ETV Bharat / bharat

'മഴയും മഞ്ഞും വെയിലും കൊള്ളുന്ന തേയിലച്ചെടി': ഒരു ചായ കുടിക്കാൻ തോന്നുന്ന കഥ...

author img

By

Published : Aug 12, 2023, 5:36 PM IST

എല്ലാ വർഷവും മെയ് 21ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്.

Tea plant history making variety TEA POWDER MAKING
ചായക്കഥ

ഒരു ചായ കുടിക്കാൻ തോന്നുന്ന കഥ...

യരം കൂടുന്തോറും ചായയുടെ രുചിയും കൂടുമെന്നാണ് പ്രശസ്‌തമായ ഒരു പരസ്യ വാചകം. രുചി മാത്രമല്ല, ചായ കുടിച്ചാല്‍ അതൊരു ഉൻമേഷം കൂടിയാണെന്ന് പറയുന്നവരുമുണ്ട്. സഹസ്രാബ്‌ദങ്ങൾക്ക് മുൻപ് ചൈനയിലെ രാജാവില്‍ നിന്ന് തുടങ്ങിയ ചായക്കഥ ഇന്ന് ലോകത്തിന്‍റെയാകെ രുചിയായി മാറിയത് ചരിത്രമാണ്. ഒരു ഇല നല്‍കുന്ന ഉന്മേഷം എന്നതിനപ്പുറം ഒന്നിച്ചിരുന്നൊരു ചായ കുടിച്ചാല്‍ കിട്ടുന്ന സന്തോഷം കൂടിയാണ് ഓരോ ചായക്കഥയിലും നിറയുന്നത്.

കേരളത്തില്‍ മൂന്നാറിലും വയനാട്ടിലും കൊളുന്ത് നുള്ളിയെടുത്ത് അതിനെ തേയിലയാക്കി മാറ്റി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുമ്പോൾ മലയാളിയും ഈ ചായക്കഥയിലെ പ്രധാന കഥാപാത്രമാണ്. പലനാടുകളില്‍ പല പേരുകളിലായി പടർന്ന് കിടക്കുകയാണ് ചായപ്പെരുമ. ഇറാനി ചായയും തന്തൂരി ചായയും നിലോഫർ ചായയുമൊക്കെ കേട്ടവർക്ക് തുർക്കി ചായയും അറേബ്യൻ ചായയും പരീക്ഷിക്കാവുന്നതാണ്.

പക്ഷേ കോഴിക്കോട്ടെ പൊടി തേയില ചായയും, തിരുവനന്തപുരത്തെ അടിച്ചു പതപ്പിച്ച ചായയും മറക്കാനാകില്ലല്ലോ. ചായപ്പെരുമ പാല്‍ ചായും കട്ടൻ ചായയും കടന്ന്, ലൈം ടീ, ജിഞ്ചർ ടീ, ഗ്രീൻ ടീ, തായ് ടീ, കേസർ ചായ, മസാല ചായ, ചോക്‌ളേറ്റ് ചായ... അങ്ങനെ ലോകമാകെ പടർന്നു കഴിഞ്ഞു.

ഇളം മഞ്ഞും മഴയും തണുപ്പും വെയിലുമേറ്റ് വിടരുന്ന തേയിലച്ചെടികൾക്ക് ലോകത്തിനാകെ ഉൻമേഷം പ്രദാനം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയ ആ നിമിഷം, ഒരു കപ്പ് ചായയുമായി ദിവസം ആരംഭിക്കുന്നവർക്ക് അതില്‍ പരം സന്തോഷം മറ്റെന്ത് വേണം.

തേയില ദിനം: എല്ലാ വർഷവും മെയ് 21ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു. ഇതു സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭ 2019 ഡിസംബർ 20 ന് അംഗീകരിച്ചു. ഈ ദിനം മുമ്പ് ആചരിച്ചിരുന്നത് ഡിസംബർ 15 നായിരുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു.

അമിത ഉപയോഗം വേണ്ട: ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷകരമാണെന്ന് യൂറോപ്പിലെ ഗവേഷകർ കണ്ടെത്തിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും വിശദമായ പഠനങ്ങൾ നടക്കുകയാണ്.

also read: ഉന്മഷത്തോടൊപ്പം ആരോഗ്യവും, നിങ്ങളുടെ ഒരുദിനം അത്ഭുതകരമാക്കുന്ന ആറ് ചായകൾ

വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചായ തയ്യാറാക്കാം. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. 'ചാ' എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ഈ പേരിന്റെ ഉൽഭവമെന്നാണ് കരുതപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയങ്ങളിലൊന്നാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്‌.

കൊളുന്തില്‍ തുടങ്ങുന്ന ചായ: തേയിലയിൽ കൊളുന്ത് തന്നെയാണ് അടിസ്ഥാന ഘടകം. ഒരു അമ്മയിലയും രണ്ട് തളിരിലകളും ഒരു മൊട്ടും ചേർന്നതാണ് കൊളുന്ത്. ഓരോ കാലാവസ്ഥയിലും നുള്ളുന്ന കൊളുന്തിന്റെ ഭാരം വ്യത്യസ്തമായിരിക്കും. അന്തരീക്ഷത്തിലെ ആർദ്രത, ചൂടുകാലം, തണുപ്പുകാലം മഴക്കാലം എന്നതിനെ ആശ്രയിച്ചിരിക്കും ഭാരവ്യത്യാസം. ഏത് കാലാവസ്ഥയിലും നുള്ളി എടുക്കുന്ന കൊളുന്തുകളിൽ ജലാംശം ഉണ്ടാകും. തേയില ഉണ്ടാക്കുന്നതിന്‍റെ ആദ്യപടിയായി വിതറിങ് എന്ന് പ്രക്രിയയിലൂടെ ഇലകളിലെ ജലാംശം കളയുകയാണ് ആദ്യം ചെയ്യുക.

also read: വെറും വയറ്റില്‍ ചായ കുടിക്കുന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍

ശേഷം ഒരു ഷ്രഡ്ഡിങ് മെഷീനിലൂടെ ആ ഇലകൾ കടത്തിവിട്ട് ചെറിയ ചെറിയ കഷങ്ങളായി മുറിച്ചു മാറ്റും. അടുത്തപടിയായി റോട്ടർ വേയിലൂടെ ഒരു പ്രീ കണ്ടീഷനിംഗ് പ്രക്രിയയാണ് നടക്കുന്നത്. ക്രഷ് ടയർ ആൻഡ് കേൾ (ctc) എന്ന സംവിധാനം തേയിലയെ നന്നായി അരച്ച് പരുവപ്പെടുത്തുന്നു. തുടർന്ന് സംഭവിക്കുന്ന നിർജ്ജലീകരണ പ്രക്രിയയുടെ അവസാനം തേയില എത്തിച്ചേരുന്നത് വലിയ ഡ്രമ്മുകളിലാണ്. 60 മുതൽ 90 മിനിട്ട് വരെ നീളുന്ന പ്രവർത്തനം തേയിലയുടെ സ്വാദ്, ഗുണനിലവാരം എന്നിവ നിർണ്ണയിക്കും.

കൺവയറുകളിലൂടെ ഡ്രയറിലേക്കും അവിടുന്ന് പാക്കിംഗ് സെക്ഷനുകളിലേക്കും തേയിലയുടെ നിർമ്മാണത്തിലെ സഞ്ചാരപാത തുടരും. തേയിലയിൽ തളിക്കുന്ന കീടനാശിനികൾ ചായയിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നുണ്ടോ എന്നുള്ള പരിശോധനയാണ് പിന്നീട്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധനയില്‍ ബാധകമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.