ETV Bharat / city

പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര

author img

By

Published : Jun 3, 2022, 11:33 AM IST

thrikkakara bypoll result uma thomas jo joseph
പിണറായിക്ക് കൊടുക്കാനിരുന്ന തൃക്കാക്കരപ്പൂച്ചെണ്ട്, അമിത പ്രതീക്ഷയായിരുന്നു തൃക്കാക്കര

പിടി തോമസിന്‍റെ മണ്ഡലത്തില്‍ പിൻഗാമിയായി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമ്പോൾ അത് കേരളത്തിലെ യുഡിഎഫ് ക്യാമ്പിന് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. തിരുത മീനുമായി കെവി തോമസിന്‍റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന് നല്‍കിയത് ഷോക്ക് ട്രീന്‍റ്‌മെന്‍റ് തന്നെയാണ്. കാരണം തൃക്കാക്കരയുടെ വലതു മനസിനെ സിപിഎം കാണാതെ പോകരുതായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ രണ്ടാം എല്‍ഡിഎഫ് സർക്കാരിന് കൂടുതല്‍ കരുത്ത് പകരാൻ തൃക്കാക്കര ജയിച്ച് നിയമസഭയില്‍ സെഞ്ച്വറി അടിക്കണമെന്നാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ് തൃക്കാക്കരയില്‍ വൻ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ച് കയറി.

പിടി തോമസിന്‍റെ മണ്ഡലത്തില്‍ പിൻഗാമിയായി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമ്പോൾ അത് കേരളത്തിലെ യുഡിഎഫ് ക്യാമ്പിന് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. എന്നാല്‍ തൃക്കാക്കരയില്‍ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന സിപിഎം സംസ്ഥാന- ജില്ല നേതൃത്വം ഫലം വന്നപ്പോൾ പ്രതികരിച്ചത് ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചില്ല എന്നാണ്.

കൂട്ടിക്കെട്ടിയ മനക്കോട്ട: തൃക്കാക്കരയില്‍ തോറ്റത് ക്യാപ്റ്റൻ അല്ലെന്നും തോല്‍വി മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെയ്‌ക്കേണ്ടെന്നും മുഖ്യമന്ത്രിയെ തൃക്കാക്കരയില്‍ പ്രചാരണത്തിന് ക്ഷണിച്ചത് എറണാകുളം സിപിഎം ജില്ല കമ്മിറ്റിയാണെന്നും ഇത് സർക്കാരിന് എതിരായ വിധിയെഴുത്തല്ലെന്നും ഫലം പൂർണമായി വരുന്നതിന് മുൻപേ തന്നെ പറയേണ്ട അവസ്ഥയിലായിരുന്നു സിപിഎം എറണാകുളം ജില്ല നേതൃത്വം.

തൃക്കാക്കര പിടിച്ചാല്‍ അത് ജില്ല കമ്മിറ്റിക്ക് ക്യാപ്‌റ്റൻ പിണറായിക്ക് മുന്നില്‍ ജില്ല കമ്മിറ്റിയുടെ വലിയ നേട്ടമാകുമെന്ന് ആദ്യമേ അവർ കരുതി. അതിനപ്പുറം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വിജയം കൂടി ഒരു പടി മുന്നില്‍ കണ്ടാണ് ഉപതെരഞ്ഞടുപ്പില്‍ ജയിച്ചുകയറാമെന്ന് സിപിഎം ജില്ല- സംസ്ഥാന നേതൃത്വം മനക്കോട്ട കെട്ടിയത്.

ഓർക്കണമായിരുന്നു തൃക്കാക്കരയുടെ ചരിത്രം: മണ്ഡല പുനനിർണയത്തിന് ശേഷം 2011 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് മുതല്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. ഏത് എല്‍ഡിഎഫ് കാറ്റിലും ഉലയാത്ത മണ്ഡലം. പാർട്ടി ചിഹ്നതത്തില്‍ ആളെ കിട്ടാഞ്ഞിട്ട് സ്വതന്ത്രരെ മത്സരിപ്പിച്ച് നോക്കേണ്ടി വന്ന സാഹചര്യവും തൃക്കാക്കരയിലുണ്ടായിരുന്നു എന്ന് സിപിഎം ഓർക്കണമായിരുന്നു. 2011ല്‍ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ ജയിച്ചത് 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.

അതിനു ശേഷം 2016ലും 2021ലും പിടി തോമസ് ജയിച്ചു കയറി. 2021 എല്‍ഡിഎഫ് തരംഗത്തിലും ഇളകാതെ നിന്ന തൃക്കാക്കരയില്‍ പിടി തോമസിന്‍റെ ഭൂരിപക്ഷം 14,329 ആയിരുന്നു. അവിടെയാണ് വികസനം പറഞ്ഞ് ജയിക്കാമെന്ന മോഹവുമായി സിപിഎം വരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര വരുന്ന ഡിവിഷനുകളിലെല്ലാം യുഡിഎഫിന് ആയിരുന്നു മേല്‍ക്കൈ എന്നതും സിപിഎം മറന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലമായ കളമശേരി പിടിച്ചെടുക്കാനായതും കൊച്ചി നിലനിർത്തിയും തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ പ്രതീക്ഷകൾ വാനോളമുയർത്തി. പക്ഷേ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ഹൈബി ഈഡനെ ലോക്‌സഭയിലേക്ക് അയയ്ക്കുമ്പോൾ തൃക്കാക്കര നല്‍കിയത് നിയമസഭ തെരഞ്ഞെടുപ്പിനേക്കാൻ വലിയ ഭൂരിപക്ഷമാണ്. സിപിഎം ഇത്തവണ കാണാതെ പോയതും എറണാകുളത്തിന്‍റെ ആ വലതു മനസാണ്.

വികസനം വേണോ വികസനം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ അനുകൂല അന്തരീക്ഷം ഇപ്പോഴും കേരളത്തിലുണ്ടെന്നാണ് സിപിഎം ചിന്തിക്കുന്നത്. കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ വിജയവും പാർട്ടി അണികളിലും പ്രവർത്തകരിലും ഉണ്ടായ ആവേശവും തൃക്കാക്കര പിടിക്കാൻ ധാരാളമാണെന്ന് സിപിഎം ചിന്തിച്ചു. വികസനം വലിയ മുദ്രാവാക്യമാക്കി നടത്തിയ പ്രചാരണത്തില്‍ ജനം വോട്ടു ചെയ്യുമെന്നും ക്യാപ്റ്റനും കളിക്കാരും കണക്കുകൂട്ടി.

സെഞ്ച്വറി അടിക്കണമെന്നും വികസനത്തിനായി ക്യാപ്‌റ്റന്‍റെ കൈകൾക്ക് കരുത്ത് പകരണമെന്നും സിപിഎം സ്വപ്‌നം കണ്ടിട്ടുണ്ടാകാം. പക്ഷേ വികസനത്തിന്‍റെ കെ റെയില്‍ കയറാൻ കേരളം ഇനിയും സജ്ജമായിട്ടില്ല എന്നാണ് തൃക്കാക്കര സിപിഎമ്മിന് നല്‍കുന്ന പാഠം. കെ റെയിലിന് എതിരായ വികാരം കേരളത്തില്‍ നില നില്‍ക്കുന്നുണ്ടെന്നും അത് പ്രതിപക്ഷം നന്നായി ഉപയോഗിക്കുന്നുണ്ടെന്നും സിപിഎം നേതൃത്വം ഇനിയും ഉൾക്കൊണ്ടിട്ടില്ലെന്ന് മറ്റൊരു വസ്‌തുത.

സ്ഥാനാർഥി നിർണയം: ഏത് തെരഞ്ഞെടുപ്പായാലും സാധാരണ ഗതിയില്‍ കേരളത്തില്‍ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് സിപിഎമ്മാണ്. പക്ഷേ ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനിയില്ല എന്ന ബോധ്യമുള്ളതുകൊണ്ട് കോൺഗ്രസ് ആദ്യം തന്നെ സ്ഥാനാർഥിയെ തീരുമാനിച്ചു. ഉമ തോമസ് എന്ന പേര് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചത് മുതല്‍ കോൺഗ്രസ് നേതൃത്വം ഒന്നാകെ ഒറ്റമനസോടെ തൃക്കാക്കരയിലെത്തി.

അപ്പോഴും സിപിഎം സ്ഥാനാർഥിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. അതിനിടെ അഡ്വ കെഎസ് അരുൺകുമാർ എന്ന യുവ നേതാവിന്‍റെ പേര് മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. ഉടൻ തന്നെ സിപിഎം നേതാക്കൾ അരുൺകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. എഴുതിയ ചുവരുകൾ മായ്‌ക്കേണ്ട ഗതികേട് പോലും ഇത്തവണ സിപിഎമ്മിനുണ്ടായി.

തൊട്ടടുത്ത ദിവസം അപ്രതീക്ഷിതമായി എറണാകുളം ലിസി ആശുപത്രിയിലെ ഡോക്‌ടറെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മുൻകാലങ്ങളിലുണ്ടായിരുന്ന സ്ഥാനാർഥി നിർണയ പ്രഖ്യാപന കീഴ്‌വഴക്കങ്ങളും സിപിഎം മറികടന്നു. പിന്നീടത് സഭയുടെ സ്ഥാനാർഥി എന്ന വിവാദങ്ങളിലേക്ക് വരെ എത്തിയതിനും കേരളം സാക്ഷിയായി.

എവിടെ ഘടകകക്ഷികൾ എവിടെ: കാനം രാജേന്ദ്രൻ, എംവി ശ്രേയാംസ് കുമാർ, ജോസ് കെ മാണി തുടങ്ങി പല എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളുടേയും പ്രചാരണം രണ്ടും മൂന്നും ദിവസം മാത്രമൊതുങ്ങി. സിപിഐ നേതാക്കൾ പലരും പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മന്ത്രിമാരില്‍ അഹമ്മദ് ദേവർ കോവില്‍, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവരൊന്നും തൃക്കാക്കരയിലെത്തിയില്ല.

ഘടകക്ഷി എംഎല്‍എമാരും പ്രചാരണത്തില്‍ സജീവമായിരുന്നില്ല. അതിനൊപ്പം സർക്കാരിന് എതിരായ വിവാദങ്ങൾ, ആന്‍റണി രാജു അടക്കമുള്ള മന്ത്രിമാരുടെ നാക്ക് പിഴ എല്ലാം വിധിയെഴുത്തില്‍ ജോ ജോസഫിന് പ്രതികൂലമായി.

തിരുത കൊണ്ട് ആറാട്ട്: ഇത്തവണ തോറ്റാല്‍ ഇനിയൊരിക്കലും തൃക്കാക്കര ജയിക്കില്ലെന്ന് വിഡി സതീശനേക്കാൾ നന്നായി അറിയാവുന്നത് എറണാകുളത്തെ കോൺഗ്രസുകാർക്കായിരുന്നു. അതുകൊണ്ടു തന്നെ അവർ ജീവൻമരണ പോരാട്ടം തന്നെ നടത്തി. കെവി തോമസ് സിപിഎം വേദിയിലെത്തിയതും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കൻമാരെയും വിമർശിച്ചതും അതും പോരാഞ്ഞിട്ട് കെ റെയിലിനൊപ്പം പിണറായിയെ പുകഴ്‌ത്തിയതും എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ മറക്കില്ല.

തിരുത മീനുമായി കെവി തോമസിന്‍റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന് നല്‍കിയത് ഷോക്ക് ട്രീന്‍റ്‌മെന്‍റ് തന്നെയാണ്. കാരണം തൃക്കാക്കരയുടെ വലതു മനസിനെ സിപിഎം കണ്ടിരുന്നില്ല.

ട്വൻടി ട്വൻടിയും ആപ്പും: തൃക്കാക്കരയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ആം ആദ്‌മി പാർട്ടിക്ക് വലിയ സ്വാധീനമുണ്ട്. 13897 വോട്ടുകളാണ് പിടി തോമസ് മത്സരിക്കുമ്പോൾ 2021ല്‍ ആം ആദ്‌മി സ്ഥാനാർഥി തൃക്കാക്കരയില്‍ നേടിയത്. അവർക്കൊപ്പം ട്വൻടി ട്വൻടിയും കൂടി ചേരുമ്പോൾ തൃക്കാക്കരയില്‍ അത് വലിയ വോട്ട് ബാങ്കാണ്. ആപ്പും ട്വൻടി ട്വൻടിയും ഇടതു സർക്കാരിന് എതിരാണെന്ന കാര്യം പകല്‍പോലെ വ്യക്തവുമാണ്.

കെജ്‌രിവാളും സാബു ജേക്കബും ചേരുമ്പോൾ അത് എറണാകുളത്തെ ഒരു വിഭാഗം വോട്ടർമാരെ അത് നന്നായി സ്വാധീനിക്കുമെന്നുറപ്പാണ്. തൃക്കാക്കരയില്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ വോട്ടർമാക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്ന ട്വൻടി ട്വൻടി- ആപ്പ് സഖ്യത്തിന്‍റെ പ്രഖ്യാപനം കൂടിയെത്തിയിട്ടും സിപിഎം വിജയപ്രതീക്ഷ പുലർത്തിയെങ്കില്‍ അതൊരു രാഷ്ട്രീയ അത്‌ഭുതം മാത്രമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.