ETV Bharat / entertainment

നന്ദനത്തിലെ വേശാമണി അമ്മാൾ, കല്യാണരാമനിലെ കാർത്ത്യായനി അമ്മ.. ആർ സുബ്ബലക്ഷ്‌മി ഇനി ഓർമകളില്‍

author img

By ETV Bharat Kerala Team

Published : Dec 1, 2023, 9:04 AM IST

Actress R Subbalakshmi: ഇന്നലെ (30.11.23) രാത്രിയാണ് നടി ആർ സുബ്ബലക്ഷ്‌മി അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Actress R Subbalakshmi passes away  Actress R Subbalakshmi Death  dancer R Subbalakshmi Death  nandanam movie veshamani ammal R Subbalakshmi  kalyanaraman karthyayani amma r Subbalakshmi  Actress R Subbalakshmi movies  നന്ദനത്തിലെ വേശാമണി അമ്മാൾ ആർ സുബ്ബലക്ഷ്‌മി  നടി ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു  നടി ആർ സുബ്ബലക്ഷ്‌മിയുടെ മരണം  കല്യാണരാമൻ ആർ സുബ്ബലക്ഷ്‌മി  ആർ സുബ്ബലക്ഷ്‌മി മലയാളം സിനിമകൾ  ആർ സുബ്ബലക്ഷ്‌മി സിനിമകൾ
Actress R Subbalakshmi

ലയാള സിനിമയിൽ മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് ആർ സുബ്ബലക്ഷ്‌മി (Actress R Subbalakshmi). കല്യാണരാമനിലെ കാർത്ത്യായനി അമ്മയെ നിറ ചിരിയോടെയല്ലാതെ പ്രേക്ഷകന് ഓർക്കാൻ കഴിയില്ല. വാർധക്യ പ്രണയത്തിന്‍റെ കുസൃതിയും മോണകാട്ടിയുള്ള നാണം കലർന്ന പുഞ്ചിരിയും മലയാളികളെ അത്രത്തോളം ആകർഷിച്ചിരുന്നു. എന്നാൽ ആ മുത്തശ്ശി വാത്സല്യം ഇനിയില്ല.. ആ ചിരി മാഞ്ഞു..

തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ ജനിച്ച സുബ്ബലക്ഷ്‌മി സംഗീതജ്ഞയും നർത്തകിയുമായിരുന്നു. സംഗീതജ്ഞയായിട്ടായിരുന്നു കലാരംഗത്തേക്കുള്ള അരങ്ങേറ്റം. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപികയുമായിരുന്നു അവർ. 1951ൽ ഓൾ ഇന്ത്യ റേഡിയോയിൽ തെന്നിന്ത്യയിലെ ആദ്യ വനിത കമ്പോസറായും സുബ്ബലക്ഷ്‌മി തിളങ്ങി.

സിനിമയിലെത്തിയ ആദ്യകാലങ്ങളിൽ അവതരിപ്പിച്ച ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരിപിടി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ അവർക്ക് കഴിഞ്ഞു. സുബ്ബലക്ഷ്‌മിക്ക് ജനപ്രീതി നേടിക്കൊടുത്ത ചിത്രത്തിൽ മുൻപന്തിയിൽ തന്നെയുള്ള സിനിമകളാണ് നന്ദനവും കല്യാണരാമനും.

രഞ്ജിത്ത് സംവിധാനം ചെയ്‌ത നന്ദനം (Nandanam) എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്‌മി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതും. നന്ദനത്തിലെ വേശാമണി അമ്മാൾ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കല്യാണരാമൻ (Kalyanaraman) എന്ന ചിത്രത്തിലെ മുത്തശ്ശി കഥാപാത്രവും മലയാളികൾക്ക് മറക്കാൻ കഴിയില്ല.

കാർത്ത്യായനി എന്ന കഥാപാത്രമായിരുന്നു സുബ്ബലക്ഷ്‌മി അവതരിപ്പിച്ചത്. ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള കോമ്പോ സീനുകൾ പ്രേക്ഷകരെ രസിപ്പിച്ചു. ചിത്രത്തിൽ വാർധക്യ പ്രണയവും നാണവും ചിരിയും എല്ലാം സുബ്ബലക്ഷ്‌മി മികവുറ്റതാക്കി കൈകാര്യം ചെയ്‌തു.

തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, ഗ്രാമഫോൺ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്‌മിനി, കഥയിലെ രാജകുമാരൻ തുടങ്ങി 70ഓളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്‌മി വേഷമിട്ടു. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് സുബ്ബലക്ഷ്‌മിയുടെ അന്യഭാഷ ചിത്രങ്ങള്‍.

ടെലിവിഷന്‍ രംഗത്തും താരം സജീവമായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി 65ഓളം സീരിയലുകളിലും 14ഓളം പരസ്യചിത്രങ്ങളിലും സുബ്ബലക്ഷ്‌മി അഭിനയിച്ചു. ജാക്ക് ഡാനിയേല്‍, റോക്ക് ആന്‍റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുകയും മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്നീ സിനിമകൾക്കായി ഗാനം ആലപിക്കുകയും ചെയ്‌തിരുന്നു. വിജയ്‌ നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലാണ് സുബ്ബലക്ഷ്‌മി അവസാനമായി വേഷമിട്ടത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളികളുടെ പ്രിയ മുത്തശ്ശിക്ക് വിട..

Also read: മലയാള സിനിമയിലെ മുത്തശ്ശി നടി ആര്‍ സുബ്ബലക്ഷ്‌മി അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.