ETV Bharat / city

സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

author img

By

Published : Sep 6, 2021, 5:51 PM IST

പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍  കേരളത്തിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍  പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ വാർത്ത  സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍  പോസ്റ്റ് കൊവിഡ് സിൻട്രോം  post covid syndrome  post covid clinics  post covid clinics news
സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സർക്കാർ ഉത്തരവും പുറത്തിറക്കി. കൊവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളെയാണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്.

കൊവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയും ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളില്‍ വ്യാഴാഴ്‌ചകളിലും മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളില്‍ മാനേജ്മെന്‍റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍, സ്വകാര്യ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സംസ്ഥാന, ജില്ല, സ്ഥാപന തലങ്ങളില്‍ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍മാരുടെ നേതൃത്വത്തിലും ജില്ലാ തലത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളില്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികള്‍ പ്രവര്‍ത്തിക്കുക.

സ്വകാര്യ ആശുപത്രികളിൽ നോഡൽ ഓഫീസർമാർ

സ്വകാര്യ ആശുപത്രികളില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ മേല്‍നോട്ടത്തിനായി ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നതാണ്. എല്ലാ രോഗികള്‍ക്കും സി.ഫ്.എല്‍.റ്റി.സി, സി.എസ്.എല്‍.റ്റി.സി, ഡി.സി.സി, കൊവിഡ് ആശുപത്രികളില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കും. ഫീല്‍ഡ് തലത്തില്‍ ജെ.പി.എച്ച്.എന്‍., ജെ.എച്ച്.ഐ, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളെക്കുറിച്ച് കൊവിഡ് മുക്തരായവര്‍ക്ക് ബോധവത്കരണം നല്‍കും.

പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. ഫീല്‍ഡ് തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ അതാത് പ്രദേശത്തുള്ള കൊവിഡ് മുക്തരായവര്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളില്‍ എത്തി സേവനം തേടുന്നുവെന്ന് ഉറപ്പ് വരുത്തും.

ആശുപതികളില്‍ ചികിത്സയ്ക്കായി എത്തുന്ന കൊവിഡ് രോഗികളുടെ പേരും മേല്‍വിലാസവും അതാതു പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. പി.എച്ച്.സി, എഫ്.എച്ച്.സി., സി.എച്ച്.സി. തലത്തില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കില്‍ എത്തുന്ന രോഗികളെ രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. കൂടുതല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെ ദ്വീതീയ, ത്രിതീയ തല ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. രോഗികളുടെ റഫറല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്യും.

പള്‍മണറി റിഹാബിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും

താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ ടെലിമെഡിസിന്‍ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ജനറല്‍ മെഡിസിന്‍, ഹൃദ്രോഗ വിഭാഗം, റെസ്‌പിരേറ്ററി മെഡിസിന്‍, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഇ എന്‍.റ്റി, അസ്ഥിരോഗവിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിര്‍ത്തുവാനുള്ള വിവിധ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പള്‍മണറി റിഹാബിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും.

ജില്ല, ജനറല്‍ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന പള്‍മണറി റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിന്‍റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്‌സ് എന്നിവരുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ALSO READ: നിപ പ്രതിരോധത്തിന് മാനേജ്‌മെന്‍റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.