ETV Bharat / city

കരുവന്നൂരില്‍ അവസാനിക്കാത്ത തട്ടിപ്പ്, നാള്‍ക്കുനാള്‍ പുതിയവ പുറത്ത്, സഹകരണ ബാങ്കുകളെ കൈയൊഴിയുമോ നിക്ഷേപകര്‍ ; ആശങ്ക

author img

By

Published : Jul 30, 2022, 8:26 PM IST

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നിക്ഷേപകര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് അകലുന്നതിന് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കാരണമായേക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്  co operative sector in kerala facing huge crisis  co operative sector in kerala  KARUVANNUR BANK LOAN SCAM  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്കുകളെ കേരളത്തിലെ നിക്ഷേപകര്‍ കയ്യൊഴിയുമോ  കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സഹകരണ ബാങ്കുകളെ കേരളത്തിലെ നിക്ഷേപകര്‍ കയ്യൊഴിയുമോ

തിരുവനന്തപുരം : കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരെയും കര്‍ഷകരെയും രക്ഷിക്കാന്‍ ആരംഭിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കാകെ മാതൃകയായി തുടരുന്നതിനിടെയാണ് കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനാകാത്ത അവസ്ഥ.

നിക്ഷേപ തുകയില്‍ നിന്ന് വിദഗ്‌ധ ചികിത്സയ്ക്ക് പണം ലഭിക്കാതെ വന്നതോടെ തൃശൂര്‍ സ്വദേശിയായ റിട്ടേര്‍ഡ് നഴ്‌സ് ഫിലോമിന ആശുപത്രിയില്‍ മരണപ്പെടുകയും, മൃതദേഹവുമായി ഭര്‍ത്താവ് ദേവസ്സിയും മകനും ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. കരുവന്നൂര്‍ മാത്രമല്ല, നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കരുവന്നൂര്‍, കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ തട്ടിപ്പ് : വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് യഥാര്‍ഥത്തില്‍ പുറത്താകുന്നത് 2021 ജൂലൈ 22 ന് 63 കാരനായ മുകുന്ദന്‍ എന്നയാളുടെ ആത്മഹത്യയോടെയാണ്. ബാങ്കില്‍ നിന്നെടുത്ത ഇല്ലാത്ത വായ്‌പയുടെ ജപ്‌തി നോട്ടിസ് ലഭിച്ചതോടെയാണ് മുകുന്ദന്‍ ജീവനൊടുക്കിയത്.

30 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്‌പയെടുത്ത മുകുന്ദന്‍ അത് പുതുക്കി. എന്നാല്‍ മുകുന്ദന് 30 ലക്ഷത്തിന്‍റെയും 50 ലക്ഷത്തിന്‍റെയും രണ്ട് ലോണുകള്‍ ഉണ്ടെന്നും ഉടന്‍ രണ്ടും അടച്ചുതീര്‍ക്കണമെന്നുമായി ബാങ്ക്. കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. നിവൃത്തിയില്ലാതെ മുകുന്ദന് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നു.

യഥാര്‍ഥത്തില്‍ 2018 മുതല്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുവന്ന് തുടങ്ങിയിരുന്നു. 2018 ഡിസംബര്‍ 8ന് സി.പി.എം മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി തന്നെ ബാങ്കിന്‍റെ തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്‌തിരുന്നു. ബാങ്കിന് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഗുണനിലവാരമില്ലായ്‌മ, പരിശോധന നടത്താതെ ഒരേ അപേക്ഷയില്‍ തന്നെ ഒന്നിലേറെ വായ്‌പകള്‍ നല്‍കല്‍ എന്നിവ സംബന്ധിച്ച് സി.പി.എം നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്‍റ് കെ.കെ ദിവാകരനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 300 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, കമ്മിഷന്‍ ഏജന്‍റ് കിരണ്‍ തുടങ്ങി 6 മുഖ്യ പ്രതികള്‍ക്ക് പുറമേ 11 ഭരണ സമിതി അംഗങ്ങളെയും തട്ടിപ്പില്‍ പ്രതികളിലാക്കി. പ്രതികളെല്ലാം സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നു.

പണാപഹരണത്തിനായി സംഘം ചേരല്‍, പണം തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമം കാട്ടല്‍, ആള്‍മാറാട്ടം തുടങ്ങി 50 ലേറെ കുറ്റങ്ങൾ പ്രതികള്‍ക്കെതിരെ ചുമത്തി. 300 കോടിയെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരണ വിദഗ്‌ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് 226.78 കോടി രൂപയാണെന്ന് കണ്ടെത്തി.

ഈ റിപ്പോര്‍ട്ട് 2021 ആഗസ്റ്റില്‍ കോടതിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ 104 കോടിയുടെ തട്ടിപ്പ് മാത്രമേ ബാങ്കില്‍ നടന്നിട്ടുള്ളൂവെന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറയുന്നത്. ഏതായാലും പണം പല വഴികളില്‍ ബാങ്കില്‍ നിന്ന് നഷ്ടമായതാണ് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പണം എന്ന് തിരികെ കിട്ടുമെന്നോ എത്ര രൂപ കിട്ടുമെന്നോ ഒരു നിശ്ചയവുമില്ല.

ഒരു മാസം കൊണ്ട് 9000 കോടിയുടെ നിക്ഷേപം : സഹകരണ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ 11,994 ആണ്. ഇതില്‍ നിന്നുതന്നെ സംസ്ഥാനത്ത് സഹകരണ മേഖല എത്രത്തോളം ശക്തമാണെന്ന് വ്യക്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ അവരുടെ സ്വന്തം ബാങ്കായാണ് സഹകരണ സംഘങ്ങളെ കണക്കാക്കുന്നത്.

മാത്രമല്ല സംഘം ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും നാട്ടുകാരുമായുള്ള അടുപ്പവും, ഭരണ സമിതി അംഗങ്ങളുടെ രാഷ്‌ട്രീയ ബന്ധവും ജനങ്ങളെ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്കടുപ്പിക്കുകയും വിശ്വാസ പൂര്‍വ്വം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ വ്യവസ്ഥകളില്‍ നാട്ടുകാര്‍ക്ക് വായ്‌പ അനുവദിക്കുകയും ചെയ്യുന്നു.

ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും താരതമ്യേന ഉയര്‍ന്ന പലിശ ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടുവരികയും ചെയ്യുന്നു. ജനങ്ങളുമായുള്ള ഇഴപിരിയാത്ത ഈ ബന്ധമാണ് തട്ടിപ്പുസംഘങ്ങള്‍ തകര്‍ക്കുന്നത്.

2022 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടു നിന്ന ഈ വര്‍ഷത്തെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ 6000 കോടി രൂപയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ലക്ഷ്യമിട്ടതെങ്കിലും ലക്ഷ്യം കവിഞ്ഞു. 9000 കോടി രൂപ ഒറ്റ മാസം നിക്ഷേപമായി സ്വരൂപിക്കാന്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞു.

ഇതില്‍ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംഘങ്ങള്‍ തുടങ്ങി പല തരത്തിലുള്ള ബാങ്കുകളുണ്ട്. കേരളത്തില്‍ 1544 പ്രാഥമിക വായ്‌പാ സംഘങ്ങളും 923 എംപ്ലോയീസ് സഹകരണ സംഘങ്ങളുമുണ്ട്.

ഫലപ്രദമായ ഇടപെടല്‍ ആവശ്യം : ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ഗ്യാരന്‍റി കോര്‍പ്പറേഷന്‍റെ മാതൃകയില്‍ സഹരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണം എന്ന ആവശ്യം ശക്തമാണ്. നിക്ഷേപത്തിന്‍റെ 98 ശതമാനവും നിക്ഷേപകര്‍ക്ക് ഈ പദ്ധതി ഉറപ്പാക്കുന്നു.

അതിനാല്‍ ബാങ്കുകള്‍ പൊളിയുകയോ കരുവന്നൂരിലെ പോലെ കൈമലര്‍ത്തുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് പണം നഷ്‌ടമാകില്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷതത്വം ഉറപ്പു വരുത്തുന്നതിന് കേരളത്തിലുള്ളത് ഡിപ്പോസിറ്റ് ഗ്യാരന്‍റി സ്‌കീം മാത്രമാണ്.

2 ലക്ഷം വരെയുള്ള നിക്ഷേപത്തിന് മാത്രമാണ് സുരക്ഷയുള്ളത്. മാത്രമല്ല ബാങ്ക് ലിക്വിഡേറ്റ് ചെയ്യുക കൂടി വേണം നിക്ഷേപം തിരിച്ചു കിട്ടാന്‍. പല സഹകരണ ബാങ്കുകളും നിക്ഷേപത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുകൂടിയില്ല.

സാധാരണക്കാരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുമാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍. അതിനാല്‍ അവരുടെ സഹകരണ നിക്ഷേപം നഷ്ടപ്പെട്ടാല്‍ അത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. നിക്ഷേപകര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് അകലുന്നതിന് പോലും കരുവന്നൂര്‍ പോലുള്ള സംഭവങ്ങള്‍ ഇടയാക്കും.

കോടികള്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പ്രതിവര്‍ഷം വായ്‌പയായി നല്‍കുന്ന സഹകരണ സ്ഥാപനങ്ങളെ നിക്ഷേപകര്‍ കൈവിടുന്നത് വലിയ തോതില്‍ ബാധിക്കും. അതിനാല്‍ നഷ്‌ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാനുതകുന്ന ശക്തമായ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി തയാറാകുന്നില്ലെങ്കില്‍ സഹകരണ മേഖലയുടെ ശവപ്പറമ്പായി കേരളം മാറുന്ന കാലം വിദൂരമാകില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.