ETV Bharat / city

അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

author img

By

Published : Feb 11, 2022, 7:08 PM IST

കൊലപാതകത്തിനിടെ കയ്യിലുള്ള മുറിവ് മറയ്ക്കാനായി ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചു.

ambalamukku murder case updates  ambalamukku murder accused  അമ്പലമുക്ക് കൊലപാതകം  അമ്പലമുക്ക് കൊലപാതകം പ്രതി  അമ്പലമുക്ക് പ്രതി അറസ്റ്റ്
അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്

തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ തമിഴ്‌നാട്ടില്‍ മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിലും പ്രതിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്‌പര്‍ജന്‍ കുമാര്‍.

2014ല്‍ പ്രഭാത സവാരിക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് കമ്മിഷണർ വ്യക്തമാക്കി.

ചെടിച്ചെട്ടി ചോദിച്ച് കടയിലെത്തി

രാജന്‍ എന്ന പേരിലാണ് മുഖ്യപ്രതി രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്ക് കയറിയത്. കൊലപാതകം നടന്ന ഫെബ്രുവരി 6ന് ലോക്ക്‌ഡൗണ്‍ ആയിരുന്നു. ഈ ദിവസം ഇയാള്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് പുറകേ കൂടിയെങ്കിലും അവര്‍ മറ്റൊരു വാഹനത്തില്‍ വേഗം കയറിപ്പോയതിനാല്‍ ഉദ്ദേശം നടന്നില്ല.

തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കടയിലെ ചെടിക്കടയിലെത്തി കൊല്ലപ്പെട്ട വിനിത മോളോട് ചെടിച്ചെട്ടി ആവശ്യപ്പെട്ടു. ഏതു തരം ചട്ടിയാണ് വേണ്ടെതെന്ന് വിനിത മോള്‍ തിരിച്ചു ചോദിച്ചതോടെ ഉത്തരം പറയാനാകാതെ പ്രതി കുഴങ്ങി. ഇതില്‍ സംശയം തോന്നിയ വിനിത ബഹളമുണ്ടാക്കി. ഉടന്‍ തന്നെ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിനിതയെ കുത്തി.

Read more: അമ്പലമുക്കിൽ യുവതി നഴ്‌സറിയില്‍ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സൂചന

മാല ഊരിയെടുത്ത് രക്ഷപ്പെട്ടു

തൊട്ടടുത്ത പടിക്കെട്ടില്‍ 10 മിനിട്ടോളം ഇരുന്ന് മരണം ഉറപ്പാക്കി. തുടര്‍ന്ന് വിനിതയുടെ കഴുത്തില്‍ക്കിടന്ന മാല ഊരിയെടുത്ത ശേഷം പുറത്തിറങ്ങി ഓട്ടോ റിക്ഷയില്‍ മുട്ടട ജങ്‌ഷനിലിറങ്ങി. കയ്യിലെ രക്തക്കറ ഓട്ടോറിക്ഷക്കാരന്‍ ശ്രദ്ധിച്ചത് കൊണ്ടാണ് ഇയാള്‍ മുട്ടടടയില്‍ ഇറങ്ങിയത്. അവിടെ ആലപ്പുറം കുളത്തിനു സമീപത്തെത്തി വസ്ത്രം മാറി.

ഉച്ചക്ക് 12.11ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് മെഡിക്കല്‍ കോളജിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ഉള്ളൂരില്‍ ഇറങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് നടന്നു പോയതിന് ശേഷം അവിടെ നിന്ന് ഉള്ളൂരിലേക്ക് തിരിച്ചു നടന്ന് അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിക്ക് സമീപം ഇറങ്ങി ജോലി ചെയ്യുന്ന ഹോട്ടലിലെത്തി രാത്രി തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ ഇയാള്‍ താമസിക്കുന്ന തിരുനെല്‍വേലിക്കു സമീപത്തുള്ള കാവല്‍ കിണര്‍ എന്ന സ്ഥലത്തേക്കു പോയി.

കയ്യിലെ മുറിവ് മറയ്ക്കാന്‍ സ്വയം മുറിവേല്‍പ്പിച്ചു

ഫെബ്രുവരി 8ന് ഹോട്ടലില്‍ തിരിച്ചെത്തി ജോലിക്കു കയറി. ജോലിക്കു കയറിയ ഉടന്‍ തേങ്ങ ചുരണ്ടുന്ന യന്ത്രത്തില്‍ കൈ കയറ്റി മുറിവുണ്ടാക്കിയ ശേഷം ഹോട്ടലുടമയോട് കൈ യന്ത്രത്തില്‍ കുടുങ്ങി മുറിവേറ്റതായി അറിയിച്ചു. തുടര്‍ന്ന് ഹോട്ടലുടമ ഇയാളെ പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചു.

കയ്യില്‍ എട്ട് തുന്നല്‍ ഉണ്ടായിരുന്നു. കൊലപാതകത്തിനിടെ കയ്യിലുള്ള മുറിവ് മറയ്ക്കാനായിരുന്നു തേങ്ങ ചുരണ്ടുന്ന യന്ത്രത്തില്‍ വച്ച് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. അന്ന് തന്നെ പൊലീസ് കൊലപാതകിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടതോടെ ഇയാള്‍ വീണ്ടും കോവില്‍കിണറിലേക്ക്‌ രക്ഷപ്പെട്ടു.

ഇതോടെ ഇയാള്‍ ഹോട്ടലില്‍ നിന്ന് ജോലി ഉപേക്ഷിച്ച് കടന്ന വിവരം പൊലീസിനു ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കയ്യില്‍ മുറിവുള്ള ഒരാള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിഞ്ഞു.

Read more: അമ്പലമുക്ക് കൊലപാതകം: പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പൊലീസ് ശേഖരിച്ചു

പിടിവള്ളിയായത് തലയിലെ തുണി കൊണ്ടുള്ള കെട്ട്

ഇതും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ തന്നെ പൊലീസിന് രാജേന്ദ്രനാണ് പ്രതിയെന്ന സംശയം ബലപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി മാസ്‌ക് ധരിച്ചിരുന്നത് തിരിച്ചറിയുന്നതിന് കൂടുതല്‍ ശ്രമകരമായി. എന്നാല്‍ ഇയാളുടെ തലയില്‍ തുണികൊണ്ടുള്ള കെട്ട് തിരിച്ചറിയുന്നതിന് പിടിവള്ളിയായി.

തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ആധാര്‍ കാര്‍ഡ് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്‍റെ ഘട്ടത്തില്‍ വ്യക്തമാക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു.

Read more: പേരൂര്‍ക്കട കൊലപാതകം; പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.