ETV Bharat / city

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീരു കാണാതെ കുറ്റിയടിക്കരുത്; കെ സുധാകരന്‍

author img

By

Published : Jan 7, 2022, 7:30 PM IST

k Sudhakar on k rail again  congress against k rail project  കെ റെയിലിനെതിരെ കെ സുധാകരന്‍  കുടിയിറക്കപ്പെടുന്നവരുടെ ദുരവസ്ഥ  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീരു കാണാതെ കുറ്റിയടിക്കരുത്; കെ സുധാകരന്‍

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഒരു വ്യാഴവട്ടക്കാലമായി പെരുവഴിയിലാണെന്നും കെ-റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാണെന്നും കെ സുധാകരൻ.

തിരുവനന്തപുരം: ചെങ്ങറയിലെയും അരിപ്പയിലെയും പാവപ്പെട്ട ജനങ്ങള്‍ ഭൂമിക്ക് വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമ്പോള്‍ കേരളമാകെ ഓടി നടന്ന് കുറ്റിയടിച്ച് ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാരിനെ കഴിയൂവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഒരു വ്യാഴവട്ടക്കാലമായി പെരുവഴിയിലാണ്. ഏഴു വില്ലേജുകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബാംഗങ്ങളില്‍ 52 പേര്‍ക്കു മാത്രമാണ് ഇതുവരെ വീട് വയ്ക്കാനായത്. ആനുകൂല്യം കിട്ടാതെ 32 പേര്‍ മരിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.

കെ-റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാണ്. ഏകപക്ഷീയ നിലപാടുകളുമായി മുഖ്യമന്ത്രി മുന്നോട്ടു പോകുകയാണ്. പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ച തുക വളരെ കുറവാണ്. പദ്ധതി കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കും. ജനങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് കെ-റെയില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചത്. കെ-റെയില്‍ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തുന്നതിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണെന്നും കെ സുധാകരൻ ചോദിക്കുന്നു.

നാടുനീളെ വിശദീകരണ യോഗം നടത്തുന്ന മുഖ്യമന്ത്രി ഡി.പി.ആര്‍ പൂഴ്ത്തിവയ്ക്കുന്നതെന്തിന്?. കെ-റെയിലിന്‍റെ ദോഷ വശങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കും. റെയില്‍വേ ലൈന്‍ കടന്നു പോകുന്നിടങ്ങളില്‍ സമര കേന്ദ്രങ്ങള്‍ സംഘടിപ്പിക്കും. കെപിസിസി ആസ്ഥാനത്ത് പോഷക സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരന്‍.

READ MORE: കെ റെയിലിന് പകരം സബർബൻ പദ്ധതി നടപ്പാക്കണമെന്ന് ഉമ്മൻചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.