ETV Bharat / entertainment

എഴുതിത്തള്ളിയവരെ വിസ്‌മയിപ്പിച്ച് ഉയിര്‍പ്പ്, സൂക്ഷ്‌മാഭിനയത്തിലൂടെ പരകായം ; 'അഴിഞ്ഞാട്ട'ത്തിന്‍റെ ഫഹദ് മാതൃക

author img

By

Published : Aug 8, 2023, 9:04 AM IST

Fahadh faasil 41th birthday  Fahadh faasil birthday  Fahadh faasil  Fahadh faasil movie  Fahadh faasil birthday special  maamannan  ഫഹദ് ഫാസിൽ  ഫഹദ് ഫാസിൽ ജന്മദിനം  ഫഹദ് ഫാസിൽ പിറന്നാൾ  ഫഹദ് ഫാസിൽ ചിത്രങ്ങൾ  Fahadh faasil films  ഫഹദ് ഫാസിൽ സിനിമകൾ  മാമന്നൻ  മാമന്നൻ രത്നവേൽ  ഫഹദ് ഫാസിൽ കഥാപാത്രങ്ങൾ  ഫഫ  fafa  ഫഹദ് ഫാസിലിന് 41ാം ജന്മദിനം
ഫഹദ് ഫാസിൽ

അഭിനയമികവിലൂടെ മലയാളിയെ വിസ്‌മയിപ്പിക്കുന്ന ഫഹദ് ഫാസിലിന് ഇന്ന് 41-ാം ജന്മദിനം

'നിങ്ങൾക്ക് ഒരു കഥാപാത്രത്തെ വെറുക്കണമെങ്കിൽ ആ വേഷം ഫഹദ് ഫാസിലിന് നൽകാതിരിക്കുകയാണ് വേണ്ടത്...' മാമന്നൻ എന്ന ചിത്രത്തിലെ പ്രകടനം കണ്ട ഒരു പ്രേക്ഷകൻ കുറിച്ചതാണ്. അതെ അയാളിലെ നടൻ വീണ്ടും വീണ്ടും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. രൂപഭാവപരിണാമങ്ങൾ, വാചാലമായ കണ്ണുകൾ, കാഴ്‌ചക്കാരെ ഞെട്ടിക്കുന്ന ചിരി, അയാളുടെ പരകായങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഓരോ തവണയും വിസ്‌മയിക്കുന്നു. അഭിനയിക്കാൻ അറിയില്ലെന്നുപറഞ്ഞ് പരിഹസിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിച്ച നടൻ. മലയാളത്തിന്‍റെ സ്വന്തം 'ഫഫ'യ്‌ക്ക് ഇന്ന് 41-ാം ജന്മദിനം.

2002ല്‍ 'കൈയെത്തുംദൂരത്ത്' എന്ന ആദ്യ ചിത്രം പാളി. പിന്നീടുള്ള ഏഴ് വർഷം ഫഹദ് ഫാസിലിനെ സിനിമാലോകം കണ്ടില്ല. എന്നാൽ 2009ൽ അയാൾ തിരികെയെത്തി. 'കേരള കഫെ' എന്ന ആന്തോളജിയില്‍ 'മൃത്യുഞ്ജയം' എന്ന ഹ്രസ്വചിത്രത്തിൽ. 2011ൽ റിലീസായ 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിലൂടെ അയാളിലെ നടനെ പ്രേക്ഷകർ അംഗീകരിച്ചു.

'അവൻ തിരിച്ചുവരും' : ആദ്യ സിനിമയിലെ പക്വതയില്ലായ്‌മ, അത് നൽകിയ പരാജയത്തിന്‍റെ കയ്‌പ്പ്, നേരിട്ട പരിഹാസങ്ങൾ, പിന്നീട് അപ്രത്യക്ഷമായ ഏഴ് വർഷങ്ങൾ. തന്നിലെ നടനെ വാർത്തെടുക്കാൻ, തോറ്റുമടങ്ങാതെ മുന്നോട്ട് കുതിക്കാനുള്ള തയാറെടുപ്പിനുള്ള ഏഴ് വർഷങ്ങൾ. 'അവൻ തിരിച്ചുവരു'മെന്ന് അച്ഛൻ ഫാസിൽ അത്രമേൽ ആത്മവിശ്വാസത്തോടെയാണ് അന്ന് പറഞ്ഞത്. ഏഴ് വർഷങ്ങൾക്ക് ശേഷം അയാൾ തിരികെയെത്തി. 14 വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിനിടയിൽ അയാൾ പടിപടിയായി തെന്നിന്ത്യൻ സിനിമാലോകത്ത് തന്‍റെ സിംഹാസനം ഉറപ്പിച്ചു.

ചാപ്പാകുരിശിന് പിന്നാലെ എത്തിയ ഓരോ ചിത്രങ്ങളിലൂടെയും 'ഫഫ' പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. സുരക്ഷിതമായ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോകാതെ, തെല്ലും ആവർത്തന വിരസത തോന്നിക്കാതെ മുഖഭാവത്തിലും നടത്തത്തിലും ചിരിയിലും നോട്ടത്തിലും അയാൾ വ്യത്യസ്‌തതകൾ സമ്മാനിച്ചു. നായകനായും വില്ലനായുമൊക്കെ അയാൾ സ്‌ക്രീനിൽ അഴിഞ്ഞാടി. കണ്ടിരുന്നവർ കോരിത്തരിച്ചു. കണ്ണില്‍ ഫഹദ് വരുത്തുന്ന ഭാവവിന്യാസങ്ങളെ വാഴ്‌ത്തിപ്പാടാത്തവരില്ല. നിഷ്‌കളങ്കതയും വില്ലനിസവും ഒരുപോലെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് അയാളുടെ കണ്ണിനുണ്ട്.

പ്രണയിച്ച് വഞ്ചിച്ച സിറിൽ സി മാത്യു (22 ഫീമെയിൽ കോട്ടയം), തരികിട രാഷ്‌ട്രീയക്കാരനായ അയ്‌മനം സിദ്ധാർഥൻ (ഒരു ഇന്ത്യൻ പ്രണയകഥ), വൃത്തിക്കൂടുതലുള്ള ഹരി (നോർത്ത് 24 കാതം), ഇയ്യോബിന്‍റെ പുസ്‌തകത്തിലെ അലോഷി, റൊമാന്‍റിക്കായ ദാസ് (ബാംഗ്ലൂർ ഡേയ്‌സ്), വക്രബുദ്ധിക്കാരനായ 'കള്ളൻ' പ്രസാദ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), ആത്മാഭിമാനത്തിനായി പോരാടിയ മഹേഷ് (മഹേഷിന്‍റെ പ്രതികാരം), പുരുഷാധിപത്യത്തിന്‍റെ പ്രതീകമായ ഷമ്മി (കുമ്പളങ്ങി നൈറ്റ്സ്), മടിയനും കൂർമബുദ്ധിക്കാരനുമായ ജോജി (ജോജി), പോരാടാൻ ഇറങ്ങിത്തിരിക്കുന്ന എബിൻ (വരത്തൻ), ജനപ്രീതിയുള്ള അലിയിക്ക (മാലിക്), പാസ്റ്റർ ജോഷ്വാ (ട്രാൻസ്), വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന അധ്വാനിക്കാതെ പൈസ ഉണ്ടാക്കാനുള്ള വഴികൾ ആലോചിക്കുന്ന പ്രകാശൻ (ഞാൻ പ്രകാശൻ), മലയൻകുഞ്ഞിലെ അനിക്കുട്ടൻ, പകയുള്ള ഇൻസ്‌പെക്‌ടർ ഭൻവർ സിംഗ് ഷേഖാവത് (പുഷ്‌പ), ഏജന്‍റ് അമർ (വിക്രം), ജാതിചിന്ത വച്ചുപുലർത്തുന്ന രത്നവേൽ (മാമന്നൻ)എന്നിങ്ങനെ അഭിനയസാധ്യതകളെ അടയാളപ്പെടുത്തിയ പലരതരം കഥാപാത്രങ്ങൾ. ഓരോന്നിന് വേണ്ടിയും സസൂക്ഷ്‌മം കരുതിവയ്ക്കു‌ന്ന ഭാവങ്ങൾ. അഭിനയത്തിന്‍റെ ആഴവും പരപ്പും വെളിവാക്കുന്ന കണ്ണുകൾ.

അതെ തിരിച്ചുവരവിലും ജയപരാജയങ്ങൾ ഉണ്ടായി.എന്നാൽ അയാളിലെ നടന് അടിപതറിയില്ല. വീണ്ടും വീണ്ടും നടനാകാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തോൽവികൾ ശാശ്വതമല്ലെന്ന് തെളിയിച്ചുകൊണ്ട് ഭാഷാഭേദമന്യേ ഫഹദ് ഫാസിൽ എന്ന നടന്‍ വളരുകയാണ്. വിജയശ്രേണികളിൽ അഹങ്കരിക്കാതെ തെല്ലും താരപ്രഭയില്ലാതെ തന്‍റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരുമായി സംവദിക്കുന്ന അയാളുടെ മുന്നേറ്റത്തിൽ അഭിമാനിക്കുകയാണ് മലയാളികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.