ETV Bharat / city

'അതിജീവിതയ്‌ക്കൊപ്പമെങ്കില്‍ എന്തുകൊണ്ട് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ല' ; സര്‍ക്കാരിനെതിരെ കെ സുധാകരന്‍

author img

By

Published : May 25, 2022, 4:21 PM IST

സർക്കാരിനെതിരെ സുധാകരന്‍  നടിയെ ആക്രമിച്ച കേസ് കെ സുധാകരന്‍  നടിയെ ആക്രമിച്ച കേസ് പ്രോസിക്യൂട്ടർ നിയമനം സുധാകരന്‍  k sudhakaran against ldf govt  k sudhakaran allegations on actor assault case  k sudhakaran on actor assault case  k sudhakaran on special prosecutor in actor assault case
'സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെങ്കില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല?': കെ സുധാകരന്‍

നടിയെ ആക്രമിച്ച കേസില്‍ രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയൊരാളെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ രാജിവച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് ഇതിനിടെ രാജിവച്ചത്. രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയൊരാളെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമായിരുന്നെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച ഉടനെ പുതിയൊരാളെ നിയമിക്കുമായിരുന്നില്ലേയെന്നും സുധാകരന്‍ ചോദിച്ചു. തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

മുഖ്യമന്ത്രിയും പൊലീസും ഉന്നതരെ ഭയക്കുന്നതെന്തിന്: അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കേസന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അപ്പോള്‍ എവിടെയൊക്കെയോ പൊലീസിന് കൈവിറയല്‍ ഉണ്ടായി എന്നല്ലേ കരുതേണ്ടത്.

Also read: അതിജീവിതയ്ക്ക് അനാവശ്യ ഭീതിയെന്ന് സര്‍ക്കാര്‍, വിശദീകരണം ചോദിച്ച് ഹൈക്കോടതി

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാത്ത സര്‍ക്കാര്‍ നടപടിക്കും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിനും എതിരെ കേരളീയ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഒരു ഘട്ടത്തില്‍ ശരിയായ ദിശയിലായിരുന്ന കേസിന് ഗതിമാറ്റമുണ്ടായത് അന്വേഷണം ചിലരിലേക്ക് എത്തിയപ്പോഴാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യണമെന്ന് പൊലീസ് തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവരെ മുഖ്യമന്ത്രിയും പൊലീസും ഭയക്കുന്നതെന്തിനാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അടുത്ത കാലത്ത് നടന്ന നിയമനത്തെ തുടര്‍ന്നാണ് കേസ് വഴിതെറ്റാന്‍ തുടങ്ങിയതെന്ന് ആക്ഷേപമുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.