ETV Bharat / entertainment

'ഭവന്‍ സിങ് ഷെഖാവത്തിന്‍റെ നിര്‍ണായക രംഗങ്ങള്‍ പൂര്‍ത്തിയായി' ; പുഷ്‌പ 2ന്‍റെ അപ്‌ഡേറ്റ് പങ്കുവച്ച് നിര്‍മാതാക്കള്‍

author img

By

Published : May 18, 2023, 5:05 PM IST

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭവന്‍ സിങ് ഷെഖാവത്തിന്‍റെ നിര്‍ണായക ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. 2024 ല്‍ പുഷ്‌പ 2 തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍

Pushpa 2  Pushpa 2 latest update  Fahadh Faasil wraps up key schedule  Fahadh Faasil wraps up key schedule of Pushpa  Pushpa second part  പുഷ്‌പ 2ന്‍റെ അപ്‌ഡേറ്റ്  പുഷ്‌പ 2  ഫഹദ് ഫാസില്‍  മൈത്രി മൂവി മേക്കേഴ്‌സ്  തെലുഗു ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍  അല്ലു അര്‍ജുന്‍  ദേവി ശ്രീ പ്രസാദ്  സുകുമാര്‍  രശ്‌മിക മന്ദാന  സായ്‌ പല്ലവി  വിജയ് സേതുപതി  പുഷ്‌പ 2  പുഷ്‌പ
പുഷ്‌പ 2

ഹൈദരാബാദ് : തെലുഗു ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്‌പ: ദി റൈസിന്‍റെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ 2: ദി റൂള്‍. ചിത്രീകരണം പുരോഗമിക്കുന്ന പുഷ്‌പ 2ന്‍റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുഷ്‌പ 2 ല്‍ മലയാളികളുടെ പ്രിയതാരം ഫഹദ്‌ ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പുഷ്‌പയുടെ ആദ്യഭാഗത്തിലും ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌തമായി നെഗറ്റീവ് റോളിലാണ് ഫഹദ് പുഷ്‌പയില്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കാരനായ ഭവന്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഫഹദ് പുഷ്‌പയില്‍.

പുഷ്‌പ 2ല്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ ഒടുവിലായി പുറത്തുവിട്ടത്. 'ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭവന്‍ സിങ് ഷെഖാവത്തിനൊപ്പമുള്ള പുഷ്‌പ 2: ദി റൂളിന്‍റെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇത്തവണ അവന്‍ കൂടുതല്‍ പ്രതികാരത്തോടെ മടങ്ങി വരും' - നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ട്വീറ്റ് ചെയ്‌തു.

അല്ലു അര്‍ജുന്‍റെ പുഷ്‌പ എന്ന കഥാപാത്രത്തോട് പ്രതികാരം ചെയ്യുമെന്ന് ഫഹദിന്‍റെ ഭവന്‍ സിങ് ഷെഖാവത്ത് പ്രഖ്യാപിക്കുന്നതോടെയാണ് 'പുഷ്‌പ'യുടെ ആദ്യഭാഗം അവസാനിക്കുന്നത്. 2021ല്‍ തിയേറ്ററുകളിലെത്തിയ പുഷ്‌പ 1നേക്കാള്‍ പുഷ്‌പ 2: ദി റൂള്‍ മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍. ഒന്നാം ഭാഗം നല്‍കുന്ന സൂചനകള്‍ പ്രകാരം പുഷ്‌പയും ഭവന്‍ സിങ്ങും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സീനുകള്‍ പുഷ്‌പ 2ല്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.

ഏപ്രില്‍ മാസത്തില്‍ അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ നിര്‍മാതാക്കള്‍ പുഷ്‌പ 2ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഇത് തരംഗം സൃഷ്‌ടിച്ചിരുന്നു പുഷ്‌പ 2ന്‍റെ ഫസ്റ്റ് ലുക്ക്. വളരെ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്കില്‍ അല്ലു അര്‍ജുനെ അവതരിപ്പിച്ചത്.

സാരി ധരിച്ച് വള, മാല, കമ്മല്‍, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങള്‍ അണിഞ്ഞ് പെണ്‍വേഷത്തിലാണ് പോസ്റ്ററില്‍ അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ കയ്യില്‍ ഒരു കൈത്തോക്കും പിടിച്ചിട്ടുണ്ട്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ലുവും ഫസ്റ്റ് ലുക്ക് പങ്കിട്ടിരുന്നു. പുഷ്‌പ 2: ദി റൂള്‍ തുടങ്ങുന്നു എന്ന കുറിപ്പോടെയാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ടത്. ഫസ്റ്റ് ലുക്കിന് പുറമെ നിര്‍മാതാക്കള്‍ പ്രത്യേക വീഡിയോയും പുറത്തുവിട്ടിരുന്നു.

പുഷ്‌പ 2 വിന്‍റെ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. കൂടാതെ ആദ്യ ഭാഗത്ത് അവതരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ആക്ഷന്‍ സീക്വന്‍സുകളും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിനെല്ലാം പുറമെ വമ്പന്‍ താര നിരയാണ് പുഷ്‌പ 2ല്‍ അണി നിരക്കുന്നത് എന്നും സൂചനയുണ്ട്. വിജയ് സേതുപതി, സായ്‌ പല്ലവി എന്നിവര്‍ രണ്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രീവല്ലിയായി രശ്‌മിക മന്ദാന തന്നെയാണ് വേഷമിടുന്നത്.

ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്‌പ. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2024ല്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകുടെ ശ്രമം. 350 കോടി ബജറ്റില്‍ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.