ETV Bharat / city

'ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം' ; ഡബ്ല്യുസിസിയുടെ ഹർജിയിൽ കക്ഷി ചേർന്ന് വനിത കമ്മിഷൻ

author img

By

Published : Feb 3, 2022, 6:04 PM IST

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ജനുവരി 27ന് വനിത കമ്മിഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു

Kerala Womens Commission WCC Plea in high court  WCC Plea Justice Hema Committee Report  WCC AMMA  ഹേമ കമ്മിറ്റി റിപ്പോർട്ട് വനിത കമ്മിഷൻ  ഡബ്ലുസിസി വനിത കമ്മിഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം; ഡബ്ലുസിസിയുടെ ഹർജിയിൽ കക്ഷി ചേർന്ന് വനിത കമ്മിഷൻ

എറണാകുളം : ഡബ്ല്യുസിസി 2018ൽ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കക്ഷി ചേർന്ന് വനിത കമ്മിഷൻ. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിൽ പരാതി പരിഹാര സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വനിത കമ്മിഷൻ കക്ഷി ചേർന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശിപാർശകൾ മലയാള സിനിമ മേഖലയിൽ നടപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു.

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ക്ഷേമത്തിനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടി ജനുവരി 27ന് വനിത കമ്മിഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. ചലച്ചിത്ര ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനകരമായ രീതിയിൽ നിയമനിർമാണം നടത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

Also Read: 'കുറച്ച് ഗോമൂത്രം കുടിക്കൂ'; ലോക്‌സഭ പ്രസംഗത്തിന് മുന്നോടിയായി ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാൻ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന് വിശാഖ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. കൂടാതെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാന്‍ 2013ൽ പാര്‍ലമെന്‍റ് പ്രത്യേക നിയമവും പാസാക്കിയിരുന്നു. എന്നിട്ടും എ.എം.എം.എ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടില്ലെന്ന് കാണിച്ച് ഡബ്ല്യുസിസി കോടതിയെ സമീപിച്ചു. സംഘടന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാത്തതിനാൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവർക്ക് യാതൊന്നും ചെയ്യാനാകുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

എ.എം.എം.എയും സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷനും ഇതുവരെ പരാതി സെൽ രൂപീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുസിസിയുടെ പരാതി ലഭിച്ചതായി വനിത കമ്മിഷൻ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2017ൽ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ പശ്ചാത്തലത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടർന്നാണ്, സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും തൊഴിൽ സംസ്‌കാരവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ വിദഗ്‌ധ സമിതി രൂപീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.