ETV Bharat / entertainment

കാൻ 2023 : നേട്ടംകൊയ്‌ത് 'അനാട്ടമി ഓഫ് എ ഫാൾ' ; വിജയകിരീടം ചൂടിയവർ ആരൊക്കെയെന്നറിയാം

author img

By

Published : May 28, 2023, 2:59 PM IST

sitara  കാൻ 2023  Cannes 2023  Anatomy of a Fall  കാൻ ഫിലിം ഫെസ്റ്റിവല്‍  76മത് കാൻ ഫിലിം ഫെസ്റ്റിവല്‍  Cannes 2023 Full List Of Winners  ജസ്റ്റിൻ ട്രയറ്റ്  അനാട്ടമി ഓഫ് എ ഫാൾ  സാന്ദ്ര ഹുല്ലർ  റൂബൻ ഓസ്റ്റ്‌ലണ്ട്  കോജി യാകുഷോ  മെർവ് ദിസ്‌ദാർ  ഫാളൻ ലീവ്‌സ്  Koji Yakusho  Merve Dizdar  Justine Triet
കാൻ 2023: നേട്ടംകൊയ്‌ത് 'അനാട്ടമി ഓഫ് എ ഫാൾ'; വിജയികിരീടം ചൂടിയവർ ആരൊക്കെയെന്നറിയാം

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് പതിപ്പ് വനിത സംവിധായകരുടെ ശക്തമായ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി

ലോകത്തെ ഏറ്റവും വിപുലമായ ചലച്ചിത്ര മേളയായായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് പതിപ്പിന് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് റിവൈറയിൽ തിരശ്ശീല വീണത്. വിവിധ കാറ്റഗറികളിലായി നൂറ് കണക്കിന് ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ മാറ്റുരച്ചത്. ഫ്രഞ്ച് ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും എഡിറ്ററുമായ ജസ്റ്റിൻ ട്രയറ്റിന്‍റെ 'അനാട്ടമി ഓഫ് എ ഫാൾ' ആണ് കാൻ ചലച്ചിത്രോത്സവത്തിലെ പ്രധാന പുരസ്‌കാരമായ ഗോൾഡൻ പാം സ്വന്തമാക്കിയത്.

21 സിനിമകളോട് മത്സരിച്ചാണ് 'അനാട്ടമി ഓഫ് എ ഫാളി'ന്‍റെ ചരിത്ര നേട്ടം. ഭർത്താവിന്‍റെ മരണത്തിൽ കുറ്റാരോപിതയായ സ്‌ത്രീ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന കഥയാണ് 'അനാട്ടമി ഓഫ് എ ഫാൾ' പറയുന്നത്.

ജർമൻ എഴുത്തുകാരിയായ സാന്ദ്ര, ദുരൂഹ സാഹചര്യത്തിൽ തന്‍റെ ഭർത്താവ് മഞ്ഞുമലയിൽ വച്ച് മരണപ്പെട്ട വിവരം അറിയുന്നു. പിന്നാലെ അവർക്കുമേല്‍ കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. വിചാരണക്കിടെ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ എഴുത്തുകാരി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് 'അനാട്ടമി ഓഫ് എ ഫാൾ' മുന്നോട്ട് നീങ്ങുന്നത്.

സാന്ദ്ര ഹുല്ലർ ആണ് ജർമൻ എഴുത്തുകാരിയായി വേഷമിടുന്നത്. സാന്ദ്ര ഹുല്ലറുടെ പകരം വയ്‌ക്കാനില്ലാത്ത അസാമാന്യ പ്രകടനവും എടുത്തു പറയേണ്ടതാണ്.

കാനില്‍ വനിത സംവിധായകർ ശക്തമായ സാന്നിധ്യം അറിയിച്ച വർഷം കൂടിയായി 2023. 'അനാട്ടമി ഓഫ് എ ഫാളി'ന്‍റെ പുരസ്‌കാര നേട്ടത്തോടെ ഫെസ്റ്റിവലില്‍ ഗോൾഡൻ പാം നേടുന്ന മൂന്നാമത്തെ വനിതയായി ഫ്രഞ്ച് സംവിധായക ജസ്റ്റിൻ ട്രയറ്റ് മാറി. ഈ നേട്ടം തന്നെ "ആഴത്തിൽ സ്‌പർശിച്ചു" എന്നായിരുന്നു ജസ്റ്റിൻ ട്രയറ്റിന്‍റെ പ്രതികരണം.

"ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായതിൽ ഞാൻ വളരെ സന്തോഷവതിയാണ്. കാര്യങ്ങൾ ശരിക്കും മാറിക്കൊണ്ടിരിക്കുകയാണ്, മികച്ച നിലയില്‍ തന്നെയാണ് ആ മാറ്റങ്ങൾ"- അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്‍റെ പ്രസംഗത്തിനിടെ, ഫ്രാൻസിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന നിയമം ഏർപ്പെടുത്തിയ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ സർക്കാരിനെ ട്രൈറ്റ് വിമർശിക്കുകയും ചെയ്‌തു.

അതേസമയം ഈ വർഷം കാനിൽ മത്സരിച്ച 21 എൻട്രികളിൽ ഏഴെണ്ണം സ്‌ത്രീകളുടേതായിരുന്നു. കൂടാതെ സങ്കീർണ്ണമായ കഥാപാത്രങ്ങൾക്ക് ജീവന്‍ നല്‍കി നിരവധി അഭിനേത്രികളാണ് കാനില്‍ അവിസ്‌മരണീയമായ പ്രകടനം കാഴ്‌ചവച്ചത്. 'അനാട്ടമി ഓഫ് എ ഫാൾ' സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'മെസ്സി ദ ബോർഡർ കോളി' എന്ന നായയും കാഴ്‌ചക്കാരില്‍ അത്‌ഭുതം നിറച്ചു. സിനിമയിലെ മികച്ച പ്രകടനം പാം ഡോഗ് അവാർഡും മെസ്സിക്ക് നേടിക്കൊടുത്തു.

കാൻ പരമ്പരാഗതമായി ഒരു ചിത്രത്തിന് ഒരു പുരസ്‌കാരം മാത്രമേ നല്‍കൂ എന്നിരിക്കെ 'അനാട്ടമി ഓഫ് എ ഫാളി'ലെ അസാമാന്യ പ്രകടനത്തിന് ഹ്യൂല്ലർ അവാർഡ് നേടിയില്ലെങ്കിലും യഥാർഥത്തില്‍ അവർ തന്നെയായിരുന്നു ആ രാത്രിയിലെ സ്‌റ്റാർ. റണ്ണർ അപ്പ് ഗ്രാൻഡ് പ്രിക്‌സ് നേടിയ ബ്രിട്ടന്‍റെ ജോനാഥൻ ഗ്ലേസറിന്‍റെ 'ദി സോൺ ഓഫ് ഇന്‍ററസ്റ്റി'ലും ശ്രദ്ധേയ സാന്നിധ്യമായി ഹ്യൂല്ലർ ഉണ്ടായിരുന്നു.

ലോകത്തിലെ മുൻനിര സിനിമകളുടെ ഒത്തുചേരലിനാണ് 76-ാമത് എഡിഷൻ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ വിജയിയായ റൂബൻ ഓസ്റ്റ്‌ലണ്ട് (ട്രയാംഗിൾ ഓഫ് സാഡ്‌നെസ്) ആണ് പുരസ്‌കാര നിർണയ ജൂറിയെ നയിച്ചത്. ഹോളിവുഡ് താരങ്ങളായ പോൾ ഡാനോയും ബ്രീ ലാർസണും ഉൾപ്പെടെ സിനിമ മേഖലയിലെ ഒമ്പത് പേരായിരുന്നു ജൂറി അംഗങ്ങൾ.

വളരെ തീവ്രവും രസകരവുമായ ചർച്ചകൾ നടത്തിയാണ് തങ്ങൾ വിജയികളെ തിരഞ്ഞെടുത്തതെന്ന് ഓസ്‌ലണ്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 'ദി പോട്ട്-ഓ-ഫ്യൂ' എന്ന ചിത്രം ഒരുക്കിയ ട്രാൻ അൻ ഹംഗിനെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. വിയറ്റ്നാമിൽ ജനിച്ച ഫ്രഞ്ച് ചലച്ചിത്രകാരനാണ് ട്രാൻ അൻ ഹംഗിന്‍. 'ദി പോട്ട്-ഓ-ഫ്യൂ' സിനിമയിൽ തികച്ചും അസാധാരണമായ പ്രകടനം കാഴ്‌ചവച്ച ജൂലിയറ്റ് ബിനോച്ചിന് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം 'പെർഫെക്റ്റ് ഡേയ്‌സി'ലെ പ്രകടനത്തിന് ജപ്പാന്‍റെ കോജി യാകുഷോ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ടോക്കിയോയിലെ ഒരു ടോയ്‌ലറ്റ് ക്ലീനറിനെക്കുറിച്ചുള്ള ഹൃദയസ്‌പർശിയായ കഥയാണ് 'പെർഫെക്റ്റ് ഡേയ്‌സ്' പറയുന്നത്. സങ്കീർണ്ണമായ പശ്ചാത്തലമുള്ള ചിത്രത്തില്‍ മനോഹരമായ ഒരു കഥാപാത്രം തനിക്ക് സമ്മാനിച്ചതിന് സംവിധായകൻ വിം വെൻഡേഴ്‌സിനോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.

'എബൗട്ട് ഡ്രൈ ഗ്രാസ്സി'ലെ പ്രകടനത്തിന് തുർക്കി താരം മെർവ് ദിസ്‌ദാറാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇതിനിടെ പാം ഡി ഓർ സമ്മാനിക്കാനെത്തിയ ഹോളിവുഡ് ഇതിഹാസം ജെയ്ൻ ഫോണ്ടയുടെ വാക്കുകളും ശ്രദ്ധ നേടി.

1963-ൽ താൻ ആദ്യമായി കാനിലെത്തിയ കാര്യം അനുസ്‌മരിച്ച അവർ അക്കാലത്ത് വനിത സംവിധായകർ മത്സരിച്ചിട്ടില്ലെന്നും അതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പോലും അപ്പോൾ തോന്നിയിരുന്നില്ല എന്നും പറഞ്ഞു. നമ്മൾ ഒരുപാട് ദൂരം മുന്നിലേക്ക് എത്തിയിരിക്കുന്നു എന്നും ജെയ്ൻ ഫോണ്ട കൂട്ടിച്ചേർത്തു.

അക്കി കൗറിസ്‌മാക്കിയുടെ ഫിന്നിഷ് ചിത്രമായ 'ഫാളൻ ലീവ്‌സ്' മൂന്നാം സ്ഥാനക്കാരായി ജൂറി പുരസ്‌കാരം നേടി. കാനില്‍ റണ്ണറപ്പ് പുരസ്‌കാരം നേടിയ 'ദ സോൺ ഓഫ് ഇന്‍ററസ്റ്റി'ന്‍റെ സംവിധായകന്‍ ജൊനാഥന്‍ ഗ്ലേസർ ക്വെന്‍റിൻ ടരാന്‍റിനോയിൽ നിന്നും 97-കാരനായ കൾട്ട് ഡയറക്‌ടർ റോജർ കോർമാനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.

ഹോളിവുഡിൽ നിന്നുള്ള പ്രായമായ പുരുഷ ഐക്കണുകളുടെ കൂടിച്ചേരലിനും കാന്‍ വേദിയായി. ഇന്ത്യാന ജോൺസിന്‍റെയും ഡയൽ ഓഫ് ഡെസ്റ്റിനിയുടെയും പ്രീമിയറിന് മുന്നോടിയായി ഓണററി പാം ഡി ഓർ ലഭിച്ച അമേരിക്കന്‍ നടനായ 80-കാരന്‍ ഹാരിസൺ ഫോർഡ് നിറകണ്ണുകളോടെയാണ് വേദിയിലെത്തിയത്.

86-കാരനായ കെൻ ലോച്ച്, 83-കാരനായ മാർക്കോ ബെല്ലോച്ചിയോ, 82-കാരനായ വിക്‌ടർ എറിസ് എന്നിവരും മേളയില്‍ മാറ്റുരച്ചു. അതേസമയം 80-കാരനായ സ്‌കോർസെസി തന്‍റെ നേറ്റീവ് അമേരിക്കൻ ഇതിഹാസമായ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ' മത്സരത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ആരാഞ്ഞ എഎഫ്‌പിയോട് ''മറ്റുള്ളവർക്കുള്ള സമയമായി. എനിക്ക് പോകണം. ചുറ്റും കുട്ടികളുണ്ട്"- എന്നായിരുന്നു തമാശ രൂപേണയുള്ള അദ്ദേഹത്തിന്‍റെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.