ETV Bharat / city

പുതിയ കപ്പൽ പാതക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ

author img

By

Published : Aug 1, 2020, 5:56 PM IST

കേരള തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെയെങ്കിലുമാക്കി പുതിയ കപ്പൽ പാത പുനക്രമീകരിക്കണമെന്നാണ് കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെടുന്നത്.

new shipping lane  Fishermen's organization  protest  പുതിയ കപ്പൽ പാത  മത്സ്യത്തൊഴിലാളി സംഘടനകൾ  മത്സ്യത്തൊഴിലാളി  ടി.എൻ. പ്രതാപൻ  ഹൈബി ഈഡൻ എം.പി.
പുതിയ കപ്പൽ പാതക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ

എറണാകുളം: മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ കപ്പൽ പാതയ്ക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്ത്. കൊച്ചി കപ്പൽ ശാലക്ക് മുമ്പിൽ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കേരളത്തിന്‍റെ മത്സ്യബന്ധന മേഖലയെ ഇല്ലാതാക്കുന്ന പുതിയ കപ്പൽ പാത മാറ്റി നിശ്ചയിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമം ലംഘിച്ച് കപ്പൽ പാതയിൽ സമരം നടത്തേണ്ടിവരുമെന്നും അദ്ദേഹം മുറിയിപ്പ് നൽകി.

പുതിയ കപ്പൽ പാതക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ

ഫിഷറീസ് മേഖലയിലുള്ളവരുടെ അഭിപ്രായം തേടാതെ ഏകപക്ഷീയമായാണ് പുതിയ കപ്പൽ പാത പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡൻ എം.പി. കുറ്റപ്പെടുത്തി. കേരള തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെയെങ്കിലുമാക്കി പുതിയ കപ്പൽ പാത പുനക്രമീകരിക്കണമെന്നാണ് കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെടുന്നത്. കേരളത്തിന്‍റെ അഭിപ്രായങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോയത്.

ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിൽ കേരള തീരത്ത് കൂടിയുള്ള നിർദിഷ്‌ട കപ്പൽ പാതക്കെതിരെ കേരളം ശക്തമായ വിയോജിപ്പ് അറിയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതൽ മത്സ്യ ഉല്‍പാദനശേഷിയുള്ള മേഖലയാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധന യാനങ്ങളും ഈ മേഖലയിലാണുള്ളത്. നിർദിഷ്ട കപ്പൽ പാത ഈ മേഖലയ്ക്ക് വളരെ അടുത്തുകൂടി പോകുന്നതിനാൽ കപ്പുകളും ബോട്ടുകളും ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇനിയും വർധിക്കുന്നതിനാണ് സാധ്യത. അതിനാൽ തന്നെ കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേരളത്തിൽ മൽസ്യത്തിന്‍റെ 90 ശതമാനവും അമ്പത് നോട്ടിക്കൽ മൈലിനുള്ളിൽ നിന്നാണ് ലഭിക്കുന്നത്. നിർദിഷ്ട കപ്പൽ പാതയുമായി ബന്ധപ്പെട്ട് മൽസ്യ മേഖലയുടെ ആശങ്കകൾ കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും ഫിഷറീസ് സംഘടനകൾ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.