ETV Bharat / city

വന്യജീവി ആക്രമണം: നഷ്‌ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് വനം മന്ത്രി

author img

By

Published : Mar 26, 2022, 4:29 PM IST

പൊതു ജനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്നവരാക്കി വനം വകുപ്പിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു

വന്യജീവി ആക്രമണം  വന്യജീവി ആക്രമണത്തിന്‍റെ നഷ്‌ടപരിഹാരം  നഷ്‌ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ  compensation for the wildlife attack will be paid soon  compensation for the wildlife attack  പൊതുജനങ്ങളുമായി വനം വകുപ്പിന് സൗഹൃദം ഉണ്ടാക്കുമെന്ന് മന്ത്രി  walayar range forest office inaugrtion
വന്യജീവി ആക്രമണം: നഷ്‌ടപരിഹാര കുടിശ്ശിക ഉടൻ നൽകുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ

പാലക്കാട്: വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തവർക്ക് നൽകാനുള്ള നഷ്‌ട പരിഹാരക്കുടിശ്ശിക ഉടനടി നൽകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിനുള്ള പുതിയ കെട്ടിടം, ധോണി ഇക്കോ ടൂറിസം സെന്‍ററിന് കാട്ടു തീ പ്രതിരോധത്തിനായി ലഭിച്ച ഫയർ ട്രാക്‌ടർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണത്തിൽപെട്ടവർക്ക് പന്ത്രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാനുണ്ട്. പാലക്കാട് വനം സർക്കിളിന്‍റെ കീഴിൽ നിലവിലുള്ള നഷ്‌ട പരിഹാര കുടിശ്ശിക നൽകുന്നതിന് 1.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പാലക്കാട്, നെന്മാറ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി തുക നൽകും.

കാട്ടു തീ പ്രതിരോധം: കാട്ടു തീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ തീയണക്കാനുള്ള സൗകര്യം വനംവകുപ്പിന് സ്വന്തമായി ഉണ്ടാകണം. എല്ലാ റേഞ്ച് ഓഫീസുകളിലും ഫോറസ്റ്റ് സ്‌റ്റേഷനുകളിലും ഇതിനുള്ള സൗകര്യം സൃഷ്ടിക്കും. ഇത്തരത്തിൽ കേരളത്തിൽ ആദ്യത്തെ സംരഭമാണ് മലമ്പുഴയിൽ ഫയർ ട്രാക്‌ടർ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പൊതുസമൂഹവുമായി സൗഹൃദം: വനംവകുപ്പിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും കൂടി ഉൾപ്പെട്ട പ്രവർത്തന സംവിധാനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വനത്തിന്‍റെയും വന്യജീവികളുടെയും മാത്രമല്ല വനാശ്രിത സമൂഹത്തിന്‍റെ കൂടി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാർക്ക് ഭൗതിക സൗകര്യം: സർക്കാരിന്‍റെ ജനകീയ മുഖമായി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് ജീവനക്കാർക്ക് കർത്തവ്യ നിർവഹണത്തിന് കൂടുതൽ ഭൗതിക സൗകര്യം ഉറപ്പു വരുത്തും. വനത്തിനുള്ളിൽ സ്വയരക്ഷ ഉറപ്പാക്കാനുള്ള സൗകര്യം, വന്യജീവി ആക്രമണം സമയബന്ധിതമായി തടയുക, മനുഷ്യർക്കും വന്യജീവികൾക്കും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയ്ക്കും ആവശ്യകരമായ സൗകര്യങ്ങൾ ഉറപ്പാക്കും.

എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇതിന്‍റെ ഭാഗമായി റേഞ്ച് ഓഫീസുകൾ ആരംഭിക്കും. നിലവിൽ മലമ്പുഴ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഇത് ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ മെയ് 20ന് മുമ്പ് പണി പൂർത്തിയാക്കി റേഞ്ച് ഓഫീസുകൾ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇത് ചരിത്രം; ഡി.വൈ.എഫ്‌.ഐ ജില്ല കമ്മിറ്റിയംഗമായി ട്രാൻസ്‌ജെന്‍ഡര്‍ വനിത

പന്ത്രണ്ട് റേഞ്ച് ഓഫീസുകളുടെ നവീകരണത്തിനു പുറമേ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. വകുപ്പിന് ആവശ്യമായ വാഹന സൗകര്യം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 30ന് മുമ്പ് ഇതിനുള്ള ഉത്തരവ് പുറത്തിറക്കും. കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ രക്ഷാ പ്രവർത്തനങ്ങൾക്കുൾപ്പെടെ ആർ.ആർ.ടി.എഫുകളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഞ്ജനാ ദേവിയുടെ ആശ്രിതർക്ക് നൽകാനുള്ള 10 ലക്ഷം രൂപയുടെ രണ്ടാം ഗഡുവിന്‍റെ വിതരണവും മന്ത്രി നിർവഹിച്ചു. കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടയിൽ പടക്കം പൊട്ടി പരുക്കേറ്റ ഫോറസ്റ്റ് വാച്ചർ ആറുച്ചാമിയ്ക്ക് വാളയാർ റേഞ്ച് ഓഫീസ് ജീവനക്കാർ സമാഹരിച്ച ധനസഹായം എ.പ്രഭാകരൻ എം.എൽ.എ ചടങ്ങിൽ വിതരണം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.