ETV Bharat / entertainment

'പൃഥ്വിരാജ്‌ ഒരു ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍ പോലെയാണ്, ഹോളിവുഡില്‍ ഉടന്‍ ഇറക്കുമതി ചെയ്യും'

author img

By

Published : Mar 25, 2023, 2:14 PM IST

Alphonse Puthren praises Prithviraj  പുകഴ്‌ത്തി അല്‍ഫോണ്‍സ് പുത്രന്‍  അല്‍ഫോണ്‍സ് പുത്രന്‍  പൃഥ്വിരാജ്‌ ഒരു ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍ പോലെയാണ്  പൃഥ്വിരാജ്‌  രാജു
പൃഥ്വിരാജ്‌ ഒരു ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍ പോലെയാണ്

മൊഴി, കനാ കണ്ടേല്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ്‌ എന്നിവയാണ് രാജുവിന്‍റെ ഇഷ്‌ടപ്പെട്ട സിനിമകളെന്ന് അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജിനെ പുകഴ്‌ത്തി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പൃഥ്വിരാജിനെ ഒരു ഫോട്ടോസ്‌റ്റാറ്റ് മെഷീനോട് ഉപമിച്ചിരിക്കുകയാണ് സംവിധായകന്‍. പൃഥ്വിരാജിനെ കുറിച്ചുള്ള അല്‍ഫോണ്‍സ്‌ പുത്രന്‍റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിനിമയുടെ ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. പൃഥ്വിരാജ് - അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടുക്കെട്ടില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ഗോള്‍ഡ്'. 'ഗോള്‍ഡി'ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ കുറിപ്പ്.

'ഡയലോഗുകള്‍ പഠിക്കുന്ന സമയത്ത് പൃഥ്വിരാജ്‌ (രാജു) ഒരു ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍ പോലെയാണ്. അഭിനയിക്കുമ്പോള്‍ ആറ് അഭിനേതാക്കളുടെ ഡയലോഗുകളെങ്കിലും പൃഥ്വിരാജ് തിരുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഹോളിവുഡിലേയ്‌ക്ക് ഉടനെ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണലാണ്. ഹിന്ദി സിനിമയ്‌ക്കും തമിഴ് സിനിമയ്‌ക്കും പൃഥ്വിയുടെ ശക്തി എന്തെന്നറിയാം. മൊഴി, കനാ കണ്ടേല്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ്‌ എന്നിവയാണ് രാജുവിന്‍റെ ഇഷ്‌ടപ്പെട്ട സിനിമകള്‍. തനി തങ്കം..' -ഇപ്രകാരമാണ് അല്‍ഫോണ്‍സ്‌ പുത്രന്‍ കുറിച്ചത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 'ഗോള്‍ഡി'ലൂടെയാണ് അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാന രംഗത്തെത്തുന്നത്. നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'പ്രേമ'മായിരുന്നു, 'ഗോള്‍ഡി'ന് മുമ്പുള്ള അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം. പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ സിനിമയ്‌ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. വലിയ ഹൈപ്പുകളോടെ റിലീസിനെത്തിയ ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സിനിമയ്‌ക്കെതിരെ മോശം കമന്‍റുകളും വിമര്‍ശനങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതില്‍ പ്രതികരിച്ച്‌ അല്‍ഫോണ്‍സ് പുത്രന്‍ അന്ന് രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കില്‍ നിന്നും തന്‍റെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്‌തു കൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. ഒപ്പം ഒരു കുറിപ്പും സംവിധായകന്‍ പങ്കുവച്ചിരുന്നു.

'നിങ്ങളെന്നെ ട്രോളുകളും എന്നെയും എന്‍റെ ഗോള്‍ഡ് സിനിമയെ കുറിച്ചും മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്‌തിക്ക് വേണ്ടിയാണ്.. അത് നിങ്ങള്‍ക്ക് ഇഷ്‌ടമായിരിക്കാം. എന്നാലെനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാനെന്‍റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമ അല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ നിങ്ങള്‍ക്കാര്‍ക്കും അവകാശം നല്‍കിയിട്ടില്ല.

എന്‍റെ സൃഷ്‌ടികള്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി. അല്ലാതെ എന്‍റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. ഇനി ആരെങ്കിലും അങ്ങനെ ചെയ്‌താല്‍, ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമാകും. പഴയത് പോലെയല്ല ഞാന്‍. എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്‌ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്‍റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ് ഞാന്‍.

ഞാന്‍ വീണപ്പോളുള്ള നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മന:പൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നെ വീഴ്‌ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് കരുതുന്നു. നല്ലൊരു ദിനം ആശംസിക്കുന്നു' -ഇപ്രകാരമാണ് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.

Also Read: 'എന്‍റെ മുഖം കാണിക്കില്ല, ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല': അല്‍ഫോണ്‍സ് പുത്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.