ETV Bharat / bharat

വ്യവസായിയുടെ ജീവനക്കാരനില്‍ നിന്ന് കവര്‍ന്ന പണം പങ്കിട്ടു; യുപിയില്‍ 7 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

author img

By

Published : Jun 12, 2023, 12:05 PM IST

കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് സജീവ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

7 UP cops dismissed  UP cops dismissed for their role in robbery  UP cops dismissed  കവര്‍ന്ന പണം പങ്കിട്ടു  സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു  ഇന്‍സ്‌പെക്‌ടര്‍ രമാകാന്ത് ദുബെ  ഭേലുപൂര്‍ പൊലീസ്  ഭേലുപൂര്‍  വാരണാസി  കവര്‍ച്ച
UP cops dismissed

വാരാണസി: ഗുജറാത്ത് ആസ്ഥാനമായുള്ള വ്യവസായിയുടെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി 1.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. യുപിയിലെ 'പ്രേത സാന്നിധ്യ'ത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ഇന്‍സ്‌പെക്‌ടര്‍ രമാകാന്ത് ദുബെ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പിരിച്ചുവിട്ട ഏഴുപേരും വാരാണസി ഭേലുപൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു.

കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ പൊലീസുകാര്‍ക്ക് സജീവ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എസ്എച്ച്ഒ രമാകാന്ത് ദുബെ, സബ് ഇൻസ്പെക്‌ടർമാരായ സുശീൽ കുമാർ, മഹേഷ് കുമാർ, ഉത്കർഷ് ചതുർവേദി, കോൺസ്റ്റബിൾമാരായ മഹേന്ദ്ര കുമാർ പട്ടേൽ, കപിൽ ദേവ് പാണ്ഡെ, ശിവചന്ദ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. മെയ്‌ 31 ന് ഭേലുപൂര്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 92.94 ലക്ഷം രൂപ കണ്ടെടുത്തതായാണ് ഭേലുപൂര്‍ പൊലീസ് അവകാശപ്പെട്ടത്. ഇതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്ത് ആസ്ഥാനമായുള്ള വ്യവസായിയുടെ ജീവനക്കാരന്‍ തന്നെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.

ജീവനക്കാരന്‍റെ പക്കല്‍ നിന്നും നഷ്‌ടപ്പെട്ട പണമാണ് കാറില്‍ കണ്ടെത്തിയത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. പണം പൊലീസുകാര്‍ പങ്കിട്ടെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസുകാരില്‍ ഒരാള്‍ തന്‍റെ വിഹിതത്തില്‍ അതൃപ്‌തനായതോടെയാണ് വിവരം പുറത്തറിഞ്ഞത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി നേരത്തെ ഇവരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. 1.4 കോടി രൂപ കവർന്ന കേസിൽ അന്വേഷണം തുടരുകയാണെന്നും ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പിരിച്ചുവിട്ട ഏഴ് പൊലീസുകാർക്കെതിരെ കേസെടുക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2022 സെപ്‌റ്റംബറില്‍ യുപിയിലെ വ്യത്യസ്‌തമായ ഒരു കേസ് അന്വേഷിച്ച ഇന്‍സ്‌പെക്‌ടറും പിരിച്ചുവിട്ട ഉദ്യോഗസ്ഥരില്‍ ഉണ്ട്. ജനവാസ മേഖലയില്‍ ആളുകളെ ഭയപ്പെടുത്തി ഒരു വെള്ള വസ്‌ത്രധാരി സ്വൈര്യ വിഹാരം നടത്തുന്നു എന്ന തരത്തില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. പ്രദേശത്ത് പ്രേത സാന്നിധ്യം ഉണ്ടെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍സ്‌പെക്‌ടര്‍ രമാകാന്ത് ദുബെ അന്വേഷണം ആരംഭിച്ചു. ജനങ്ങളുടെ പരാതിയില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസെടുത്തതായും മേഖലയില്‍ പട്രോളിങ് ശക്തമാക്കിയതായും അന്ന് ദുബെ പറഞ്ഞിരുന്നു.

മാമ്പഴം മോഷ്‌ടിച്ച് പൊലീസുകാരന്‍: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് പൊലീസുകാരന്‍ മാമ്പഴം മോഷ്‌ടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബ് ആണ് പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ചത്. പിന്നീട് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയാണ് ഉണ്ടായത്.

മാങ്ങ മോഷണ കേസിന് പുറമെ ഷിഹാബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് ശിഹാബ് മാമ്പഴം മോഷ്‌ടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു സംഭവം. ഇയാള്‍ കടയില്‍ നിന്നും മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലെ സ്റ്റോറേജിലാക്കി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Also Read: മാങ്ങ മോഷണം മാത്രമല്ല, ബലാത്സംഗ കേസിലും പ്രതി; ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരൻ പി വി ഷിഹാബിനെ പിരിച്ചുവിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.