ETV Bharat / city

തൊഴിൽ നിഷേധിക്കുവെന്ന് ആരോപണം; അനിശ്ചിതകാല സമരവുമായി സിഐടിയു തൊഴിലാളികള്‍

author img

By

Published : Jan 9, 2022, 3:25 PM IST

കണ്ണൂര്‍ മാതമംഗലത്തെ കടക്ക് മുന്നിലാണ് സിഐടിയു തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുന്നത്

mathamangalam citu strike  trade union strike in kannur  സിഐടിയു അനിശ്ചിതകാല സമരം  മാതമംഗലം തൊഴിൽ നിഷേധം  കണ്ണൂര്‍ സിഐടിയു തൊഴിലാളികള്‍ സമരം
തൊഴിൽ നിഷേധിക്കുവെന്ന് ആരോപണം; അനിശ്ചിതകാല സമരവുമായി സിഐടിയു തൊഴിലാളികള്‍

കണ്ണൂര്‍: കണ്ണൂർ മാതമംഗലത്ത് കടയുടമ തൊഴിൽ നിഷേധിക്കുന്നുവെന്നാരോപിച്ച് സിഐടിയു തൊഴിലാളികൾ അനിശ്ചിതകാല സമരത്തില്‍. മാതമംഗലം പേരൂൽ റോഡിൽ പ്രവർത്തിക്കുന്ന എസ്ആർ അസോസിയേറ്റ് എന്ന സ്ഥാപനത്തിന് മുന്നിലാണ് ആഴ്‌ചകളോളമായി സമരം നടക്കുന്നത്. എന്നാൽ സ്വന്തമായി ലോഡിറക്കുന്നതിന് ഹൈക്കോടതി ഉത്തരവുണ്ടെന്നും സിഐടിയു തൊഴിലാളികൾ ജീവിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നുമാണ് കടയുടമയുടെ ആരോപണം.

6 മാസം മുൻപ് ആരംഭിച്ച സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സിഐടിയു തൊഴിലാളികൾ കടക്ക് മുൻപിൽ സമരം നടത്തുന്നതിലേക്ക് നീങ്ങിയത്. കടയിലെ തൊഴിലാളികൾക്ക് ലോഡ് ഇറക്കാനും കയറ്റാനുമുള്ള ഹൈക്കോടതി ഉത്തരവുണ്ടെന്നും കടയിലേക്ക് വരുന്നവരെയും ലോഡുമായി വരുന്നവരെയും റോഡിൽ തടഞ്ഞു ഭീഷണിപ്പെടുത്തി സിഐടിയു പ്രവർത്തകർ തിരിച്ചയക്കുന്നതായും സ്ഥാപനത്തിന്‍റെ മാനേജർ പറയുന്നു.

സിഐടിയു ജില്ല സെക്രട്ടറി പി വി കുഞ്ഞപ്പൻ പ്രതികരിക്കുന്നു

ചുമട്ടുതൊഴിലാളി നിയമം അനുസരിച്ച് കടയിലെ ലോഡ് ഇറക്കുന്നതും കയറ്റുന്നതുമായി ബന്ധപ്പെട്ട ജോലികൾ സിഐടിയു തൊഴിലാളികള്‍ക്ക് നൽകണം. ഒരു തരത്തിലും ഇത് അംഗീകരിക്കില്ലെന്ന കടയുടമയുടെ ധിക്കാരമാണ് സമരത്തിലേക്ക് നീങ്ങാൻ കാരണമെന്നും തൊഴിൽ അവകാശം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും സിഐടിയു ജില്ല സെക്രട്ടറി പി.വി കുഞ്ഞപ്പൻ പറഞ്ഞു.

പയ്യന്നൂർ ഡിവൈഎസ്‌പി ഇരുവിഭാഗങ്ങളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കോടതി ഉത്തരവുണ്ടായാലും പൊലീസിനെ കൊണ്ട് വന്നാലും തൊഴിൽ അവകാശം നേടിയെടുക്കുന്നത് വരെ സമരം നടത്തുമെന്നാണ് സിഐടിയുവിന്‍റെ നിലപാട്. പെരിങ്ങോം പൊലീസിന്‍റെ സംരക്ഷണത്തിലാണ് ഇപ്പോൾ കട പ്രവർത്തിച്ചു വരുന്നത്.

Also read: അനധികൃത പാർക്കിങ് ; അപകടത്തില്‍ ബൈക്ക് യാത്രികനായ ബസ്‌ കണ്ടക്‌ടർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.