ETV Bharat / city

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ട്ടി വിടുന്നു : കെ.പി അനില്‍കുമാര്‍

author img

By

Published : Sep 14, 2021, 2:44 PM IST

Updated : Sep 14, 2021, 8:11 PM IST

'കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സംഘപരിവാര്‍ മനസ്. ലിക്വിഡേഷന്‍ പ്രക്രിയയിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നുപോകുന്നത്'

കെപി അനില്‍കുമാര്‍ വാര്‍ത്ത  കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു വാര്‍ത്ത  കെപി അനില്‍കുമാര്‍ സുധാകരന്‍ വിമര്‍ശനം വാര്‍ത്ത  കെപി അനില്‍കുമാര്‍ വിമര്‍ശനം വാര്‍ത്ത  kp anilkumar news  kp anilkumar quits congress news  kp anil kumar against k sudhakaran news
'പിന്നില്‍ നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ട്ടി വിടുന്നു': കെപി അനില്‍കുമാര്‍

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുന്നത് പിരിച്ചുവിടല്‍ പ്രക്രിയിലൂടെയെന്ന് കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍. കൊടുക്കല്‍ വാങ്ങല്‍ ഇല്ലാത്തവര്‍ വേണ്ടെന്നതാണ് പാര്‍ട്ടിയിലെ സ്ഥിതി. സംഘപരിവാര്‍ മനസുള്ള ഒരാള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ പാര്‍ട്ടിയില്‍ എവിടെയാണ് ജനാധിപത്യമെന്നും നീതിയെന്നും കെ.പി അനില്‍കുമാര്‍ ചോദിച്ചു.

സുധാകരനെതിരെ രൂക്ഷ വിമര്‍ശനം

സംഘപരിവാര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന്‍ തന്നെയാണ് വ്യക്തമാക്കിയത്. സംഘപരിവാര്‍ മനസുള്ളവര്‍ക്കേ സംഘപരിവാറുമായി മുന്നോട്ടുപോകാനാകൂ. താലിബാന്‍ തീവ്രവാദികള്‍ അഫ്‌ഗാനിസ്ഥാന്‍ പിടിച്ച പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. സുധാകരന് വേണ്ടി രംഗത്തിറങ്ങിയവര്‍ കോണ്‍ഗ്രസുകാരായിരുന്നില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ അസ്‌തിത്വം നഷ്‌ടപ്പെടുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് പകച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പകച്ചുനില്‍ക്കുന്നു എന്നത് കഷ്‌ടമാണ്. ഇന്ധന വില കുതിച്ചുയരുമ്പോള്‍ കോണ്‍ഗ്രസ് കയ്യും കെട്ടി നോക്കി നില്‍ക്കുന്നു.

കേരളത്തില്‍ പുതിയ നേതൃത്വം വന്ന ശേഷം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞത്. വാക്കുകള്‍ വ്യത്യസ്‌തമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത് തന്നെയാണ് പറഞ്ഞത്. എന്നിട്ട് അവര്‍ക്കെതിരെ നടപടിയെടുത്തോ. ഈ നീതി നിഷേധത്തിനെതിരെയാണ് പ്രതിഷേധിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.

'പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നു'

പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പുതിയ നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. തനിക്ക് 2016ലും 2021ലും സീറ്റ് നിഷേധിച്ചിട്ടും എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നേതൃത്വത്തിനെതിരെ ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ടുപോയത്.

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനം എന്നാല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പദമാണെന്ന് വിശ്വസിക്കുന്നില്ല. എന്‍റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവര്‍ ഈ പാര്‍ട്ടിയിലുള്ളത് കൊണ്ടും പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടും പാര്‍ട്ടി വിടുന്നു.

ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും താന്‍ കേരളത്തിന്‍റെ പൊതു രംഗത്തുണ്ടാകും. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read more: കെ.പി.അനില്‍കുമാറും കോണ്‍ഗ്രസ് വിട്ടു, ഉപാധികളില്ലാതെ സി.പി.എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം

Last Updated :Sep 14, 2021, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.