ETV Bharat / bharat

പൊളിക്കാനെടുത്ത വീട്ടിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ മോഷ്‌ടിച്ചു; തൊഴിലാളികൾ അറസ്‌റ്റിൽ

author img

By ETV Bharat Kerala Team

Published : Jan 4, 2024, 8:19 PM IST

Vintage Gold Coins Stolen : കരാർ പ്രകാരം വീട് പൊളിക്കുന്നതിനിടെയാണ് ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വർണനാണയങ്ങൾ ലഭിച്ചത്. വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിയ്ക്കുന്നതിന് പകരം ഇവർ നാണയങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു.

Etv Bharat
Vintage Gold Coins Stolen From Gujarat Home- 5 Arrested

നവസാരി: പൊളിക്കാൻ വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്ന് പുരാതനമായ സ്വർണ്ണ നാണയങ്ങൾ മോഷ്‌ടിച്ച കേസിൽ അഞ്ച് പേര്‍ അറസ്‌റ്റില്‍. ഗുജറാത്തിലെ നവസാരിയിലാണ് സംഭവം. കരാർ പ്രകാരം വീട് പൊളിക്കുന്നതിനിടെയാണ് ഇവർക്ക് ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വർണനാണയങ്ങൾ ലഭിച്ചത്. ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ചിത്രം കൊത്തിവച്ചിട്ടുള്ള നാണയങ്ങളാണിവ. (Vintage Gold Coins Stolen From Gujarat Home- 5 Arrested)

കെട്ടിടം പൊളിക്കാൻ കൊണ്ടുവന്ന തൊഴിലാളികളാണ് നാണയങ്ങൾ മോഷ്‌ടിച്ചത്. സ്വർണ്ണ നാണയങ്ങൾ ലഭിച്ച വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് പകരം ഇവർ കൈവശപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് തൊഴിലാളികൾ അറസ്‌റ്റിലാകുന്നത്.

നാല് തൊഴിലാളികളിൽ നിന്ന് 199 സ്വർണ്ണ നാണയങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് മുകേഷ് ബയാടിയ എന്ന തൊഴിലാളിയുടെ പക്കൽ 41 സ്വർണനാണയങ്ങൾ ഉള്ളതായി വിവരം ലഭിച്ചു. ഇയാൾ 5.81 ലക്ഷം രൂപയ്ക്ക് പണയം വച്ചിരുന്ന നാണയങ്ങളും പൊലീസ് കണ്ടെടുത്തു. ഇതുവരെ നടന്ന അന്വേഷണത്തിനിടെ ഇതുവരെ 240 നാണയങ്ങൾ കണ്ടെടുക്കാനായതായും അവയ്ക്ക് ഒരു കോടിയ്ക്ക് മുകളിൽ മൂല്യം വരുമെന്നും നവസാരി പൊലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ പറഞ്ഞു.

ബസാർ സ്ട്രീറ്റിലുള്ള വീട് ഇപ്പോൾ ഇംഗ്ലണ്ടിലെ ലെസ്‌റ്ററിൽ താമസിക്കുന്ന പ്രവാസിയായ ഹവാബെൻ ബാലിയയുടേതാണെന്നും എസ്‌പി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് വീട് പൊളിക്കാൻ വാടകയ്‌ക്കെടുത്ത കരാറുകാരൻ സർഫറാസ് കരാദിയയ്ക്കും അലിരാജ്‌പൂർ സ്വദേശികളായ നാല് തൊഴിലാളികൾക്കുമെതിരെ വീട്ടുടമ ബാലിയ പരാതി നൽകുന്നത്.

അന്വേഷണം തുടങ്ങി രണ്ട് മാസത്തിന് ശേഷം ഡിസംബറിൽ തന്നെ കരാറുകാരനെയും നാല് തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. അഞ്ച് പ്രതികൾക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമം 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 114 (പ്രേരണ കുറ്റം) എന്നിവ ചുമത്തിയിട്ടുണ്ടെന്ന് എസ്‌പി പറഞ്ഞു. അറസ്‌റ്റിലായവർ കുറ്റം സമ്മതിച്ചതായും എസ്‌പി സുശീൽ അഗർവാൾ പറഞ്ഞു.

Also Read: ഭാര്യയെ ശല്യം ചെയ്‌തയാളെ ഗള്‍ഫുകാരനായ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ചു: പ്രതികള്‍ പിടിയില്‍

പൊലീസുകാരും കള്ളന്മാരെന്ന് പ്രതികൾ: അതേസമയം ചില പോലീസുകാർ തങ്ങളുടെ പക്കൽ നിന്ന് നാണയങ്ങൾ മോഷ്‌ടിച്ചതായി അറസ്‌റ്റിലായ തൊഴിലാളികളിലൊരാൾ പരാതിപ്പെട്ടു. പരാതിയിൽ അലിരാജ്‌പൂരിലെ സോണ്ട്ബ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ മധ്യപ്രദേശിൽ നിന്നുള്ള നാല് പോലീസുകാരെ അറസ്‌റ്റ് ചെയ്‌തതായാണ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.