ETV Bharat / bharat

വിവാദങ്ങൾക്കൊടുവിൽ 'ദി കേരള സ്റ്റോറി' ബിഗ് സ്‌ക്രീനിലേക്ക്; പ്രദർശനങ്ങൾ റദ്ദാക്കി തിയേറ്ററുകൾ

author img

By

Published : May 5, 2023, 12:50 PM IST

എറണാകുളം ജില്ലയിൽ ഷേണായിസ്, കാർണിവൽ സിനിമാസ്, ദർശന സിനിമ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

The Kerala Story  Kerala Story  Chief Minister Pinarayi Vijayan  theatres cancel Kerala Story  Adah Sharma  Islamic Conversion  Kerala  Kerala Story controversy  Kerala Story shows cancelled  Kerala Story release  ദി കേരള സ്റ്റോറി  കേരള സ്റ്റോറി  സുദീപ്‌തോ സെൻ  വിപിൽ അമൃത്‌ലാൽ ഷാ  ദി കേരള സ്റ്റോറി വിവാദം
ദി കേരള സ്റ്റോറി

എറണാകുളം: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബോളിവുഡ് ചിത്രം 'ദി കേരള സ്റ്റോറി'യുടെ പ്രദർശനങ്ങൾ റദ്ദാക്കി കേരളത്തിലെ തീയേറ്ററുകൾ. എറണാകുളം ജില്ലയിലെ ലുലു മാളിലെയും ഒബ്റോണ്‍ മാളിലെയും പിവിആർ സിനിമാസും സെന്‍റർ സ്‌ക്വയർ മാളിലെ സിനിപോളിസുമാണ് റിലീസ് ദിവസം തന്നെ ചിത്രത്തിന്‍റെ പ്രദർശനങ്ങൾ റദ്ദാക്കിയത്. എന്നാൽ റിലീസിൽ നിന്ന് പിന്മാറിയതിന്‍റെ കാരണം തിയേറ്ററുകൾ വ്യക്‌തമാക്കിയിട്ടില്ല.

നിലവിൽ എറണാകുളം ജില്ലയിൽ മൂന്ന് തിയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചി നഗരത്തിൽ ഷേണായിസിൽ മാത്രമാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കരിയാട് കാർണിവൽ സിനിമാസ്, പിറവത്ത് ദർശന സിനിമ കോംപ്ലക്‌സ് എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. നേരത്തെ കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ വിതരണക്കാരുമായി തിയേറ്ററുകൾ ധാരണയിലെത്തിയിരുന്നു.

എന്നാൽ റിലീസിന് തൊട്ടുമുമ്പ് തിയേറ്ററുകൾ പിൻമാറുകയായിരുന്നു. പിന്നീട് 17 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനമാകുകയായിരുന്നു. റിലീസിന് മുന്നോടിയായി പല തിയേറ്ററുകളും പിന്മാറിയതിനാൽ ഇന്ന് എത്ര തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നു എന്ന കാര്യം വ്യക്‌തമല്ല. അതേസമയം പ്രതിഷേധം ഭയന്നാണ് തിയേറ്ററുകൾ റിലീസിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം.

ALSO READ: 'കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെങ്കിൽ തടയേണ്ടത് കേരള സർക്കാർ': ദി കേരള സ്‌റ്റോറി വിഷയത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

സുദീപ്തോ സെൻ സംവിധാനം ചെയ്‌ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച 'ദി കേരള സ്റ്റോറി' റിലീസിന് മുൻപേ തന്നെ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 32,000 പെണ്‍കുട്ടികളെ ഇത്തരത്തിൽ മതപരിവർത്തനം നടത്തി എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ അവകാശ വാദം.

എന്നാൽ ഈ പ്രസ്‌താവനക്കെതിരെ വലിയ വിവാദങ്ങൾ ഉണ്ടായതോടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ 32,000 എന്നത് 3 ആക്കി മാറ്റുകയായിരുന്നു. കൂടാതെ ഏഴോളം മാറ്റങ്ങൾ സെൻസർ ബോർഡും ചിത്രത്തിന് നിർദേശിച്ചിരുന്നു. അതേസമയം വർഗീയ ധ്രുവീകരണവും കേരളത്തിനെതിരെ വിദ്വേഷ പ്രചരണവും ലക്ഷ്യമിട്ട് ബോധപൂർവമാണ് ചിത്രം നിർമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

കേരള സ്റ്റോറി എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സംശയത്തിന്‍റെ നിഴൽ വീഴ്ത്തി സാമൂഹിക ഭിന്നത സൃഷ്‌ടിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സിനിമയെന്നും വ്യാജ പ്രചാരണം നടത്തുന്ന ഈ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

'ഇത് നിങ്ങളുടെ കേരള സ്റ്റോറിയായിരിക്കാം, എന്നാൽ ഞങ്ങളുടേതല്ല' എന്നായിരുന്നു ശശി തരൂർ എംപി ട്വീറ്റ് ചെയ്‌തത്. വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മുസ്‌ലിം പള്ളിക്കമ്മിറ്റി പള്ളിയങ്കണത്തിൽ വച്ച് ഹിന്ദു ദമ്പതികളുടെ വിവാഹം നടത്തുന്ന വീഡിയോ സംഗീത മാന്ത്രികൻ എ ആർ റഹ്‌മാൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ALSO READ: 'ഇതാണ് കേരളം, ഇതാണ് ദി റിയല്‍ കേരള സ്റ്റോറി': വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.