ETV Bharat / bharat

'ദി കേരള സ്റ്റോറി' നിരോധനം : പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

author img

By

Published : May 18, 2023, 5:22 PM IST

ചിത്രത്തിൽ രണ്ട് ഡിസ്ക്ലെയ്‌മറുകൾ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി സിനിമയുടെ അണിയറ പ്രവർത്തകരോട് നിർദേശിച്ചു

The Kerala Story  SC stays Bengal govt ban  SC stays ban on kerala story  Kerala story  കേരള സ്റ്റോറി  ദി കേരള സ്റ്റോറി  സുപ്രീം കോടതി  ദി കേരള സ്റ്റോറി ബാൻ  കേരള സ്റ്റോറി നിരോധനത്തിന് സ്റ്റേ
കേരള സ്റ്റോറി നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി : വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. മോശം ചിത്രങ്ങൾ ബോക്‌സ് ഓഫിസിൽ തകരുമെന്നും പൊതു അസഹിഷ്‌ണുതയ്‌ക്ക് അംഗീകാരം നൽകാൻ നിയമപരമായ വ്യവസ്ഥകൾ ഉപയോഗിക്കാനാകില്ലെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരോധനം സ്റ്റേ ചെയ്‌തത്.

പൊതുവികാര പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങളെ നിർണയിക്കാനാകില്ലെന്നും സിനിമ ഇഷ്‌ടമല്ലാത്തവർ കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി. അതേസമയം സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നൽകിയതിനാൽ ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്‍റെ കടമയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതിനെതിരെ സംസ്ഥാനങ്ങൾക്ക് അപ്പീൽ നൽകാനാകില്ലെന്ന് ചിത്രത്തിന്‍റെ നിർമാതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതിനെതിരെ ആരും നിയമപരമായ അപ്പീൽ നൽകിയിട്ടില്ലെന്നും അതിനാൽ സിബിഎഫ്‌സി സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അപ്പീൽ നൽകാൻ കഴിയില്ലെന്നും സാൽവെ വാദിച്ചു.

എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജികളിൽ വേനൽ അവധിക്കുശേഷം വാദം കേള്‍ക്കാൻ കോടതി തീരുമാനിച്ചു. അതേസമയം സിനിമയുടെ പൊതു പ്രദർശനമാണ് നിരോധിച്ചതെന്നും ഒടിടിയിൽ കാണുന്നതിൽ പ്രശ്‌നമില്ലെന്നും പശ്ചിമ ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അധികാരം മിതമായി ഉപയോഗിക്കണമെന്നായിരുന്നു സർക്കാരിനോട് കോടതി മറുപടി നൽകിയത്.

കൂടാതെ സിനിമയിൽ രണ്ട് ഡിസ്ക്ലെയ്‌മറുകൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 32,000 സ്‌ത്രീകളെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ലെന്നും, സിനിമ സാങ്കൽപ്പികമാണ് എന്നും ചേർക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൂടാതെ സിനിമ തങ്ങൾ കാണാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് അറിയിച്ചു.

പശ്ചിമ ബംഗാളിന്‍റെ നിരോധനം : 'വ്യാജ വിദ്വേഷ പ്രചരണം' നടത്തിയെന്നാരോപിച്ച് ദി കേരള സ്റ്റോറി നിരോധിച്ച ഏക സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങളെ അപമാനിക്കാൻ വസ്‌തുതകൾ വളച്ചൊടിച്ചാണ് ചിത്രം നിർമിച്ചതെന്നും ബംഗാളിനെയും ഇതേ രീതിയിൽ അപകീർത്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളിന് പിന്നാലെ തമിഴ്‌നാട്ടിലും തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്‌തിരുന്നു. പിന്നാലെ സുപ്രീം കോടതി പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരുകളോട് ഇക്കാര്യത്തിൽ വിശദീകരണവും തേടിയിരുന്നു. രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിൽ ഒരു പ്രശ്‌നവും കൂടാതെ ചിത്രം പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിന് മാത്രം എന്താണ് കുഴപ്പം എന്നായിരുന്നു കോടതി ചോദിച്ചത്.

എന്നാൽ ക്രമസമാധാന പ്രശ്‌നമുണ്ടായേക്കുമെന്നും വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം തകർന്നേക്കാമെന്നുമുള്ള ഇന്‍റലിജൻസ് വിവരം അനുസരിച്ചാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഒരുക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.