ETV Bharat / crime

വ്യാജ മദ്യ വിൽപന; ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേർ പിടിയിൽ

author img

By

Published : Jan 25, 2023, 12:12 PM IST

എംസി എന്ന മദ്യത്തിന്‍റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച 35 ലിറ്റർ വരുന്ന 70 കുപ്പികളാണ് ശാന്തൻപാറ സിഐയുടെ നേതൃത്വത്തിൽ പിടികൂടിയത്

വ്യാജ മദ്യം പിടികൂടി  Fake liquor seized in Pooppara  Fake liquor  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ബിവറേജസ് ഔട്‌ലെറ്റ്  പൂപ്പാറയിൽ വ്യാജ മദ്യം പിടികൂടി  ശാന്തന്‍പാറ പൊലീസ്  വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമം  Beverages Outlet pooppara  idukki crime news  malayalam news  Shantanpara Police  Attempt to sell fake liquor  മദ്യത്തിന്‍റെ വ്യാജ സ്റ്റിക്കര്‍  മദ്യം
വില്‌ക്കാൻ ശ്രമിച്ച വ്യാജ മദ്യം പിടികൂടി

ഇടുക്കി: ബിവറേജസ് ഔട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാല് പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. പൂപ്പാറ ബിവറേജസ് ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് സ്വദേശി ബിനു(50), ബന്ധുവായ പോത്തന്‍കോട് സ്വദേശി ബിജു(40), ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനു(53), മകന്‍ എബിന്‍(22) എന്നിവരാണ് അറസ്‌റ്റിലായത്. ശാന്തന്‍പാറ സിഐ മനോജ് കുമാര്‍, എസ്‌ഐ പി.ഡി.അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തു നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നും 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. ബിവറേജസ് ഔട്‌ലെറ്റില്‍ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോ ഡ്രെെവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എംസി എന്ന മദ്യത്തിന്‍റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലുള്ള മദ്യം ബിവറേജസ് ഔട്‌ലെറ്റില്‍ നിന്നാണെന്ന വ്യാജേനയാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ബിവറേജസ് ഔട്‍‌ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നല്‍കാമെന്ന് ബിനു പറഞ്ഞ വിവരം മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു.

ഈ വിവരം ബിവറേജസ് അധികൃതര്‍ പൊലീസിനെയും എക്സെെസ് വിഭാഗത്തിനെയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ബിനുവിന്‍റെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എബിന്‍ ഓടിച്ച ജീപ്പില്‍ നിന്നാണ് വ്യാജ മദ്യം കണ്ടെത്തിയത്.

ഏഴ് മാസം മുന്‍പാണ് തിരുവന്തപുരം സ്വദേശിയായ ബിനു പൂപ്പാറയിലെ ബിവറേജസ് ഔട്‌ലെറ്റിലേക്ക് സ്ഥലം മാറിയെത്തിയത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ വ്യാജ മദ്യം കൊണ്ടു വന്നതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ശാന്തന്‍പാറ സിഐ മനോജ്‌കുമാര്‍ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.