ETV Bharat / bharat

മുസ്‌ലിം യുവാവുമായി മകളുടെ വിവാഹമുറപ്പിച്ച ബിജെപി നേതാവിന്‍റെ കോലം കത്തിച്ചടക്കം പ്രതിഷേധം ; കല്യാണം മുടങ്ങി

author img

By

Published : May 21, 2023, 11:04 AM IST

ബെനാം എന്ന ബിജെപി നേതാവിന്‍റെ മകളുടെ വിവാഹമാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം മൂലം റദ്ദാക്കിയത്. ഇത്തരമൊരു വിവാഹത്തെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് വിഎച്ച്പി നേതാവ് ദീപക് ഗൗഡ്

Kerala Story  BJP leader cancels daughter marriage to Muslim man  BJP  കേരള സ്റ്റോറി ഇഫക്‌ട്  ബിജെപി നേതാവിന്‍റെ കോലം കത്തിച്ചു  വിവാഹം റദ്ദാക്കി  ഹിന്ദുത്വ സംഘടന  വിഎച്ച്പി  ദി കേരള സ്റ്റോറി
ഉത്തരാഖണ്ഡില്‍ 'കേരള സ്റ്റോറി ഇഫക്‌ട്'

പൗരി (ഉത്തരാഖണ്ഡ്) : ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മുസ്‌ലിം യുവാവുമായി നടത്താനിരുന്ന മകളുടെ വിവാഹം റദ്ദാക്കാന്‍ നിര്‍ബന്ധിതനായി ബിജെപി നേതാവ്. ബെനാം എന്ന ബിജെപി നേതാവിന്‍റെ മകളുടെ വിവാഹമാണ് മുടങ്ങിയത്. ബെനാമിന്‍റ മകള്‍ മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ വെള്ളിയാഴ്‌ച ഝന്ദ ചൗക്കില്‍ ഇയാളുടെ കോലം കത്തിച്ചിരുന്നു.

'ദി കേരള സ്റ്റോറി' സിനിമയുയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. വിഎച്ച്‌പി, ഭൈരവസേന, ബജ്‌റംഗ്‌ദൾ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇത്തരമൊരു വിവാഹത്തെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് ജില്ല വിഎച്ച്പി വർക്കിങ് പ്രസിഡന്‍റ് ദീപക് ഗൗഡ് പറഞ്ഞു.

ബിജെപി നേതാവിന്‍റെ മകളുടെ വിവാഹ കാർഡിന്‍റെ ഫോട്ടോ വ്യാഴാഴ്‌ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് എതിര്‍പ്പുകള്‍ ശക്തമായത്. തന്‍റെ മകളുടെ സന്തോഷത്തിനായി അവള്‍ക്ക് ഇഷ്‌ടമുള്ള വിവാഹം നടത്തുന്നു എന്ന് ബെനാം നേരത്തേ പറഞ്ഞിരുന്നു. 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോഴുണ്ടായ വിമര്‍ശനവും പിന്നാലെ തന്‍റെ കോലം കത്തിച്ചതുള്‍പ്പടെയുള്ള പ്രതിഷേധങ്ങളും കണക്കിലെടുത്ത് വിവാഹം റദ്ദാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ദി കേരള സ്റ്റോറി ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. വിവാഹത്തിലൂടെ ഇസ്‌ലാം മതം സ്വീകരിച്ച് ഐഎസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന മൂന്ന് സ്‌ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ ചിത്രം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നു. പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സിനിമയുടെ പ്രദര്‍ശനം സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

സംസ്ഥാനത്ത് മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്തണം എന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാളില്‍ മമത ബാനര്‍ജി ദി കേരള സ്റ്റോറിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളില്‍ നിന്നും പ്രിന്‍റ് നീക്കം ചെയ്യാന്‍ മമത ചീഫ് സെക്രട്ടറിയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബംഗാളിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇരുസംസ്ഥാനങ്ങളോടും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരു പ്രശ്‌നവും കൂടാതെ ചിത്രം പ്രദര്‍ശിപ്പിക്കാമെങ്കില്‍ ബംഗാളിന് എന്താണ് പ്രശ്‌നം എന്നായിരുന്നു കോടതി ചോദിച്ചത്. കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകന് ഇതിനിടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിനിമയിലൂടെ ഒരു നല്ലകാര്യവും കാണിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നുമാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം വിവാദങ്ങള്‍ക്കിടയിലും 'ദി കേരള സ്‌റ്റോറി' നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. 20 കോടി രൂപ ബജറ്റില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്‌ത ചിത്രം മെയ് 5 നാണ് തിയേറ്ററുകളിലെത്തിയത്. വിപുല്‍ ഷാ നിർമിച്ച സിനിമ ഹിന്ദി ഭാഷയിലാണ് ചിത്രീകരിച്ചത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.