ETV Bharat / crime

കൊച്ചി മനുഷ്യക്കടത്ത്: പരാതിയുമായി മറ്റൊരു സ്‌ത്രീയും രംഗത്ത്, മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഉടന്‍

author img

By

Published : Jun 22, 2022, 3:33 PM IST

കേസിലെ മുഖ്യ പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് വിദേശത്താണ്. ഇയാളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്

kochi human trafficking case another women filed complaint  kochi human trafficking case  human trafficking  illegal activities  കൊച്ചി മനുഷ്യക്കടത്ത്  മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍  മനുഷ്യക്കടത്ത് കേസ്  മനുഷ്യക്കടത്ത് പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ്
കൊച്ചി മനുഷ്യക്കടത്ത് : പരാതിയുമായി മറ്റൊരു സ്ത്രീയും രംഗത്ത്, മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഉടന്‍

എറണാകുളം: കൊച്ചി മനുഷ്യക്കടത്ത് കേസിൽ പരാതിയുമായി രണ്ടാമത് ഒരു സ്‌ത്രീ കൂടി രംഗത്ത്. ഇവരുടെ പരാതിയിൽ പൊലീസ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്‌തു. അതേസമയം കേസിലെ മുഖ്യ പ്രതി വിദേശത്തുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് ഉടന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും.

സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്‌ദാനം ചെയ്‌താണ് നിര്‍ധനരായ യുവതികളെ കെണിയില്‍പ്പെടുത്തിയത്. സംഭവത്തില്‍ നേരത്തെ തോപ്പുംപടി സ്വദേശിനിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പരസ്യം കണ്ട് ഏജന്‍സിയെ സമീപിച്ച താന്‍ ഉള്‍പ്പടെയുള്ളവരെ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കടത്തി എന്നായിരുന്നു യുവതിയുടെ പരാതി.

അറബിയുടെ വീട്ടില്‍ ജോലിക്ക് നിയോഗിക്കപ്പെട്ട തോപ്പുംപടി സ്വദേശിനി, വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് മജീദ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായും ഇവര്‍ വെളിപ്പെടുത്തി. കുവൈറ്റിലെ മലയാളി സന്നദ്ധ സംഘടനയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതികളെ കുവൈറ്റിലേക്ക് കടത്തി കബളിപ്പിച്ചെന്ന കേസില്‍ കൊച്ചിയിലെ ഏജന്‍സി ഉടമ അജുമോനെ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു.

തട്ടിപ്പിന് ഇരയായ തോപ്പുംപടി സ്വദേശിനിയുടെ പരാതിയിലായിരുന്നു അജുമോനെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യ പ്രതി മജീദിന്‍റെ പങ്കാളിത്തം സംബന്ധിച്ചും യുവതിയും അറസ്റ്റിലായ അജുമോനും പൊലീസിന് വിവരങ്ങൾ നൽകി.

പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള അജുമോനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭീകര സംഘടനയായ ഐഎസിന് വില്‍ക്കുമെന്ന് മജീദ് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞു. ഈ വിവരത്തെ തുടർന്ന് എൻ.ഐ.എ പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു.

പൊലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ അജുമോന്‍ നല്‍കുന്ന മൊഴി വിശദമായി പരിശോധിച്ച ശേഷം കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.