ETV Bharat / entertainment

'കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍'; 2018ലെ പ്രളയവും അതിജീവനവും, വികാരനിര്‍ഭര കുറിപ്പുമായി ജൂഡ്‌ ആന്‍റണി

author img

By

Published : Nov 4, 2022, 10:33 AM IST

Jude Anthany Joseph movie: 2018ലെ പ്രളയം പശ്ചാത്തലമാക്കിയുള്ള സിനിമയുമായി ജൂഡ്‌ ആന്‍റണി ജോസഫ്‌

Jude Anthany Joseph movie 2018  Jude Anthany Joseph  Jude Anthany Joseph movie  2018 title launch  2018  2018ലെ പ്രളയവും അതിജീവനവും  വികാരനിര്‍ഭര കുറിപ്പുമായി ജൂഡ്‌ ആന്‍റണി  ജൂഡ്‌ ആന്‍റണി  Jude Anthany Joseph Facebook post  2018ലെ പ്രളയം  പ്രളയം  പ്രളയം ഇനി വെള്ളിത്തിരയിലേക്ക്
'കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍'; 2018ലെ പ്രളയവും അതിജീവനവും; വികാരനിര്‍ഭര കുറിപ്പുമായി ജൂഡ്‌ ആന്‍റണി

2018 title launch: കേരളക്കരയെ ഒന്നടങ്കം പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കവും അതിജീവനവും മലയാളികള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാകില്ല. 2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഇനി വെള്ളിത്തിരയിലേക്ക്. മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ്‌ ആന്‍റണി ജോസഫ്‌ ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 2018 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

'എവരിവണ്‍ ഈസ് എ ഹീറോ' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. പൃഥ്വിരാജ്, ആസിഫ്‌ അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. വേണു കുന്നപ്പള്ളി, ആന്‍റോ ജോസഫ്‌, സി.കെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വലിയ ക്യാന്‍വാസിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധാനത്തിന് പുറമെ ജൂഡ് ആന്‍റണിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്‌ അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, നരേന്‍, ലാല്‍, സുധീഷ്, അജു വര്‍ഗീസ്, ഡോക്‌ടര്‍ റോണി, ജിബിന്‍ ഗോപിനാഥ്, അപര്‍ണ്ണ ബാലമുരളി, വിനിതാ കോശി, ശിവദ, ഗൗതമി നായര്‍, തന്‍വി റാം തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

Jude Anthany Joseph Facebook post: ഇപ്പോഴിതാ സിനിമയെ കുറിച്ച് ജൂഡ്‌ ആന്‍റണി ജോസഫ്‌ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൗന്‍സ് ചെയ്‌തിരുന്നു. ജാതി മത പാര്‍ട്ടി ഭേദെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെ കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് അസാധ്യം എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖില്‍ പി ധര്‍മജന്‍, എന്‍റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു.

കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്‌നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്ക രാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം.

അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവ ദൂതനെ പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്.

ചങ്കും വിരിച്ച് ഒരു ആര്‍ട്ട് ഡയറക്‌ടര്‍ മോഹന്‍ദാസ്, എന്‍റെ മണിചേട്ടന്‍, അഖില്‍ ജോര്‍ജ് എന്ന സഹോദര തുല്യനും പ്രതിഭയുമായ ക്യാമറാമാന്‍, എഡിറ്റര്‍ ചമന്‍ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി. (പോസ്‌റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ ആറ് മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്.

നമ്മളുടെ സ്വപ്‌നങ്ങളുടെ പിറകെ പോകുക. എന്തു തന്നെ ആയാലും, മറ്റുള്ളവര്‍ എന്തു തന്നെ പറഞ്ഞാലും, നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുക. ഈ മുഴുവന്‍ പ്രപഞ്ചവും അത് സാധ്യമാക്കാന്‍ വേണ്ടി നിങ്ങള്‍ക്കൊപ്പം നില്‍ക്കും.കാവ്യ ഫിലിംസ്‌ ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു. 2018 എവരിവണ്‍ ഈസ് എ ഹീറോ. കേരളത്തെ മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ ഒരുമിച്ച് നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ.'-ജൂഡ്‌ ആന്‍റണി കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.