ETV Bharat / city

ഷാഫിയുടെ വീട്ടില്‍ നിന്ന് കിട്ടിയത് പൊലീസിന്‍റെ സ്റ്റാറടക്കം, കൊടി സുനിയുടേത് പരിശോധിക്കാനായില്ല

author img

By

Published : Jul 3, 2021, 8:34 PM IST

Karipur gold smuggling  cpm gold smuggling  സിപിഎം സ്വർണക്കടത്ത്  സ്വർണക്കടത്ത് വാർത്തകള്‍  കരിപ്പൂർ സ്വർണക്കടത്ത്  ടിപി കേസ്  കൊടി സുനി  tp case  cpm latest news
കരിപ്പൂർ സ്വർണക്കടത്ത്

അർജുൻ ആയങ്കിയുടെ ഫോണിൽ നിർണായക വിവരങ്ങൾ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണസംഘം

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുമായി ടി.പി വധക്കേസ് പ്രതികളുടെ വീട്ടില്‍ തെളിവെടുപ്പിനെത്തി കസ്റ്റംസ്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും ചില രേഖകളും പൊലീസ് യൂണിഫോമിലെ സ്റ്റാറും കസ്റ്റംസ് കണ്ടെടുത്തു. പൂട്ടിക്കിടക്കുന്നതിനാൽ കൊടിസുനിയുടെ വീട്ടിൽ തെരച്ചില്‍ നടത്താനായില്ല.

കരിപ്പൂർ കള്ളക്കടത്തിൽ ടിപി കേസ് പ്രതികൾക്ക് ബന്ധമുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽനിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ സംഘത്തിന് കിട്ടി. ഇവിടെ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

Read more: ഫോൺ പുഴയിൽ ഉപേക്ഷിച്ചതായി അർജുൻ; വിശ്വസിക്കാതെ കസ്റ്റംസ്

ഈ മാസം ഏഴാം തിയ്യതി ഹാജരാകാൻ ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. അന്വേഷണസംഘം വരുന്നത് മുൻകൂട്ടി മനസ്സിലാക്കിയ കൊടി സുനിയുടെ ഭാര്യ, വീട് പൂട്ടി സ്ഥലം വിട്ടു. ഏറെനേരം കാത്തുനിന്ന ശേഷം കസ്റ്റംസ് സംഘം ഇവിടെ നിന്ന് മടങ്ങി.

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൊടി സുനിയെയും ഭാര്യയെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് പദ്ധതിയുണ്ട്. അഴീക്കൽ ഉരുനിർമ്മാണ ശാലയ്ക്ക് സമീപത്ത് വളപട്ടണം പുഴയിൽ മൊബൈൽ ഫോൺ വീണുപോയെന്ന അർജുൻ ആയങ്കിയുടെ മൊഴി കളവാണെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കസ്റ്റംസിന് വ്യക്തമായി.

ഇവിടെ ഒട്ടും ആഴമില്ലാത്ത സ്ഥലമാണെന്നും, ഫോൺ വീണാൽ തന്നെ എടുക്കാൻ ആകുമെന്നും കസ്റ്റംസ് സ്ഥിരീകരിച്ചു.

ലഭിച്ചത് നിർണായക രേഖകള്‍

അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്നും കസ്റ്റംസിന് കേസിനെ സംബന്ധിക്കുന്ന ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ അമലയ്ക്ക് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകി.

അർജുൻ ആയങ്കി ഉപയോഗിച്ച ഫോണിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണസംഘം അനുമാനിക്കുന്നത്. എന്നാൽ അത് നൽകാൻ പ്രതി തയ്യാറാകാത്ത സാഹചര്യത്തിൽ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.