ETV Bharat / entertainment

കൊലയാളിയെ തേടി എസ്ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും' ടീസർ

author img

By ETV Bharat Kerala Team

Published : Jan 12, 2024, 9:06 PM IST

Anweshippin Kandethum teaser released : സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്‍റെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ടൊവിനോ നായകനാവുന്ന ചിത്രത്തിന്‍റെ ടീസർ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നൽകുന്നു

Anweshippin Kandethum teaser  Tovino Thomas  അന്വേഷിപ്പിൻ കണ്ടെത്തും  ടൊവിനോ തോമസ്
Anweshippin Kandethum movie teaser released

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി ( Anweshippin Kandethum movie teaser). പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേഷകരുടെ കഥ പറയുന്ന സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ ടീസർ പ്രേക്ഷകരിൽ ആകാംക്ഷ നിറയ്‌ക്കുന്നതാണ്.

പറങ്ങോടന്‍റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുന്നു. അന്വേഷണത്തിനായി ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും എത്തുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ആര്?. കൊലപാതകി ആര്?. കൊലയ്ക്ക്‌ പിന്നിലെ കാരണമെന്ത്?. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയാണ് ത്രില്ലർ ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുക. സിനിമ അന്വേഷണ കഥയിലൂടെ കടന്ന് പോകുന്നതാണെന്ന് വ്യക്തമാക്കുന്ന വ്യത്യസ്‌തമായ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും'( Anweshippin Kandethum) ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. പൊലീസ് യൂണിഫോമിൽ ടൊവിനോ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു.

പോസ്റ്ററിന് പിന്നാലെ സിനിമയുടെ ഇതിവൃത്തം സൂചിപ്പിക്കുന്ന ടീസറും എത്തിയതോടെ പ്രേക്ഷകർ റിലീസിനായി കാത്തിരിക്കുകയാണ്. മാസ് ​ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പൊലീസുകാരന്‍റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്. 2023 മാർച്ച് 5ന് കോട്ടയത്തായിരുന്നു സിനിമയുടെ ആദ്യഘട്ട ചിത്രീകരണം. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായി പൂർത്തീകരിച്ച ഈ ബി​ഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്‌തമായ ദൃശ്യാവിഷ്‌കാരമായിരിക്കും സമ്മാനിക്കുക.

'കൽക്കി', 'എസ്ര' എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ (Tovino Thomas) പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ചിത്രത്തിൽ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമാണിത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

Also read: 'കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല' ; ഞെട്ടിക്കുന്ന 'ഭ്രമയുഗം' ടീസര്‍ പുറത്ത്

ദിലീപ് നാഥിന്‍റെ കലാസംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ വസ്ത്രാലങ്കാരം സമീറ സനീഷും മേക്കപ്പ് സജി കാട്ടാക്കടയും ചിത്രസംയോജനം സൈജു ശ്രീധറുമാണ് ഒരുക്കിയിട്ടുള്ളത്. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. സഞ്ജു ജെ ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.