽ എന്താണ് ബന്ധമെന്ന് നോക്കാം.

'ആകാശം' ഭൂമിയിലേക്ക് വീണ ദിനം

നൊബേല്‍ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞൻ ലൂയിസ് വാൾട്ടർ അൽവാരെസും അദ്ദേഹത്തിന്‍റെ മകനും ജിയോളജിസ്റ്റുമായ വാൾട്ടറും ചേർന്ന് 1980 ൽ ഒരു സിദ്ധാന്തം പ്രസിദ്ധീകരിച്ചു. മെക്‌സിക്കോയില്‍ ഇറിഡിയം സമ്പന്നമായ മണ്ണിന് കാരണം ഉൽക്കാ പതനമാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ഈ ഉൽക്കാപതനത്തിലൂടെയാണ് ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതെന്നും ഇവർ വ്യക്തമാക്കി. സൂര്യനെ പരിക്രമണം ചെയ്യുന്ന വലിയ പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ. അവയിൽ തന്നെ നൂറുകണക്കിന് മീറ്റർ വരെ വ്യാസമുള്ളവയുമുണ്ട്.

അൽവാരെസ് സിദ്ധാന്തം തുടക്കത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. പക്ഷേ മെസോസോയിക് കാലഘട്ടത്തിന്‍റെ അവസാനത്തോടെ ദിനോസറുകൾക്ക് എങ്ങനെ വംശനാശം സംഭവിച്ചെന്ന് വിശദീകരിക്കുന്ന ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സിദ്ധാന്തമായാണ് ഇന്ന് ഇതിനെ കണക്കാക്കുന്നത്.

Also Read: മനുഷ്യന്‍റെ യഥാർഥ പൂർവികർ 'ഡ്രാഗൺ മാൻ'? ചൈനയിൽ കണ്ടെത്തിയത് 1,40,000 വർഷം പഴക്കമുള്ള തലയോട്ടി

മെക്‌സിക്കോ തീരത്ത് ഉൽക്ക പതിച്ചതിനുള്ള തെളിവായ ഗർത്തം ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഗവേഷണങ്ങളിലൂടെ ഈ ഉൽക്ക ഭൂമിയിൽ പതിച്ചതും ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്ന് തന്നെയാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. 10 മുതൽ 15 കിലോമീറ്റർ വരെ വീതിയുണ്ടെന്ന് കരുതുന്ന ഛിന്നഗ്രഹമാണ് അന്ന് ഭൂമിയിൽ പതിച്ചത് എന്നാണ് അനുമാനം.

എന്നാൽ ഭൂമിയിലേക്കുള്ള ഇതിന്‍റെ പതനത്തിലൂടെ 150 കിലോമീറ്ററിലധികം വ്യാസമുള്ള വലിയ ഗർത്തം സൃഷ്‌ടിക്കാൻ ഇത് കാരണമായി. ഇത് ഭൂമിയിലെ തന്നെ രണ്ടാമത്തെ വലിയ ഗർത്തമാണ്. ഈ ഉൽക്ക പതനത്തിലൂടെ വലിയ അളവിൽ അവശിഷ്‌ടങ്ങൾ തെറിക്കുകയും അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ വേലിയേറ്റത്തിന് കാരണമാവുകയും ചെയ്തു.

ആ കാലഘട്ടത്തിൽ തന്നെ വലിയ തോതിൽ തീപിടിത്തം ഉണ്ടായതിന്‍റെ തെളിവുകളും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ദിനോസറുകളുടെ അന്തകനായത് എന്നാണ് ഇന്ന് ശാസ്‌ത്രലോകം അംഗീകരിക്കുന്ന ഒരു കാരണം.

ആഗോള വംശനാശത്തിന്‍റെ കാരണമെന്ത്?

ദിനോസറുകൾക്ക് പുറമെ ലോകത്ത് അന്നുണ്ടായിരുന്ന 75 ശതമാനം മൃഗങ്ങളും ചത്തുപോയിരുന്നു എന്നാണ് തെളിവുകൾ കാണിക്കുന്നത്. മധ്യ അമേരിക്കയിലേക്ക് ഒരു ഉൽക്ക വന്ന് വീഴുന്നതിലൂടെ ലോകത്താകമാനം എങ്ങനെ ഇത്ര ഭീകരമാംവിധത്തില്‍ നാശം ഉണ്ടാകും?

ഉയർന്ന വേഗതയിലായിരുന്നു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചത്. ഇതോടെ ഒരു വലിയ ഗർത്തം രൂപപ്പെട്ടു. അതിനാൽ തന്നെ അടുത്ത പ്രദേശങ്ങളിൽ വൻ വിനാശമുണ്ടാക്കാൻ ഇത് കാരണമായി. കൂടാതെ ഉൽക്കാപതനത്തിലൂടെ വൻ സ്ഫോടന തരംഗവും ഉഷ്‌ണ തരംഗവും ഉണ്ടായി. എല്ലാറ്റിനും പുറമെ വൻ തോതിൽ അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ നിറയാനും കാരണമായി.

ഇത് ഭൂമിയുടെ അന്തരീക്ഷത്തെ മുഴുവനായി മൂടാൻ കഴിയുന്നതായിരുന്നു എന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഇത് സൂര്യ രശ്‌മികൾ ഭൂമിയിലേക്ക് എത്തുന്നതിന്‍റെ അളവ് ക്രമാതീതമായി കുറയാന്‍ ഇടയാക്കി. ഇത് ഭൂമിയിലെ ചെടികളുടെ വളർച്ചയെ ബാധിച്ചു. ഇതോടെ ആകെയുള്ള ഭക്ഷ്യ ശൃംഖലയെയും ഇത് ബാധിച്ചു. തുടർന്ന് ആകെ ആവാസവ്യവസ്ഥ അസന്തുലിതമായി.

Also Read: വിയറ്റ്‌നാമിലെ റിയല്‍ ലൈഫ് ടാർസൻ ; ഹൊ വാൻ ലാങ്കിന് നാട് കൗതുകമാണ്

ചെടികൾ ഇല്ലാതായതോടെ സസ്യഭുക്കുകൾ പട്ടിണിയായി. ഇവ പതിയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടപ്പോൾ മാംസഭുക്കുകൾ പട്ടിണിയായി. അങ്ങനെയങ്ങനെ ഭൂമിയിലെ 75 ശതമാനത്തോളം മൃഗങ്ങളും ഒരു ഉൽക്കാപതനത്തിലൂടെ ചത്തൊടുങ്ങി.

സൂക്ഷ്‌മാണുക്കൾ മുതൽ ദിനോസറുകൾ വരെ വലിയ ഒരു ഭാഗം ജീവികളെയും ബാധിക്കുന്ന ഒന്നായിരുന്നു അന്നത്തെ ആ ഉൽക്കാ പതനം. കരയിലെ മാത്രമല്ല, അമോണൈറ്റുകൾ, മൈക്രോസ്കോപ്പിക്ക് പ്ലാങ്ക്റ്റണുകൾ, വലിയ സമുദ്ര ഉരഗങ്ങൾ എന്നിവയെല്ലാം അന്ന് ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. എന്നാൽ ഈ നഷ്‌ടം തുടക്കം കുറിച്ചത് ആധുനിക ലോകത്തിന്‍റെ തുടക്കത്തിനായിരുന്നു എന്നും ഓർക്കേണ്ടതാണ്.

ആഗോള കാലാവസ്ഥ വ്യതിയാനം

ഒരു ഛിന്നഗ്രഹം പതിച്ചത് കൊണ്ടുമാത്രമാണ് ഇത്രയധികം ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചത് എന്ന് തീർത്തും പറയാൻ കഴിയില്ല. പല സദ്ധാന്തങ്ങളില്‍ കൂടുതൽ ശാസ്‌ത്രജ്ഞർ അംഗീകരിച്ച ഒന്നാണ് ഛിന്നഗ്രഹവുമായി ബന്ധപ്പെട്ടുള്ളത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ കാലഘട്ടം ഭൂമിയിലുണ്ടായിരുന്നു.

അതികഠിനമായ ഒരു കാലാവസ്ഥ വ്യതിയാനമായിരുന്നു അന്നത്തേത് എന്നാണ് ശാസ്‌ത്രജ്ഞർ അവകാശപ്പെടുന്നത്. ഇന്നത്തെ മധ്യ ഇന്ത്യയിൽ ഗണ്യമായ തോതിൽ അഗ്നിപർവതങ്ങൾ ഉണ്ടായിരുന്നു എന്നും ശാസ്‌ത്രജ്ഞർ പറയുന്നു. ഇതിൽ നിന്നൊക്കെ വലിയ തോതിൽ പുറന്തള്ളപ്പെട്ട വാതകങ്ങൾ ആഗോള കാലാവസ്ഥയിൽ തന്നെ വൻ തോതിൽ സ്വാധീനം ചെലുത്തുകയും ചെയ്‌തതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

രണ്ട് ദശലക്ഷം വർഷങ്ങളോളം ലോകത്തിന്‍റെ പല ഭാഗങ്ങളിലും അഗ്നിപർവത സ്ഫോടനങ്ങൾ ഉണ്ടായി. ഇതിലൂടെ ദീർഘകാല മാറ്റങ്ങൾ ലോകത്ത് സംഭവിച്ചു. ഭൂഖണ്ഡങ്ങൾ പരസ്‌പരം പിളരുകയും വലിയ സമുദ്രങ്ങൾ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. ഇത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളെയും അന്തരീക്ഷത്തെയും മാറ്റിമറിച്ചു.

ഇത് കാലാവസ്ഥയിലും സസ്യജാലങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താൻ കാരണമായി. പക്ഷി ഇതര ദിനോസറുകൾ ഈ കാലാവസ്ഥാവ്യതിയാനത്തിന്‍റെ കാലഘട്ടത്തിലായിരുന്നു ജീവിച്ചിരുന്നത്. ചുരുക്കത്തിൽ അവസാന കൊലയാളി പ്രഹരമായിരുന്നു ഛിന്നഗ്രഹമെന്ന് സാരം.

എന്തൊക്കെ പറഞ്ഞാലും ഛിന്നഗ്രഹം അത്ര നിസാരക്കാരനല്ലെന്ന് ചുരുക്കം പറയാം. ഭൂമിയിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവജാലങ്ങളിൽ നാലിൽ മൂന്ന് ഭാഗത്തെയും വെറും ചരിത്രമാക്കിയ ഒന്നാണ് ഈ ഛിന്നഗ്രഹങ്ങൾ. ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ശാസ്‌ത്രജ്ഞർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.