ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അതിരൂക്ഷ ശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത് എട്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനില. ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് 'കോള്‍ഡ് വേവ്' മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ താപനിലയും, ഉയര്‍ന്ന ഈര്‍പ്പവും, കാറ്റുമാണ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂടല്‍ മഞ്ഞിന് കാരണം.
അടുത്ത 48 മണിക്കൂറില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ താപനിലയില്‍ നിന്നും 1മുതല്‍ 2 ഡിഗ്രി വരെയായി കുറയുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്ന് പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ തലവന്‍ ഡോ, കുല്‍ദീപ് ശ്രിവാസ്‌ത പറഞ്ഞു. ഡല്‍ഹിയില്‍ അടുത്ത രണ്ട് ദിവസത്തില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യയുള്ളതിനാല്‍ 100 മീറ്റർ മാത്രമെ ദൂരക്കാഴ്‌ചയ്‌ക്ക് സാധ്യതയുള്ളുവെന്ന് കുല്‍ദീപ് ശ്രിവാസ്‌ത അറിയിച്ചു.
അടുത്ത രണ്ട് മൂന്ന് ദിവസത്തില്‍ താപനില 6-7 വരെയായി കുറയും. പഞ്ചാബില്‍ ദൂരക്കാഴ്‌ച വെറും 10 മീറ്ററായി കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മാത്രമല്ല, കട്ടിയുള്ള മഞ്ഞു പാളികള്‍ രാവിലെ സൂര്യപ്രകാശം കടക്കുന്നതില്‍ തടസം സൃഷ്‌ടിക്കുന്നുണ്ട്. തണുത്ത കാറ്റും കാലാവസ്ഥ കൂടുതല്‍ വഷളാകുവാന്‍ കാരണമായിട്ടുണ്ട്.