ETV Bharat / city

സുരേഷ് ഗോപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്; ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ പൂഴിക്കടകന്‍

author img

By

Published : Oct 14, 2022, 8:08 PM IST

Updated : Oct 14, 2022, 8:22 PM IST

സംസ്ഥാനത്തെ നിലവിലെ നേതൃത്വത്തിലെ ചേരി തിരിവുകളും ഐക്യമില്ലായ്മയും ബോധ്യപ്പെട്ടതിനെത്തുടർന്ന് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും പരമോന്നത സമിതിയായ കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയത്.

സുരേഷ് ഗോപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്  suresh gopi inducted into bjp core committee  ലോക്‌സഭാ തെരഞ്ഞെടുപ്പ്  സുരേഷ് ഗോപി  ബിജെപി കേന്ദ്ര നേതൃത്തിന്‍റെ പൂഴിക്കടകന്‍  പ്രകാശ് ജാവ്‌ദേക്കർ  Suresh Gopi  Suresh Gopi into BJP core committee  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്
സുരേഷ് ഗോപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ പൂഴിക്കടകന്‍

തിരുവനന്തപുരം: കേരളം പിടിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ നടപ്പാക്കിയ എല്ലാ തന്ത്രങ്ങളും പാളിയതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ എത്തിച്ച് ലക്ഷ്യം കൈവരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്തിന്‍റെ പൂഴിക്കടകന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നേരിട്ടാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് നിയമിച്ചിരിക്കുന്നത് എന്നാണ് വിവരം.

ശബരിമല സ്ത്രീ പ്രവേശന വിഷയം മുന്‍ നിര്‍ത്തി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെയും മെട്രോമാന്‍ ഇ.ശ്രീധരനെയും ഇറക്കി ബിജെപി നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ എല്ലാ പരീക്ഷണങ്ങളും പാളി. ഇതിന് പിന്നാലെയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും പരമോന്നത സമിതിയായ കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയത്.

വരുന്ന ഡിസംബറില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ കാലാവധി തീരാനിരിക്കെ ഒരു തവണ കൂടി പ്രസിഡന്‍റ് സ്ഥാനം നോട്ടമിടുന്ന സുരേന്ദ്രനെ വെട്ടി സംസ്ഥാന പ്രസിഡന്‍റായി സുരേഷ് ഗോപിയെ നിയമിച്ചാലും അത്ഭുതപ്പെടാനില്ല. സംസ്ഥാനത്തിന്‍റെ ചുമതലയിലേക്ക് കേന്ദ്ര നേതൃത്വം അടുത്തിടെ കൊണ്ടു വന്ന മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ ഇടപെടലും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തെ നിലവിലെ നേതൃത്വത്തിലെ ചേരി തിരിവുകളും ഐക്യമില്ലായ്മയും ബോധ്യപ്പെട്ട ജാവ്‌ദേകര്‍ നേതൃത്വത്തിന്‍റെ ശേഷിയില്ലായ്‌മ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഇമേജുള്ള സുരേഷ് ഗോപിയെ കൊണ്ടു വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം.

നേരത്തെ ഒരു വേള പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപിയോട് കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചിരുന്നെങ്കിലും സിനിമയില്‍ സജീവമായി തുടരാനാണ് താത്പര്യമെന്ന് താരം അറിയിച്ചിരുന്നു. സുരേഷ് ഗോപി സമ്മതം മൂളിയാല്‍ അടുത്ത സംസ്ഥാന പ്രസിഡന്‍റ് ആര് എന്ന ചോദ്യം പോലും ഉദിക്കുന്നില്ല.

അതേസമയം സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതു കൊണ്ടു മാത്രം പരിഹിരിക്കാവുന്നതാണോ സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ എന്നത് ഈ അവസരത്തില്‍ അങ്ങേയറ്റം പ്രസകത്മാണ്. 2024 ല്‍ തന്‍റെ നേതൃത്വത്തില്‍ ഫലമുണ്ടാക്കാനായില്ലെങ്കില്‍ അത് സ്വന്തം ഇമേജിനെ എങ്ങനെ ബാധിക്കുമെന്നത് സുരേഷ് ഗോപിക്കും നന്നായി അറിയാം.

Last Updated : Oct 14, 2022, 8:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.