ETV Bharat / bharat

തെലങ്കാന ഓപ്പറേഷന്‍ താമര : പിടിയിലായ മൂന്നുപേരെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം

author img

By

Published : Nov 12, 2022, 7:32 PM IST

ടിആർഎസ് എംഎൽഎമാര്‍  ടിആർഎസ്  തെലങ്കാന ഓപ്പറേഷന്‍ താമര  Telangana Operation lotus  Telangana MLAs poaching case  SIT interrogates accused telangana poaching case  Telangana TRS MLAs poaching case
തെലങ്കാന ഓപ്പറേഷന്‍ താമര: സിംഹയാജി സ്വാമിയെയടക്കം മൂന്നുപേരെ ചോദ്യം ചെയ്‌ത് എസ്‌ഐടി

നാല് ടിആർഎസ് എംഎൽഎമാര്‍ക്കായി 100 കോടി വാഗ്‌ദാനം ചെയ്‌ത് ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് കേസ്

ഹൈദരാബാദ് : ടിആർഎസ് എംഎൽഎമാരെ പണം നല്‍കി സ്വാധീനിയ്ക്കാ‌ന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട് നവംബര്‍ 11ന് പ്രതികളായ രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയതായി എസ്‌ഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി വാഗ്‌ദാനം, 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

നാല് ടിആർഎസ് എംഎൽഎമാരെ ബിജെപിയിൽ ചേര്‍ക്കാന്‍ പ്രലോഭിപ്പിച്ച് 100 കോടി വാഗ്‌ദാനം ചെയ്‌തുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്. ടിആർഎസ് തന്തൂർ എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നവംബര്‍ 11നാണ് കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഏഴംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചത്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സിവി ആനന്ദിന്‍റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘത്തില്‍ നൽഗൊണ്ട എസ്‌പി രമ രാജേശ്വരി, സൈബറാബാദ് ഡിസിപി (ക്രൈം) കൽമേശ്വര്‍ ഷിംഗേനാവർ, ഷംഷാബാദ് ഡിസിപി ആർ ജഗദീശ്വർ റെഡ്ഡി എന്നിവരാണുള്ളത്.

പിടികൂടിയത് ഫാം ഹൗസില്‍ നിന്നും : ഒക്‌ടോബര്‍ 27 ന് രാത്രിയാണ് തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) എംഎൽഎമാരെ ഓപ്പറേഷൻ താമരയിലൂടെ വരുതിയിലാക്കാന്‍ എത്തിയ മൂന്ന് ഇടനിലക്കാര്‍ പൊലീസിന്‍റെ പിടിയിലായത്. ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന്, സംഭവത്തില്‍ ബിഡിജെഎസ്‌ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രംഗത്തെത്തി. നടന്നത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.