ETV Bharat / bharat

ഋഷി സുനകിന്‍റെ കോർ കമ്മിറ്റിയിൽ ഇടംനേടി ബിഹാർ സ്വദേശി പ്രജ്വൽ പാണ്ഡെ

author img

By

Published : Oct 28, 2022, 10:51 PM IST

Updated : Nov 5, 2022, 9:28 PM IST

19 വയസ് മാത്രം പ്രായമുള്ള പ്രജ്വൽ പാണ്ഡെ 16-ാം വയസിലാണ് കൺസർവേറ്റീവ് പാർട്ടിയിൽ അംഗമാകുന്നത്. അദ്ദേഹത്തിന്‍റെ നേട്ടത്തിൽ ഇന്ത്യയിലെ കുടുംബാംഗങ്ങൾ ആഹ്ലാദത്തിലാണ്.

UK PM Rishi  പ്രജ്വൽ പാണ്ഡെ  ഋഷി സുനക്  ഋഷി സുനക് കോർ കമ്മിറ്റി  ഋഷി സുനക് കോർ കമ്മിറ്റി പ്രജ്വൽ പാണ്ഡെ  ബിഹാർ സ്വദേശി പ്രജ്വൽ പാണ്ഡെ  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്  UK PM Rishi Sunak  Rishi Sunak Core Committee  Bihar youth prajwal pandey  prajwal pandey in Rishi Sunak Core Committee  കൺസർവേറ്റീവ് പാർട്ടി
ഋഷി സുനകിന്‍റെ കോർ കമ്മിറ്റിയിൽ ഇടംനേടി ബിഹാർ സ്വദേശി പ്രജ്വൽ പാണ്ഡെ

സിവാൻ (ബിഹാർ): ബ്രിട്ടനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ 30 അംഗ കോർ കമ്മിറ്റിയിൽ ബിഹാർ സ്വദേശിയും. സിവാൻ ജില്ലയിലെ ജമാപൂർ സ്വദേശിയായ പ്രജ്വൽ പാണ്ഡെ ആണ് ഋഷി സുനകിന്‍റെ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ. എന്നാൽ വെറും 19 വയസ് മാത്രമാണ് പ്രജ്വൽ പാണ്ഡെയുടെ പ്രായം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.

ഋഷി സുനകിന്‍റെ കോർ കമ്മിറ്റിയിൽ ഇടംനേടി ബിഹാർ സ്വദേശി പ്രജ്വൽ പാണ്ഡെ

ജാർഖണ്ഡിലെ സിന്ദ്രിയിൽ താമസിച്ചിരുന്ന പ്രജ്വൽ 2019ൽ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി. 2019ൽ യുകെ യൂത്ത് പാർലമെന്‍റ് അംഗമായി റെക്കോഡ് വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രജ്വൽ 16-ാം വയസിൽ പാർലമെന്‍റിനെ അഭിസംബോധന ചെയ്‌തു.

16-ാം വയസിൽ രാഷ്‌ട്രീയത്തിലേക്ക്: 2019ൽ ചെംസ്‌ഫോർഡ് യൂത്ത് സ്ട്രാറ്റജി ഗ്രൂപ്പിന്‍റെ വൈസ് ചെയർമാനായും 2020ൽ എസെക്‌സ് ക്ലൈമറ്റ് ആക്ഷൻ കമ്മിഷന്‍റെ കോ-ചെയർമാനായും പ്രജ്വൽ തെരഞ്ഞെടുക്കപ്പെട്ടു. കാലാവസ്ഥ നയം തയാറാക്കുന്നതിൽ ഐക്യരാഷ്‌ട്രസഭയുടെ മുഖ്യ ശാസ്ത്രജ്ഞനുമായും ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങളുമായും പ്രവർത്തിച്ചു.

2021ൽ നടത്തിയ ഹാർവാർഡ് ഇന്‍റർനാഷണൽ ഇക്കണോമിക്‌സ് ഉപന്യാസ മത്സരത്തിലെ വിജയി ആയിരുന്നു പ്രജ്വൽ. സുനകിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബ്രിട്ടന്‍റെ ഭാവി നികുതി നയം, വരുമാനം, വിദ്യാഭ്യാസം, വിദേശ, പ്രതിരോധ നയങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രജ്വൽ ഉന്നയിച്ചിരുന്നു. 2022 ഓഗസ്റ്റിൽ ലിസ് ട്രസിനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുനക് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പ്രധാന പ്രചാരണ സംഘത്തിൽ ചേരാൻ പ്രജ്വൽ ക്ഷണിക്കപ്പെട്ടിരുന്നു.

ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പ്രജ്വലിന്‍റെ പിതാവ് രാജേഷ് പാണ്ഡെ. മാതാവ് മനീഷ ബ്രിട്ടനിൽ സർക്കാർ സ്‌കൂൾ അധ്യാപികയാണ്. സഹോദരി പ്രഞ്ജൽ പാണ്ഡെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ എംബിബിഎസ് വിദ്യാർഥിയാണ്. മുത്തശ്ശൻ ബാഗീഷ് ദത്ത് പാണ്ഡെ കുടുംബത്തോടൊപ്പം സിന്ദ്രിയിൽ താമസിക്കുന്നു. സുനകിന്‍റെ കമ്യൂണിക്കേഷൻ ആൻഡ് ഔട്ട്റീച്ച് വിഭാഗത്തിന് നേതൃത്വം നൽകുന്നത് പ്രജ്വൽ ആണ്.

ആഹ്ലാദത്തിൽ പ്രജ്വലിന്‍റെ കുടുംബാംഗങ്ങൾ: പ്രജ്വൽ ഋഷി സുനകിന്‍റെ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ആഹ്ലാദത്തിലാണ് സിന്ദ്രിയിലെ പ്രജ്വലിന്‍റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ചെറുപ്രായത്തിൽ തന്നെ പ്രജ്വൽ വിജയം കൈവരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രജ്വലിന്‍റെ മുത്തശ്ശൻ ബാഗീഷ് ദത്ത് പാണ്ഡെ ഇടിവി ഭാരത് റിപ്പോർട്ടറോട് പറഞ്ഞു. പ്രജ്വൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്ക് അതുമതി. ജോലിയ്ക്കായി ബ്രിട്ടനിലേക്ക് അയച്ച പ്രജ്വൽ രാഷ്‌ട്രീയത്തിൽ ചേർന്നു. കോർ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത കേട്ട് എല്ലാവരും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്‍റെ മധുരം രുചിക്കാൻ പ്രജ്വലിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്. എന്നാൽ പ്രജ്വൽ കൂടുതൽ അധ്വാനിക്കുകയും രാജ്യത്തിന് അഭിമാനമാകുകയും ചെയ്‌താൽ ഞങ്ങൾ കൂടുതൽ സന്തോഷിക്കുമെന്ന് അദ്ദേഹത്തിന്‍റെ മുത്തശ്ശി റാംസുമേരി ദേവി പറഞ്ഞു.

ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ചു. ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലാണ്. പ്രജ്വൽ എപ്പോഴും തന്‍റെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിജയം നേടാൻ കഠിനാധ്വാനം ചെയ്‌തുവെന്നും പ്രജ്വലിന്‍റെ അമ്മാവൻ അമിത് പറഞ്ഞു.

പ്രജ്വൽ ബിഹാറിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനം കൊണ്ടുവന്നുവെന്ന് അദ്ദേഹത്തിന്‍റെ ബന്ധു വിനീത് കുമാർ ദ്വിവേദി പറയുന്നു. ബിഹാറിലെ ജന്മഗ്രാമത്തോട് പ്രജ്വൽ ഇപ്പോഴും അടുപ്പം സൂക്ഷിക്കാറുണ്ട്. ഇടയ്ക്ക് പ്രജ്വൽ തന്‍റെ ഗ്രാമം സന്ദർശിക്കാറുണ്ടെന്നും വിനീത് കുമാർ ദ്വിവേദി പറഞ്ഞു.

Last Updated : Nov 5, 2022, 9:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.