കൊല്‍ക്കത്ത : വ്യാജ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടാക്കി വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അസബുല്‍ മൊല്ലയാണ് (28) അറസ്റ്റിലായത്. സെപ്‌റ്റംബര്‍ 28നാണ് സാഗർദിഗി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
28 വയസിനുള്ളില്‍ 24 യുവതികളെയാണ് ഇയാള്‍ വിവാഹം ചെയ്‌ത് തട്ടിപ്പിനിരകളാക്കിയത്. അവസാനമായി സാഗര്‍ദിഗിയിലെ ബാലിയയില്‍ നിന്നുള്ള യുവതിയെയാണ് ഇയാള്‍ വിവാഹം ചെയ്‌തത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ സ്വര്‍ണവും പണവും മോഷ്‌ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു.
ഇതോടെ തട്ടിപ്പിനിരയായ യുവതി സാഗർദിഗി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. റോഡ് നിര്‍മാണ തൊഴിലാളിയായ ഇയാള്‍ വിവിധയിടങ്ങളില്‍ ജോലിക്ക് പോകുമ്പോഴാണ് തട്ടിപ്പ് നടത്തിയിരുന്നത്.
Also Read: അമേരിക്കയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹ തട്ടിപ്പ്; ഇരയായത് എട്ട് പേര്‍; ഞെട്ടിക്കുന്ന വിവരങ്ങൾ
ജെസിബി ഡ്രൈവറാണെന്നും ചിലപ്പോള്‍ അനാഥനാണെന്നുമാണ് ഇയാള്‍ യുവതികളോട് പറഞ്ഞിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചാണ് യുവതികളെ തട്ടിപ്പിനിരകളാക്കിയത്. യുവതികളെ വിവാഹം ചെയ്‌തതിന് ശേഷം ഭാര്യ വീട്ടില്‍ തന്നെ കുറച്ച് നാള്‍ തങ്ങുകയായിരുന്നു പതിവ്.
കുറച്ച് ആഴ്‌ചകള്‍ക്ക് ശേഷം സ്വര്‍ണവും പണവുമെല്ലാം കവര്‍ന്ന് ഇയാള്‍ രക്ഷപ്പെടും. ഇത്തരത്തില്‍ കവര്‍ച്ച നടത്തി മുങ്ങിയതിന് ശേഷം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ദിവസങ്ങളോളം ഓഫാക്കി വയ്ക്കും. യുവതികളും വീട്ടുകാരും ഇയാളുടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താതിരിക്കാനാണ് മൊബൈല്‍ ഫോണ്‍ ഓഫാക്കുന്നത്.
ദത്തപുകുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്റ്റേഷനിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍ പശ്ചിമ ബംഗാളിന് പുറമെ ബിഹാറിലും സമാന തട്ടിപ്പ് നടത്തിയതായി പ്രതി വെളിപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് സാഗർദിഗി പൊലീസ് അറിയിച്ചു.