തിയേറ്ററുകളിൽ തരംഗം തീർക്കാൻ ഇതാ ഒരു പക്കാ ആക്ഷൻ ചിത്രം വരികയായി. ഷെയ്ന്‍ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നീ മലയാളത്തിലെ യുവതാര നിര പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ആർഡിഎക്‌സി'ന്‍റെ (RDX - റോബര്‍ട്ട് ഡോണി സേവ്യര്‍) ട്രെയ്‌ലർ പുറത്തുവിട്ടു (RDX Official Trailer). നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മുഴുനീള ആക്ഷൻ എന്‍റർടെയിനർ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
- " class="align-text-top noRightClick twitterSection" data="">
സിനിമാസ്വാദകർക്ക് നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് 'ആർഡിഎക്‌സി'ന്‍റെ നിർമാണം. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന ചിത്രമാണിത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും.
ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ഇപ്പോൾ എത്തിയിരിക്കുന്ന ട്രെയിലർ. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവർ ജീവൻ പകരുന്ന റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയും ചിത്രം കടന്ന് പോകുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.
ലാല്‍, മഹിമ നമ്പ്യാര്‍, ബാബു ആന്‍റണി, ഷമ്മി തിലകന്‍, മാല പാര്‍വതി, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രധാന്യമുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫർ അന്‍പറിവാണ്. കമല്‍ഹാസന്‍റെ 'വിക്രം', കെജിഎഫ്, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ തകർപ്പൻ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും അന്‍പറിവാണ്.
ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. 'കൈതി, വിക്രം വേദ' തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം സി എസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മനു മഞ്ജിത് ഗാനരചനയും നിർവഹിച്ചിരിക്കുന്നു.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആർഡിഎക്‌സി'ന്‍റെ നേരത്തെ പുറത്തുവന്ന ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും ഗാനങ്ങളുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തില്‍ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് അടിവരയിടുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും.
അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് റിച്ചാര്‍ഡ് കെവിന്‍ ആണ്. കല സംവിധാനം - പ്രശാന്ത് മാധവ്, കോസ്റ്റ്യും - ഡിസൈന്‍ - ധന്യ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - വിശാഖ്, നിർമാണ നിർവഹണം - ജാവേദ് ചെമ്പ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.