ETV Bharat / bharat

'രാജ്യം വിറപ്പിച്ച കള്ളന്‍, നിലവില്‍ മോഷണം ചെരുപ്പും പഴ്‌സും'; 'ബണ്ടി ചോര്‍' എന്ന കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ നിലവിലെ അവസ്ഥ ഇങ്ങനെ

author img

By

Published : Apr 17, 2023, 10:54 PM IST

വിലകൂടിയ വാഹനങ്ങൾ, വിലകൂടിയ ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയവ മാത്രം മോഷ്‌ടിച്ചിരുന്ന ബണ്ടി ചോര്‍ ഇന്ത്യയിലെ തന്നെ കുപ്രസിദ്ധ കള്ളന്‍ എന്ന ഖ്യാതി നേടിയയാളാണ്

Where India most notorious robber Bunty Chor  most notorious robber Bunty Chor  India most notorious robber  Bunty Chor  രാജ്യം വിറപ്പിച്ച കള്ളന്‍  നിലവില്‍ മോഷണം ചെരുപ്പും പഴ്‌സും  ബണ്ടി ചോര്‍  കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ നിലവിലെ അവസ്ഥ  ബണ്ടി
'ബണ്ടി ചോര്‍' എന്ന കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ നിലവിലെ അവസ്ഥ ഇങ്ങനെ

ന്യൂഡല്‍ഹി: ഓടുന്ന വാഹനം പോലും തട്ടിയെടുക്കാന്‍ കഴിവുള്ളവന്‍ എന്ന കുപ്രസിദ്ധി നേടി രാജ്യം മുഴുവന്‍ ഒരുപോലെ അത്ഭുതത്തോടെയും ഭീതിയോടെയും കേട്ട പേരാണ് ബണ്ടി ചോര്‍. ഇന്ത്യയിലെ തന്നെ വലിയ കള്ളന്‍ എന്ന ഖ്യാതി നേടിയ ബണ്ടി എന്ന ദേവേന്ദ്ര സിങ് (53) നിലവില്‍ 10 വര്‍ഷമായി കോയമ്പത്തൂർ ജയിലിൽ കഴിയുകയായിരുന്നു. നീണ്ട ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയതോടെ മോഷണകലയിലെ ആ അപ്രമാദിത്വവും ബണ്ടിക്ക് നഷ്‌ടമായി.

വിലകൂടിയ വാഹനങ്ങൾ, വിലകൂടിയ ഫോണുകൾ, ആഭരണങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവ മാത്രം മോഷ്‌ടിച്ചിരുന്ന ബണ്ടിയെ കഴിഞ്ഞദിവസം വീണ്ടും പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇത്തവണ മോഷണസാമഗ്രികളില്‍ കണ്ടെടുക്കാനായത് ഷൂസ്, സ്ലിപ്പറുകൾ, പഴ്‌സ്, ടിവി സെറ്റ് ടോപ്പ് ബോക്‌സ്, പ്രിന്‍ററുകൾ തുടങ്ങി താരതമ്യേന വിലകുറഞ്ഞ വസ്‌തുക്കളും. ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് കാണ്‍പൂരിലെ ദെഹാത്തില്‍ നിന്നാണ് ബണ്ടിയെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് മോഷ്‌ടിച്ച സാധനങ്ങള്‍ കണ്ടെടുത്തപ്പോഴാണ് പഴയ പ്രതാപത്തോട് യാതൊരു ബന്ധവുമില്ലാത്ത വസ്‌തുക്കള്‍ കണ്ടെടുക്കുന്നത്.

ആരായിരുന്നു ബണ്ടി ചോര്‍: വലിയ മോഷണങ്ങള്‍ നടത്തിയ ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നത് ബണ്ടിയുടെ ശീലമായിരുന്നു. തുടര്‍ന്ന് കയ്യിലെ പണം കുറഞ്ഞുതുടങ്ങുന്നതോടെ അടുത്ത മോഷണത്തിലേക്കിറങ്ങും. മാത്രമല്ല താമസിച്ചിറങ്ങുന്ന ഹോട്ടലുകളില്‍ നിന്നും ബണ്ടി വസ്‌തുവകകള്‍ മോഷ്‌ടിക്കാറുണ്ടായിരുന്നു. ഇതിനിടെ വീടുവിട്ടിറങ്ങിയ ബണ്ടി പൂർണമായും മോഷണത്തിൽ ഏർപ്പെട്ടു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇയാളുമായുള്ള ബന്ധവും അവസാനിപ്പിച്ചു.

തുടര്‍ന്ന് ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ ബണ്ടിയെ അംഗീകരിക്കാതെ വന്നതോടെ വീണ്ടും തെരുവിലോട്ടിറങ്ങി. അതിനുപിറകെയുള്ള മോഷണങ്ങളിലൊന്നിലാണ് പിടിയിലാകുന്നതും ജയിലഴിക്കുള്ളിലേക്ക് നീങ്ങുന്നതും. 10 വർഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബണ്ടിയുടെ കയ്യില്‍ പണമായോ വസ്‌തുവകകളായോ ഒന്നും അവശേഷിച്ചിരുന്നില്ല. മടങ്ങിപ്പോകാന്‍ വീടുപോലും ഇല്ലാതായതോടെ ചെരുപ്പ് മുതൽ വസ്‌ത്രങ്ങൾ വരെ മോഷ്‌ടിക്കുന്നതിലേക്ക് മാറി.

പൊലീസ് പിടിയിലാകുന്നത്: 10 വർഷം മുമ്പ് അറസ്‌റ്റ് ചെയ്യുമ്പോൾ ബണ്ടിക്ക് 42 മുതല്‍ 43 വയസായിരുന്നു പ്രായമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പത്ത് വര്‍ഷത്തെ കാരാഗ്രഹവാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇത് 53 വയസായി. ഈ പത്ത് വര്‍ഷക്കാലം മൊബൈല്‍ഫോണില്‍ നിന്നും നൂതന സാങ്കേതിക വിദ്യകളില്‍ നിന്നും അകന്നതാണ് ബണ്ടിയെ ഏറ്റവുമൊടുവില്‍ കുടുക്കിയതും. അതായത് ഗ്രേറ്റർ കൈലാഷിലെ എസ്ബിഐ ഗസ്‌റ്റ് ഹൗസിൽ വിലകൂടിയ മൂന്ന് ഫോണുകള്‍ മോഷണം കഴിഞ്ഞിറങ്ങിയ ബണ്ടിക്ക് ഇതിലൊന്ന് സ്വിച്ച് ഓഫ് ചെയ്യാൻ കഴിയാതെ വന്നു. സാങ്കേതികവിദ്യയിലെ ഈ പരിചയക്കുറവ് 24 മണിക്കൂറിനുള്ളിൽ തന്നെ ബണ്ടിയെ പൊലീസ് പിടിയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം ബണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഓയേ ലക്കി ലക്കി ഓയെ എന്ന സൂപ്പർഹിറ്റ് ചിത്രം ബോളിവുഡിലെത്തിയത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തില്‍ അഭയ് ഡിയോളാണ് ബണ്ടിയായി വേഷമിട്ടത്. മാത്രമല്ല ബിഗ് ബോസ് എന്ന പ്രസിദ്ധമായ പരിപാടിയുടെ ഭാഗമായയാള്‍ കൂടിയാണ് ബണ്ടി ചോര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.