'എന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യവും അർഥവും'; നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് ശിവൻ

'എന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യവും അർഥവും'; നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് ശിവൻ
Nayanthara Celebrating 39th birthday : തെന്നിന്ത്യയുടെ പ്രിയ താരം നയൻതാരയ്‌ക്ക് ഇന്ന് 39-ാം പിറന്നാൾ.
ഹൈദരാബാദ്: തെന്നിന്ത്യയുടെ സ്വപ്‌ന നായിക നയൻതാരയുടെ പിറന്നാളാണിന്ന്. 39ന്‍റെ ചെറുപ്പവുമായി പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന സൂപ്പർ സ്റ്റാറിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കുറിച്ച വാക്കുകളാണ് ഏവരുടെയും ഹൃദയം കവരുന്നത് (Vignesh Shivan wishes Nayanthara on 39th birthday).
'എന്‍റെ ജീവിതത്തിന്‍റെ എല്ലാ സൗന്ദര്യവും അർഥവും നീയും നിന്‍റെ സന്തോഷവുമാണ്'- അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. കേക്കിന്‍റെ ചിത്രവും അദ്ദേഹം പങ്കിട്ടു. 2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ പ്രണയം മൊട്ടിടുന്നത്.
ഒടുവിൽ 2022 ജൂൺ ഒമ്പതിന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വച്ച് തങ്ങളുടെ പ്രണയത്തിന് വിവാഹത്തിലൂടെ മറ്റൊരു നിർവചനം അവർ കുറിച്ചു. രജനികാന്ത്, എആർ റഹ്മാൻ, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖ താരങ്ങൾ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് വാടക ഗർഭധാരണത്തിലൂടെ മക്കളായ ഉലകിനെയും ഉയിരിനെയും ഇരുവരും സ്വന്തമാക്കിയതും സമൂഹത്തിന് വലിയൊരു മാതൃകയായിരുന്നു.
അതേസമയം ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെയും സിനിമ പ്രവർത്തകരുടെയും ആദ്യ ചോയിസായി അന്നും ഇന്നും തുടരാൻ നയൻതാരയ്‌ക്കായി. തന്‍റെ 19-ാം വയസിൽ സത്യൻ അന്തിക്കാടിന്‍റെ 'മനസിനക്കരെ' എന്ന മലയാള ചിത്രത്തിൽ തുടങ്ങിയ നയൻസിന്‍റെ സിനിമായാത്ര ഇന്നിതാ ബോളിവുഡിൽ എത്തിനിൽക്കുകയാണ്. ബോക്‌സോഫിസ് ഇളക്കിമറിച്ച ഷാരൂഖ് ഖാന്‍റെ ജവാനിലൂടെയാണ് നയൻതാര ബോളിവുഡിൽ തന്‍റെ അരങ്ങേറ്റം കുറിച്ചത്.
നാട്ടുരാജാവ്, വിസ്‌മയത്തുമ്പത്ത്, തസ്‌കരവീരൻ, രാപ്പകൽ, ബോഡി ഗാർഡ്, ഭാസ്‌കർ ദി റാസ്‌കൽ, പുതിയ നിയമം, ലൗ ആക്ഷൻ ഡ്രാമ, ഗോൾഡ് തുടങ്ങി മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ നയൻതാര തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മനസിനക്കരയ്‌ക്ക് പിന്നാലെ തമിഴിലേക്ക് ചേക്കേറിയ നയൻതാര പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി വളർന്നു. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നീ മോഹിനി, അയ്യാ, ഇരുമുഖൻ, തനി ഒരുവൻ, നാനും റൗഡി താൻ, കോലമാവ് കോകില അങ്ങനെ എത്രയോ മികച്ച സിനിമകൾ.
നിലവിൽ തന്‍റെ 75-ാമത് സിനിമയുടെ തിരക്കുകളിലാണ് നയൻതാര. നിലേഷ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം അന്നപൂർണി, ഡ്യൂഡ് വിക്കിയുടെ മണ്ണങ്ങാട്ടി, പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന തെലുഗു സിനിമ ഓട്ടോ ജാനി എന്നിവയാണ് നയൻതാരയുടെ റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. അതേസമയം തന്‍റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ് വിഘ്നേഷ് ശിവനും. നടനും സംവിധായകനുമായ പ്രദീപ് ആന്‍റണി നായകനാകുന്ന ഈ ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
