ETV Bharat / business

'വമ്പന്‍ ഓഫറുകള്‍ നല്‍കുന്നു' ; ആമസോണും, ഫ്ലിപ്‌കാര്‍ട്ടും നിരോധിക്കണമെന്ന് ആര്‍എസ്‌എസ്‌ അനുകൂല സംഘടന

author img

By

Published : Dec 29, 2021, 9:00 AM IST

ആമസോണും, ഫ്ലിപ്‌കാര്‍ട്ടും നല്‍കുന്ന വലിയ ഓഫറുകളോട് കിടപിടിക്കാന്‍ ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് കഴിയുന്നില്ലെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്

ആമസോൺ, ഫ്ലിപ്കാർട്ട്-വാൾമാർട്ട് തുടങ്ങിയ നിരോധിക്കണം: ആര്‍.എസ്.എസ് അനുകൂല സംഘടന
ആമസോൺ, ഫ്ലിപ്കാർട്ട്-വാൾമാർട്ട് തുടങ്ങിയ നിരോധിക്കണം: ആര്‍.എസ്.എസ് അനുകൂല സംഘടന

ന്യൂഡല്‍ഹി : ആമസോൺ, ഫ്ലിപ്‌കാര്‍ട്ട്-വാൾമാർട്ട് എന്നീ ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ നൽകിയിട്ടുള്ള എല്ലാ അനുമതികളും പിൻവലിക്കണമെന്ന് ആർ.എസ്.എസ് അനുഭാവ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം).

ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഇന്ത്യയില്‍ നടത്തുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണെന്നാണ് സംഘടനയുടെ ആരോപണം. കമ്പനികള്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്‍റ് (എഫ്.ഡി.ഐ) നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഗ്വാളിയോറിൽ നടന്ന 15-ാമത് രാഷ്ട്രീയ സഭയിലാണ് ആരോപണം ഉന്നയിച്ചത്. ഇ കൊമേഴ്‌സ് രംഗത്തുള്ള സംഘടനകൂടിയാണ് സ്വദേശി ജാഗരണ്‍ മഞ്ച്.

ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ക്കുന്നതായാണ് പ്രധാന ആരോപണം. ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ 80 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നത് ഇത്തരം കമ്പനികളാണ്. ഇവര്‍ നല്‍കുന്ന വലിയ ഓഫറുകളോട് കിടപിടിക്കാന്‍ ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് കഴിയുന്നില്ല. വലിയ ഓഫറുകള്‍ നല്‍കി അവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. അതിന് അവര്‍ വലിയ രീതിയില്‍ പരസ്യം ചെയ്യുന്നതായും എസ്ജെഎം അരോപിക്കുന്നു.

ചെറുകിട കര്‍ഷകരെ തകര്‍ക്കുന്നു

ഇതോടെ രാജ്യത്തെ ചെറുകിട കച്ചവടക്കാരും പലചരക്ക് വ്യാപാരികളും വലിയ നഷ്ടത്തിലേക്ക് പോകുന്നതായും അരോപണമുണ്ട്. സോളിമോ, ആമസോൺ ബേസിക്‌സ് തുടങ്ങിയ മത്സര ഉത്പന്നങ്ങളും ബ്രാൻഡുകളും പുറത്തിറക്കാൻ ആമസോൺ സ്വന്തം വിൽപ്പനക്കാരിൽ നിന്ന് ഡാറ്റകള്‍ വാങ്ങുകയാണ്. വലിയ തുക ഈടാക്കിയാണ് ഇത്തരം കമ്പനികള്‍ ചെറുകിട വ്യാപരികളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നത്. ഇത് വലിയ ചൂഷണമാണെന്നും ആരോപണത്തിലുണ്ട്.

Also Read: കനത്ത മഴ: തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശം, പച്ചക്കറികള്‍ക്ക് ക്ഷാമം

കൂടാതെ വലിയ തൊഴില്‍ ചൂഷണമാണ് ഇത്തരം കമ്പനികള്‍ നടത്തുന്നത്. ഇവര്‍ തൊഴിലാളികളെ ഏറെ നേരം ജോലി ചെയ്യിക്കുകയും കാരണമില്ലാതെ പുറത്താക്കുകയും ചെയ്യുന്നുവെന്ന് എസ്ജെഎം വക്താവ് അശ്വിനി മഹാജന്‍ ആരോപിച്ചു. ഇത്തരം കമ്പനികള്‍ രാജ്യത്തെ ഒരാള്‍ക്ക് ജോലി നല്‍കുമ്പേള്‍ 10 പേരുടെ ജോലി നശിപ്പിക്കുകയാണ്. രാജ്യത്ത് ഇ കൊമേഴ്‌സ് വ്യാപാരം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് വലിയ തകര്‍ച്ചയാണ് ഇതുവഴി സംഭവിക്കുന്നതെന്നുമാണ് ആരോപണം.

കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തണം

ആഗോള ഭീമന്മാര്‍ക്ക് വേണ്ടി രാജ്യത്തിന്‍റെ പല കോണുകളിലും ചില കമ്പനികള്‍ അനധികൃതമായി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ ഉടമസ്ഥര്‍ അന്താരാഷ്ട്ര ഇ കൊമേഴ്‌സ് ഭീമന്‍മാരാണ്. ഇവരുടെ സ്വന്തം ഉത്പന്നങ്ങളാണ് അവര്‍ രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുന്നത്. ഇങ്ങനെയുള്ള 10 ലക്ഷത്തോളം വില്‍പ്പനക്കാരാണ് രാജ്യത്തുള്ളത്.

ഇവര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇതിനായി സിബിഐ അന്വേഷണം നടത്തണമെന്നും അശ്വിനി മഹാജന്‍ ആവശ്യപ്പെട്ടു. ഇത്തരം കമ്പനികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് കണ്ടെത്തണമെന്നും സംഘടന പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.