ETV Bharat / city

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്‌ത് ആസിഫ് അലി

author img

By

Published : Oct 31, 2021, 3:32 PM IST

Beypore International Water Fest  Asif Ali  ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ്  പി.എ മുഹമ്മദ് റിയാസ്  എൻ തേജ് ലോഹിത് റെഡ്ഢി  അനൂപ് ശാന്തകുമാർ  വാട്ടർ ഫെസ്റ്റ്  നെഹ്റു ട്രോഫി വള്ളംകളി
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ആസിഫ് അലി നിർവഹിച്ചു

രാജ്യത്തെ തന്നെ ഏറ്റവും വലിയ വാട്ടർ തീം ഫെസ്റ്റിവലാണ് ബേപ്പൂരിലേത്

കോഴിക്കോട് : ജല ടൂറിസത്തിന്‍റെ അനന്ത സാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിർവഹിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെയും ജില്ല കലക്‌ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

എറണാകുളം കോതമംഗലം സ്വദേശി അനൂപ് ശാന്തകുമാർ തയ്യാറാക്കിയ ലോഗോയാണ് ഫെസ്റ്റിനായി തെരഞ്ഞെടുത്തത്. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്‍റെ പെരുമ ഉയർത്തും വിധം പായ് വഞ്ചി നിയന്ത്രിക്കുന്ന തുഴക്കാരനെ ഉൾപ്പെടുത്തി മനോഹരമായാണ് ലോഗോ ഒരുക്കിയിട്ടുള്ളത്. ജലത്തെ പ്രതിനിധീകരിക്കുന്ന നീലയും പച്ചയും നിറങ്ങൾ ചേർന്നതാണ് ലോഗോ.

ഏവരെയും ഉൾപ്പെടുത്തി അതിവിപുലമായി ചാലിയാറിൽ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടത്തുമെന്നും വരും വർഷങ്ങളിൽ ഇത് തുടർന്നുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികൾ ഫെസ്റ്റിന്‍റെ ഭാഗമായി നടത്തും. കൂടാതെ ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി എല്ലാവിധ കൊവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് ഇത്തവണ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റ്

വിനോദസഞ്ചാര മേഖലയിൽ ജല ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇൻ്റർനാഷണൽ വാട്ടർ തീം ഫെസ്റ്റിവലാണ് ഡിസംബർ അവസാന തിയ്യതികളില്‍ ബേപ്പൂരില്‍ സംഘടിപ്പിക്കുന്നത്. വർഷാവർഷം ബേപ്പൂർ കേന്ദ്രമാക്കി അതിവിപുലമായി വാട്ടർ ഫെസ്റ്റിവെൽ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ : രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്

വിവിധ ജലസാഹസിക പ്രകടനങ്ങൾ, ജലവിനോദങ്ങൾ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യോത്സവം തുടങ്ങിയവ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. സബ് കലക്‌ടർ ചെൽസാസിനി, ‘നമ്മൾ ബേപ്പൂർ’ കൺവീനർ ഫെബീഷ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് കുമാർ പി. കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.